kannur local

കണ്ണവംപൂഴിയോട്ട് കാട്ടാനക്കൂട്ടം വ്യാപക നാശംവിതച്ചു

കൂത്തുപറമ്പ്: കണ്ണവം പൂഴിയോട്ടെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തി നാശംവിതച്ചു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിയും നശിപ്പിച്ചു. കുടിവെള്ളം തേടിയെത്തിയ ആനക്കൂട്ടമാണ് ജനവാസ കേന്ദ്രത്തില്‍ നിലയുറപ്പിച്ചത്.
നേന്ത്രവാഴയും മരച്ചീനിയും തെങ്ങും ഉള്‍പ്പെടെയുള്ള കാര്‍ഷികവിഭവങ്ങള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കണ്ണവം ഫോറസ്റ്റില്‍ ഉള്‍പ്പെടുന്ന പൂഴിയോട്, ചെന്നപ്പൊയില്‍, പുന്നേരി ഭാഗങ്ങളിലാണ് കാട്ട നക്കൂട്ടമിറങ്ങിയിട്ടുള്ളത്. പത്തോളം ആനകള്‍ അടങ്ങിയ വന്‍ സംഘമാണ് പ്രദേശത്ത് സൈ്വരവിഹാരം നടത്തുന്നത്. ഏതാനും ദിവസമായി നാട്ടിലിറങ്ങുന്ന ആനക്കൂട്ടം വന്‍നാശനഷ്ടമാണ് വരുത്തിവച്ചിട്ടുള്ളത്.
2000ത്തോളം നേന്ത്രവാഴകളും, അന്‍പതോളംതെങ്ങുകളും കമുങ്ങ്, മരച്ചീനി എന്നിവയെല്ലാമാണ് നശിപ്പിച്ചിട്ടുള്ളത്. പുന്നേരി കോളനിയിലെ പി ഭാസ്‌കരന്റെ കുലച്ച 1000 ലേറെ നേന്ത്രവാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുള്ളത്. കൂടാതെ കൊറങ്ങാടന്‍ കുങ്കന്‍, കൊറങ്ങാടന്‍ ചന്തു, കേളപ്പന്‍, കരുണന്‍, മാലതി, ശാന്ത എന്നിവരുടെ ഉടമസ്ഥതയിലുള്ള തെങ്ങ്, കമുങ്ങ് എന്നിവയും നശിപ്പിച്ചിട്ടുണ്ട്.
പകല്‍ സമയങ്ങളില്‍പ്പോലും ജനവാസ കേന്ദ്രത്തിലിറങ്ങുന്ന ആനക്കൂട്ടത്തെപ്പേടിച്ച് ഭയപ്പാടോടെയാണ് ആളുകള്‍ കഴിയുന്നത്. നാട്ടുകാര്‍ വിവരീ കണ്ണവം ഫോറസ്റ്റ് അധികൃതരെയും ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് അധികൃതരെയും അറിയിച്ചിരുന്നു. എന്നാല്‍ ഫോറസ്റ്റ് അധികൃതരോ, കണ്ണവം പോലീസോ, പഞ്ചായത്ത് അധികൃതരോ സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
നാട്ടുകാര്‍ കൂട്ടത്തോടെയെത്തിയാണ് ആനയെ ജനവാസകേന്ദ്രത്തില്‍ നിന്നും തുരത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നത്.
കൃഷി നാശം സംഭവിച്ചവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it