Kollam Local

കണ്ണനല്ലൂര്‍-തിരുവനന്തപുരം ബസ് സര്‍വ്വീസ് പുനരാരംഭിച്ചു

ചാത്തന്നൂര്‍: ഏറെ നാളുകളായി സര്‍വ്വീസ് നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി ബസ്സ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വീണ്ടും ഉരുണ്ടു തുടങ്ങി. കൊല്ലം ഡിപ്പോയിലെ കണ്ണനല്ലൂര്‍-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് സര്‍വ്വീസ് പുനരാരംഭിച്ചത്.
മീയ്യണ്ണൂര്‍ നിറവ് കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ മീയ്യണ്ണൂര്‍ ജങ്ഷനില്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പളളിമണില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് സര്‍വ്വീസ് നടത്തി തുടങ്ങിയ ബസ്സ് പീന്നീട് കുളപ്പാടത്തേയ്ക്കും കുറച്ച് നാളുകള്‍ക്ക് ശേഷം കണ്ണനല്ലൂരിലേക്കും സര്‍വ്വീസ് നീട്ടുകയായിരുന്നു. കണ്ണനല്ലൂരില്‍ നിന്നും രാവിലെ 6.30ന് സര്‍വ്വീസ് തുടങ്ങി 8.25ന് തിരുവനന്തപുരത്തെത്തുന്ന ബസ്സ് നിരവധി ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂടാതെ പാരിപ്പളളി ഇഎസ്‌ഐ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയിലേക്കും എത്തേണ്ട രോഗികള്‍ക്കും വരളെ പ്രയോജന പ്രദമായിരുന്നു. ഏറെ കാലമായി സര്‍വ്വീസ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് നിറവ് കലാസാഹിത്യ സമിതി ഭാരവാഹികള്‍ കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ബസ്സ് സര്‍വ്വീസ് പുനരാരംഭിച്ചത്. മീയ്യണ്ണൂരില്‍ എത്തിയ ബസ്സിനെയും ജീവനക്കാരെയും പുഷ്പഹാരം അണിയിച്ച് സ്വീകരിച്ചു. നിറവ് സാംസ്‌ക്കാരിക വേദി പ്രസിഡന്റ് ബാബുജി ശാസ്താംപൊയ്ക, സെക്രട്ടറി അലക്‌സ് പി വര്‍ഗ്ഗീസ്, ബാലചന്ദ്രന്‍നായര്‍, ഷൈന്‍ലാല്‍, ജോണ്‍തോമസ്, ടി ഹരികുമാര്‍, എം എല്‍ വിന്‍സന്റ്, എ സജീവ് ശരണ്യ, അനീഷ് ജിം എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it