kannur local

കണ്ണവത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക്നേരെ ബോംബേറ്

കൂത്തുപറമ്പ്: കണ്ണവം ടൗണില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ബോംബേറ്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 12.15ഓടെയാണ് സംഭവം. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി അംഗവുമായ വി ബാലന്‍ (54), കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബറും ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി അംഗവുമായ സി ചന്ദ്രന്‍ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം ഏരിയാ സമ്മേളനത്തിന്റെ പ്രചാരണം നടത്തവെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞതായാണ് പരാതി. ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ചിറ്റാരിപ്പറമ്പ് ചുണ്ടയിലും പനത്താറമ്പിലും സ്ഥാപിച്ച സംഘാടക സമിതി ഓഫിസുകളും തൊടീക്കളത്തെ ജി പവിത്രന്‍ സ്മാരക മന്ദിരവും കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കണ്ണവം ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുകയുണ്ടായി. അതേസമയം, ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ സേവാ കേന്ദ്രത്തിനു സമീപവും ചുണ്ടയിലുമായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ചതായി പരാതിയുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂത്തുപറമ്പ് സിഐ ജോഷി ജോസ്, കണ്ണവം എസ്‌ഐ കെ വി പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
Next Story

RELATED STORIES

Share it