Flash News

കണ്ടെത്താന്‍ 84 പേര്‍

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം/ന്യൂഡല്‍ഹി/കോഴിക്കോട്: ഓഖി ദുരന്തബാധിതരായ മല്‍സ്യത്തൊഴിലാളികളുടെ കണക്കില്‍ അവ്യക്തത തുടരവെ പുതിയ പട്ടികയുമായി സര്‍ക്കാര്‍. സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ കേന്ദ്രത്തിന്റേതാണു കണക്കുകള്‍. ഇന്നലെ പുറത്തുവിട്ട കണക്കുപ്രകാരം സംസ്ഥാനത്ത് ഓഖിയില്‍ മരിച്ചവര്‍ 67 ആണ്. കാണാതായവര്‍ 84ഉം. എഫ്‌ഐആര്‍ രജിസ്റ്റര്‍ പ്രകാരം കാണാതായവരുടെ എണ്ണം 50 ആണ്. ഇതില്‍ 39 പേര്‍ കേരളത്തില്‍നിന്നു കാണാതായവരാണ്. ഒമ്പത് തമിഴ്‌നാട് സ്വദേശികളും ഒരു അസം സ്വദേശിയുമാണ് മറ്റുള്ളവര്‍. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു യുപി സ്വദേശി ഉള്‍പ്പെടെ 34 പേരെയും കാണാതായവരുടെ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയാനാവാത്ത 39 മൃതദേഹങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ മോര്‍ച്ചറികളിലുള്ളത്. മൃതദേഹങ്ങള്‍ കണ്ടെടുത്ത ജില്ലകളുടെ കണക്കുകള്‍ ഇപ്രകാരമാണ്. തിരുവനന്തപുരം- 23, കൊല്ലം- ഏഴ്, എറണാകുളം- 11, തൃശൂര്‍- രണ്ട്, മലപ്പുറം- മൂന്ന്, കോഴിക്കോട്- 19, കണ്ണൂര്‍- ഒന്ന്, കാസര്‍കോട്- ഒന്ന്. സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകള്‍ അഞ്ചെണ്ണമാണ്. 104 കുടുംബങ്ങളിലായി 500 പേരാണ് ഈ ക്യാംപുകളില്‍ താമസിക്കുന്നത്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് 221 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂടുതലും തിരുവനന്തപുരത്താണ്- 121 എണ്ണം. ഭാഗികമായി തകര്‍ന്നത് 3,253 വീടുകളാണ്. കൂടുതല്‍ തിരുവനന്തപുരത്താണ്- 1163 എണ്ണം.അതിനിടെ  കടലില്‍ കാണാതായ രണ്ടു മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി ഇന്നലെ കോഴിക്കോട് ബേപ്പൂര്‍ പുറംകടലില്‍ നിന്നു കണ്ടെത്തി. നാവികസേനയുടെ കപ്പല്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തി കരയ്‌ക്കെത്തിച്ചത്.  മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. അതേസമയം, ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. 18നു രാത്രി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 19ന് ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ലക്ഷദ്വീപിലും തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തും. രണ്ടുദിവസം പ്രധാനമന്ത്രി കേരളത്തിലുണ്ടാവും. പ്രധാനമന്ത്രി ദുരിതബാധിതരെ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍സഭാ നേതൃത്വം ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ സന്ദര്‍ശിച്ചതുകൊണ്ടാണ് ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദിനിര്‍ബന്ധിതനായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഒരു കാഴ്ചവിരുന്നിനായി കേരളത്തില്‍ വരേണ്ടതില്ല. പകരം 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it