thrissur local

കണ്ടെയ്‌നര്‍ ലോറിക്ക് പിറകിലിടിച്ച് ടാങ്കര്‍ ലോറിയില്‍ പെട്രോള്‍ ചോര്‍ച്ച; ഡ്രൈവര്‍ക്ക് പരിക്ക്

തൃപ്രയാര്‍: വലപ്പാട് കോതകുളത്ത് കണ്ടെയ്‌നര്‍ ലോറിക്ക് പുറകിലിടിച്ച ടാങ്കര്‍ ലോറിയില്‍ നിന്ന് പെട്രോള്‍ വാതക ചോര്‍ച്ച. അപകടത്തില്‍ ടാങ്കര്‍ ലോറി െ്രെഡവര്‍ക്ക് പരിക്ക്. കോതകുളം ദേശീയപാതയില്‍ ശനിയാഴ്ച രാത്രി പതിനൊന്നേകാലോടെയാണ് അപകടം ഉണ്ടായത്. കൊച്ചിയില്‍ നിന്ന് പന്ത്രണ്ടായിരം ലിറ്റര്‍ പെട്രോളുമായി കൊണ്ടോട്ടിയിലേക്ക് പോയിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
കോതകുളം സെന്ററിന് തെക്കുഭാഗത്ത് വെച്ച് മുന്‍പിലുണ്ടായിരുന്ന കണ്ടെയ്‌നര്‍ ലോറി പൊടുന്നനെ ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. കൊച്ചിയില്‍നിന്ന് കോഴിക്കോട്ടെക്ക് ആക്രിസാധനങ്ങള്‍ കയറ്റിപോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയ കണ്ടെയ്‌നര്‍ ലോറിക്ക് പുറകില്‍ പെട്രോള്‍ കയറ്റിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ടാങ്കര്‍ ലോറിയുടെ കാബിന്റെ ഇടതുഭാഗം കണ്ടെയ്‌നര്‍ ലോറിയുടെ വലതുഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറിയുടെ കാബിന്റെ ഇടതുഭാഗവും മൂന്ന് അറകളില്‍ ആദ്യത്തെ അറയും തകര്‍ന്നു.
തകര്‍ന്ന പന്ത്രണ്ടായിരം ലിറ്ററില്‍ അയ്യായിരം ലിറ്റര്‍ സംഭരിച്ചിരുന്ന അറയാണ് തകര്‍ന്നത്. പൊളിഞ്ഞ അറയില്‍ നിന്ന് പെട്രോള്‍ അതിവേഗത്തില്‍ റോഡിലേക്ക് ഒഴുകി. വിവരമറിഞ്ഞ് വലപ്പാട് പോലിസും തുടര്‍ന്ന് നാട്ടിക ഫയര്‍ ആന്റ് റസ്‌ക്യു സ്‌റ്റേഷനില്‍നിന്ന് മൂന്ന് ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി. അപകടത്തില്‍ ടാങ്കര്‍ ലോറി െ്രെഡവര്‍ക്ക് പരിക്കേറ്റു. കൈയുടെ ഞരമ്പ് മുറിഞ്ഞ െ്രെഡവര്‍ പാലക്കാട് കൊടുവായൂര്‍ സ്വദേശി പൂശാരികുളമ്പില്‍ വീട്ടില്‍ സാജനെ ഉടന്‍തന്നെ ചെന്ത്രാപ്പിന്നി നന്മ പ്രവര്‍ത്തകര്‍ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടെയ്‌നര്‍ ലോറി െ്രെഡവര്‍ക്ക് പരിക്കേറ്റില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ടാങ്കര്‍ ലോറിയുടെ അറക്കുണ്ടായ ചോര്‍ച്ച അടക്കാനുള്ള ശ്രമം തുടങ്ങി. ഇത് വിഫലമായത്തോടെ ഫയര്‍ഫോഴ്‌സും പോലിസും കൊച്ചിന്‍ റിഫൈനറിസിലെ വിദഗ്ദരുടെ സഹായം തേടുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെ റിഫൈനറീസിലെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തെത്തി. തുടര്‍ന്ന് കൊച്ചിയില്‍ നിന്നെത്തിച്ച മറ്റൊരു ടാങ്കറിലേക്ക് പെട്രോള്‍ പകര്‍ത്താന്‍ തുടങ്ങി. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ചരക്കാണ് ടാങ്കര്‍ ലോറിയിലെ പെട്രോള്‍ പൂര്‍ണമായും മാറ്റാനായത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് വേണ്ടി അന്നമനട ബാലുശ്ശേരിയിലെ എസ്എന്‍ ഗ്രൂപ്പ് കരാര്‍ അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്നതാണ് അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറി.
Next Story

RELATED STORIES

Share it