കണ്ണങ്കോട് ടിപിജി മെമ്മോറിയല്‍ യുപി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥികള്‍ തന്നെ അധ്യാപകര്‍

സി കെ ഉമര്‍

പാനൂര്‍(കണ്ണൂര്‍): കണ്ണങ്കോട് ടിപിജി മെമ്മോറിയല്‍ യുപി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥികള്‍ തന്നെയാണ് അധ്യാപകരും; അതും 19 പേരാണ് അധ്യാപകരായി ജോലി ചെയ്യുന്നത്. വിദ്യാലയത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരാണ് ഈ അധ്യാപകരെല്ലാം. അനധ്യാപക ജീവനക്കാര്‍ ഉള്‍പ്പെടെ 33 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. 19 അധ്യാപകരില്‍ ആറ് പേര്‍ സഹപാഠികളാണ്. പ്രധാന അധ്യാപകന്‍ സനല്‍, പി കെ രമേശ് ബാബു, കുന്നോത്ത്പറമ്പ് പഞ്ചായത്തംഗം കൂടിയായ റിനീഷ്, ശബ്‌ന, ടി വി കുഞ്ഞിക്കണ്ണന്‍, ടി കെ സുരേന്ദ്രന്‍ എന്നിവരാണ് യുപി സ്‌കൂളില്‍ ഒന്നിച്ചുപഠിച്ച് അതേ സ്‌കൂളില്‍ അധ്യാപകരായി എത്തിയത്.——
1982ല്‍ വിദ്യാലയത്തില്‍ അധ്യാപകനായി ചേര്‍ന്ന പി കെ രമേശ് ബാബുവാണ് സീനിയര്‍ പൂര്‍വവിദ്യാര്‍ഥി. ഈ അധ്യയന വര്‍ഷം ചേര്‍ന്ന ആര്‍ വി ആനന്ദാണ് പുതുമുഖം. സര്‍വീസിലിരിക്കെ മരിച്ച പൂര്‍വവിദ്യാര്‍ഥികൂടിയായ അധ്യാപകന്‍ കുനിയില്‍ രവിമാസ്റ്ററുടെ മകനാണ് ആനന്ദ്. 103 വര്‍ഷം മുമ്പ് പെണ്‍പള്ളിക്കൂടമായാണ് വിദ്യാലയം ആരംഭിച്ചത്. ടി പി ഗോപാലന്‍ നായരുടെ മാതാവും അധ്യാപികയുമായ താഴേപുരയില്‍ നാണിയമ്മയാണ് വിദ്യാലയം സ്ഥാപിച്ചത്.
ടി പി ഗോപാലന്‍ നമ്പ്യാരും ഇവിടെ ദീര്‍ഘകാലം അധ്യാപകനായും പ്രധാനാധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. 1995ല്‍ അദ്ദേഹത്തിന്റെ മരണശേഷം ടിപിജി മെമ്മോറിയല്‍ യുപി സ്‌കൂള്‍ എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു. 2012 മുതല്‍ കൊളവല്ലൂര്‍ എജ്യൂക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനം.
പി വി ജ്യോതി ബാബുവാണ് ചെയര്‍മാന്‍, എം കെ സന്തോഷ് മാനേജരും. 700ലധികം വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ഇവിടുത്തെ പുര്‍വവിദ്യാര്‍ഥികളായ അധ്യാപകര്‍ അശ്രാന്ത പരിശ്രമത്തിലാണ്.
Next Story

RELATED STORIES

Share it