'കണ്ഡമാല്‍ സംഭവം: അപ്പീല്‍ പരിഗണിക്കാത്തതു നീതിന്യായ വ്യവസ്ഥയുടെ അപചയം'

കൊച്ചി: ഒഡീഷയിലെ കണ്ഡമാലില്‍ സ്വാമി ലക്ഷ്മണാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട നിരപരാധികളുടെ അപ്പീല്‍ വര്‍ഷങ്ങളായിട്ടും ഹൈക്കോടതി പരിഗണിക്കാത്തതു നീതിന്യായ വ്യവസ്ഥയുടെ അപചയമാണെന്നു സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ്. കണ്ഡമാല്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ആന്റോ അക്കര രചിച്ച “നിരപരാധികള്‍ തടവറയില്‍’’പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദേഹം.
സംഭവത്തില്‍ ഇടപെടുന്നതില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് വീഴ്ചപറ്റിയതായും മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗം കൂടിയായ ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. കേസില്‍ കക്ഷിചേരുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാമായിരുന്നിട്ടും കമ്മീഷന്‍ ഒഴിഞ്ഞുമാറിയതിന്റെ കാരണം അവ്യക്തമാണ്. കണ്ഡമാല്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണു നടന്നതെന്നും സിറിയക് ജോസഫ് പറഞ്ഞു. കോടതിയില്‍ കേസ് പരിഗണിച്ച വേളയില്‍ ജസ്റ്റിസ് എച്ച് എല്‍ ദത്തു ക്രൈസ്തവ സമൂഹത്തിനു വിദേശത്ത് നിന്നു സംഭാവനകള്‍ വരുന്നുണ്ടെന്നും സര്‍ക്കാരിന്റെ നഷ്ടപരിഹാരമെന്തിനെന്നും ചോദിച്ചതിനെയും സിറിയക് ജോസഫ് വിമര്‍ശിച്ചു.
സ്വാമി ലക്ഷ്മണാനന്ദാ വധക്കേസില്‍ നിരപരാധികളാണെന്നു തെളിവുകള്‍ നിരത്തിയിട്ടും ഏഴുപേര്‍ ഇപ്പോഴും ജയിലില്‍ തുടരുന്നതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥിതിയുടെ ദുര്‍ബലതയാണ് ഇതു കാണിക്കുന്നത്. ഇവരുടെ കാര്യത്തില്‍ മാനുഷികമൂല്യങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നതായും സിറിയക് ജോസഫ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളുടെ ഉദാത്തമായ ഉദാഹരണമാണു കണ്ഡമാല്‍ സംഭവമെന്ന് പുസ്തകമേറ്റു വാങ്ങി ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ പറഞ്ഞു. സി ആര്‍ നീലകണ്ഠന്‍, ആന്റോ അക്കര സംസാരിച്ചു.




Next Story

RELATED STORIES

Share it