കണ്ടെയ്‌നറുകളില്‍ നിന്ന് 570 കോടി പിടികൂടി

കോയമ്പത്തൂര്‍: നാളെ തിരഞ്ഞെടുപ്പു നടക്കുന്ന തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ മൂന്നു കണ്ടെയ്‌നറുകളിലായി കൊണ്ടുപോവുകയായിരുന്ന 570 കോടി രൂപ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കോയമ്പത്തൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വിശാഖപട്ടണത്തെ ശാഖകളില്‍ എത്തിക്കാനുള്ള പണമാണ് ഇതെന്ന് കണ്ടെയ്‌നറുകളെ അനുഗമിച്ച വാഹനങ്ങളിലുണ്ടായിരുന്നവര്‍ പറഞ്ഞു. എന്നാല്‍, മതിയായ രേഖകള്‍ ഇവര്‍ ഹാജരാക്കിയില്ല. ഇവരുടെ അവകാശവാദം ശരിയാണോ എന്ന് പരിശോധിച്ചുവരുകയാണ്.
പെരുമനല്ലൂര്‍-കുന്നത്തൂര്‍ ബൈപ്പാസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡും അര്‍ധസേനയും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കണ്ടെയ്‌നറുകളില്‍ പണം കണ്ടെത്തിയത്. മൂന്നു കാറുകളുടെ അകമ്പടിയോടെ എത്തിയ കണ്ടെയ്‌നറുകള്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോയതോടെ അധികൃതര്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.
കണ്ടെയ്‌നറുകളിലെ പെട്ടികളില്‍ നോട്ടുകള്‍ അടുക്കിവച്ച നിലയിലാണ്. കാറുകളിലുണ്ടായിരുന്നവര്‍ പോലിസുകാരാണന്നാണ് അവകാശപ്പെട്ടത്. എന്നാല്‍, അവര്‍ യൂനിഫോം അണിഞ്ഞിരുന്നില്ല. പണം ബാങ്കിന്റെ ആന്ധ്രയിലെ ശാഖകളിലേക്ക് കൊണ്ടുപോവുകയാണെന്നും അവര്‍ പറഞ്ഞു. മതിയായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ വാഹനങ്ങള്‍ തിരുപ്പൂര്‍ കലക്ടറേറ്റിലേക്കു മാറ്റി. കൊള്ളക്കാരാണെന്നു ഭയന്നിട്ടാണ് വാഹനങ്ങള്‍ നിര്‍ത്താതെ പോയതെന്നാണ് കണ്ടെയ്‌നറുകളെ അനുഗമിച്ചവര്‍ പറഞ്ഞത്. സ്റ്റേറ്റ് ബാങ്ക് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
അതേസമയം, പിടിച്ചെടുത്ത പണം പ്രഥമദൃഷ്ട്യാ സംശയം ജനിപ്പിക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഏതെങ്കിലും ഏജന്‍സിയോ സംഘടനയോ പിടിച്ചെടുത്ത പണം അവകാശപ്പെട്ട് മുന്നോട്ടുവന്നിട്ടില്ല. സംഭവം അന്വേഷിക്കാന്‍ ആദായനികുതി വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it