കണ്ണട വിവാദത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: കണ്ണട വിവാദത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു സ്പീക്കറുടെ മറുപടി. ഒരു കണ്ണടയുടെ പേരില്‍ ഉയരുന്ന വിവാദങ്ങളും നര്‍മോക്തി കലര്‍ന്ന പരിഹാസങ്ങളും അതിലുപരി ക്രൂരമായ പ്രചാരണ പീഡനങ്ങളും നിര്‍ഭാഗ്യകരമാണ്. എന്നാല്‍, എല്ലാ വിമര്‍ശനങ്ങളെയും തികച്ചും പോസിറ്റീവായി കാണുകയും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തേണ്ടതുണ്ടെന്ന ബോധ്യം ഉണ്ടാക്കിത്തന്ന മുഴുവന്‍ സുഹൃത്തുക്കളോടും വിമര്‍ശകരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ഓഫിസുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളിലും ഒരു പുനപ്പരിശോധന ആവശ്യമെങ്കില്‍ ഇന്റേണല്‍ ഓഡിറ്റിങ് നടത്തും. സാമാജികര്‍ക്കു ലഭിക്കുന്ന ചികില്‍സാനിര്‍ദേശങ്ങളുടെ കൃത്യത സംബന്ധിച്ച വസ്തുതകള്‍ പരിശോധിക്കുന്നതിന് ഡോക്‌ടേഴ്‌സ് പാനല്‍പോലുള്ള ചില നിയമസഭാ സംവിധാനങ്ങളുണ്ടാക്കണമെന്നും സ്പീക്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നാലുപതിറ്റാണ്ടുകാലത്തെ ഒരു വ്യക്തിയുടെ പൊതുജീവിതത്തിന്റെ അളവുകോലായി ഈ ഒരൊറ്റ സംഭവം മാത്രമെടുക്കുന്നതിലെ യുക്തിരാഹിത്യം ചര്‍ച്ചചെയ്യപ്പെടണം. ഇതില്‍ കാണിക്കുന്ന സവിശേഷ താല്‍പര്യം അസാധാരണമാണോയെന്നത് സമൂഹവും കാലവും വിധിയെഴുതട്ടെ. ഏതെങ്കിലും തരത്തില്‍ ആര്‍ഭാടകരമായ ഫ്രെയിമുകള്‍ ഇതുവരെ ഞാന്‍ ഉപയോഗിച്ചിട്ടില്ല. വിദേശത്തുനിന്നും നാട്ടില്‍നിന്നും സുഹൃത്തുക്കള്‍ വിലയേറിയ കണ്ണടകള്‍ സമ്മാനിക്കുമ്പോഴൊക്കെ സ്‌നേഹപൂര്‍വം നിരസിക്കുകയാണു പതിവ്. കഴിഞ്ഞ രണ്ടുവര്‍ഷമായി തനിക്കു കാഴ്ചയുമായി മാത്രം ബന്ധപ്പെട്ടതല്ലാത്ത മറ്റു ചില ബുദ്ധിമുട്ടുകളുണ്ട്. അര്‍ധചന്ദ്രാകൃതിയിലുള്ള നിയമസഭാവേദി ശരീരം പൂര്‍ണമായി തിരിഞ്ഞാല്‍ മാത്രമേ മുഴുവനായി കാണാന്‍ കഴിയുന്നുള്ളൂവെന്ന കാഴ്ചാപ്രശ്‌നത്തെക്കുറിച്ച് നിരന്തരമായി പരാതി പറഞ്ഞപ്പോഴാണ് ഡോക്ടര്‍ പുതിയ സ്‌പെസിഫിക്കേഷനിലുള്ള ലെന്‍സോടു കൂടിയ കണ്ണട ഉപയോഗിച്ചേ മതിയാവൂവെന്ന് നിര്‍ദേശിച്ചത്. നിര്‍ദേശിക്കപ്പെട്ട കണ്ണട വാങ്ങാന്‍ സ്റ്റാഫിലെ ചിലരെ നിയോഗിച്ചു. എന്നാല്‍, ലെന്‍സിന്റെ വില ഇപ്പോള്‍ വിമര്‍ശനവിധേയമായത്രയും വരുമോ, ഒഫ്താല്‍മോളജിസ്റ്റിന്റെ നിര്‍ദേശം ശരിയാണോ, കടയില്‍നിന്നു പറയുന്നതു പൂര്‍ണമായും ശരിയാണോ എന്നൊക്കെയുള്ള വിഷയങ്ങളില്‍ സൂക്ഷ്മ പഠനത്തിനും പരിശോധനയ്ക്കും മിനക്കെട്ടില്ലെന്ന പിശക് തനിക്കു സംഭവിച്ചിട്ടുണ്ട്. വ്യക്തിജീവിതത്തിലെ വൈഷമ്യങ്ങളെ, വേദനകളെ, ശാരീരികാവശതകളെ പോലും സമൂഹമധ്യേ വികൃതമായി ചിത്രീകരിക്കുന്ന മാധ്യമ, നവമാധ്യമ രീതി നമ്മുടെ സമൂഹവികാസത്തിന്റെ അപചയങ്ങളെയാണു സൂചിപ്പിക്കുന്നതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it