കണ്ണീരോടെ കാനറികള്‍

മോസ്‌കോ: കസാന്‍ അരീനയില്‍ ബ്രസീല്‍ ആരാധകരുടെ ഉദ്വേഗം നുരഞ്ഞുയര്‍ന്ന 90 മിനിറ്റ്. രണ്ടാം പകുതിയില്‍ മികച്ച പോരാട്ടവീര്യം പുറത്തെടുത്തിട്ടും കാല്‍പ്പന്തു കളിയെ ജീവശ്വാസമാക്കിയ കാനറിപ്പട തോല്‍വിയിലേക്കു വഴുതിവീഴുന്ന കാഴ്ച.
പിരിമുറുക്കം സഹിക്കാനാവാതെ ഗാലറിയിലെ ബ്രസീല്‍ ആരാധകരും ഒപ്പം ബ്രസീല്‍ ജനതയും ഒന്നടങ്കം ഞെട്ടിത്തരിച്ചു നിന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ലോക കപ്പില്‍ കാനറികളുടെ കണ്ണുനീര്‍ തോരുന്നില്ല.
റഷ്യന്‍ ലോകകപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് എത്തുമ്പോള്‍ വേദനിപ്പിക്കുന്ന കാഴ്ചകളായിരുന്നു കസാന്‍ അരീനയില്‍ കണ്ടത്. ലോകകപ്പില്‍ നിന്നു പുറത്തായ ശേഷം നെയ്മറും കുട്ടീഞ്ഞോയും ഗബ്രിയേല്‍ ജീസസും മൈതാനത്തു തലതാഴ്ത്തി നില്‍ക്കുന്ന കാഴ്ച. കാല്‍പ്പന്തിനെ ജീവനോളം സ്‌നേഹിച്ച ഉറുഗ്വേ ആരാധകര്‍ക്ക് അതു സഹിക്കാന്‍ കഴിയില്ലായിരുന്നു. അവരുടെ കണ്ണീരാണ് എല്ലാ കാമറകളിലും പതിഞ്ഞത്. ബെല്‍ജിയത്തിന്റെ ആരാധകരെ പോലും വേദനിപ്പിച്ച കാഴ്ചയായിരുന്നു അത്. ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ വഴങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ ബ്രസീലിന്റെ പോരാട്ടം കണ്ടവര്‍ കരുതിയതു കാനറിപ്പട മല്‍സരം വരുതിയിലാക്കുമെന്നായിരുന്നു.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ റെനാറ്റോ അഗസ്‌റ്റോയിലൂടെ ബ്രസീല്‍ തിരിച്ചടിച്ചപ്പോള്‍ ഗാലറികള്‍ ആവേശനൃത്തം ചവുട്ടി.
ആരാധകരുടെ ആര്‍പ്പുവിളികളോടെ മഞ്ഞപ്പട നിരന്തരം ബെല്‍ജിയം ബോക്‌സില്‍ അപകടം വിതച്ചുകൊണ്ടിരുന്നു. ഇരമ്പിയാര്‍ത്ത മഞ്ഞക്കടല്‍ ഒരേ സ്വരത്തില്‍ മഞ്ഞപ്പടയെ പിന്തുണയ്ക്കുന്നു. 90ാം മിനിറ്റിലും മികച്ച പോരാട്ടം പുറത്തെടുത്തിട്ടും ഗോള്‍ മാത്രം പിറക്കാതിരുന്നതോടെ ഗാലറയില്‍ ആരാധകര്‍ പൊട്ടിക്കരയാനും തുടങ്ങി. പേരുകേട്ട ലാറ്റനമേരിക്കന്‍ വമ്പന്‍മാര്‍ കസാന്‍ അരീനയില്‍ വീണുപോയിരിക്കുന്നു.
യൂറോപ്യന്‍ ടീമുകള്‍ക്കു മുന്നില്‍ നാളുകളായി തുടരുന്ന ദൗര്‍ഭാഗ്യമാണു കഴിഞ്ഞദിവസവും ബ്രസീലിനെ വേട്ടയാടിയത്. 2002ല്‍ ലോകകപ്പ് വിജയിച്ചതിനു ശേഷം ഇങ്ങോട്ട് നാലു ലോകകപ്പുകളിലും ബ്രസീല്‍ തോറ്റ് പുറത്തായതു യൂറോപ്യന്‍ എതിരാളികളോടായിരുന്നു. ശരിക്ക് കണക്കു നോക്കിയാല്‍ 2002നു ശേഷം നോക്കൗട്ടില്‍ യൂറോപ്പിലെ എതിരാളികള്‍ക്കെതിരേ ഒരു ജയം പോലും ബ്രസീലിന് ഇല്ല. 2006ല്‍ പ്രീ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ ടീമായ ഘാന ആയിരുന്നു എതിരാളികള്‍. അതു വിജയിച്ച് ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് എതിരാളികളായി എത്തിയപ്പോള്‍ 10ന്റെ പരാജയം ഏറ്റുവാങ്ങി ബ്രസീല്‍ മടങ്ങി.
2010ല്‍ പ്രീ ക്വാര്‍ട്ടറില്‍ ലാറ്റിനമേരിക്കന്‍ ടീമായ ചിലിയെ തോല്‍പ്പിച്ചുവെങ്കിലും വീണ്ടും ക്വാര്‍ട്ടറില്‍ യൂറോപ്പിന് മുന്നില്‍ വീണു. ഹോളണ്ട് ആയിരുന്നു അന്നു ബ്രസീലിനെ തോല്‍പ്പിച്ചത്.
സ്‌കോര്‍ 2-1. 2014 ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ബ്രസീലിന് ലാറ്റിനമേരിക്കന്‍ എതിരാളികള്‍ ആയിരുന്നു. രണ്ടും ബ്രസീല്‍ മറികടന്നു. പക്ഷേ സെമിയില്‍ യൂറോപ്യന്‍ ടീമായ ജര്‍മനി. അതിന്റെ ഫലം ദുരന്തമായിരുന്നു. സ്വന്തം നാട്ടില്‍ 7-1ന്റെ തോല്‍വി. ഈ ലോകകപ്പിലും കഥ മാറിയില്ല. പ്രീ ക്വാര്‍ട്ടറില്‍ കോണ്‍കകാഫ് ടീമായ മെക്‌സിക്കോയെ മറികടന്ന ബ്രസീല്‍ ക്വാര്‍ട്ടറില്‍ യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയത്തിനു മുന്നില്‍ അടിയറവു പറഞ്ഞിരിക്കുന്നു.
Next Story

RELATED STORIES

Share it