Second edit

കണ്ടാലറിയാത്തവന്‍...

'കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും' എന്നാണ് പ്രമാണം. പശ്ചിമ യൂറോപ്പിലെ ധനികരാജ്യങ്ങളുടെ കഥയും ഇതുതന്നെ. കടക്കെണിയില്‍പ്പെട്ട ഗ്രീസിനോടും ഏഷ്യയോട് ചേര്‍ന്നുകിടക്കുന്ന യൂറോപ്പിലെ മുസ്‌ലിം രാജ്യമായ തുര്‍ക്കിയോടും അവര്‍ക്കു പുച്ഛമായിരുന്നു. തുര്‍ക്കിയെ യൂറോപ്യന്‍ യൂനിയനില്‍ കയറ്റരുതെന്നാണ് ജര്‍മനിയും ഫ്രാന്‍സും അടക്കമുള്ള പടിഞ്ഞാറന്‍ പ്രമാണിമാര്‍ വാദിച്ചത്. ഗ്രീസിനെയാകട്ടെ, കടക്കെണിയുടെ പേരില്‍ യൂറോ മേഖലയില്‍ നിന്നു പുകച്ചു പുറന്തള്ളാനുള്ള നീക്കങ്ങളും തകൃതിയായി നടന്നു.

എന്നാല്‍, ബ്രസ്സല്‍സിലെ യൂറോപ്യന്‍ യൂനിയന്റെ തലപ്പത്തുള്ളവര്‍ക്ക് ഈയിടെയാണ് കാര്യങ്ങളുടെ കിടപ്പ് തങ്ങള്‍ക്ക് അനുകൂലമല്ലെന്ന വെളിവുണ്ടായത്. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും പാശ്ചാത്യ ഇടങ്കോലിടല്‍ വലിയ സാമൂഹിക അസ്ഥിരീകരണമാണ് വരുത്തിവച്ചത്. ഈ പ്രദേശത്തു നിന്നുള്ള അഭയാര്‍ഥികള്‍ നാലു വര്‍ഷമായി തുര്‍ക്കിയിലേക്ക് കുതിച്ചുവരുകയായിരുന്നു. 40 ലക്ഷം അഭയാര്‍ഥികളെ ഇക്കാലത്ത് തുര്‍ക്കി സംരക്ഷിച്ചിരുന്നു. പക്ഷേ, ഏതാനും മാസങ്ങളായി അഭയം തേടി ജനം കടല്‍ വഴിയും കര വഴിയും വീണ്ടും പടിഞ്ഞാറോട്ട് പരക്കംപായുകയാണ്.
യൂറോ യൂനിയന്‍ നേതാക്കള്‍ ഇപ്പോള്‍ തുര്‍ക്കിയുടെയും ഗ്രീസിന്റെയും മുമ്പില്‍ കൂപ്പുകൈയുമായി നില്‍ക്കുകയാണ്. എങ്ങനെയെങ്കിലും അഭയാര്‍ഥിപ്രവാഹം തടയണമെന്നാണ് അവരുടെ ആവശ്യം. വേണ്ടിവന്നാല്‍ ഇനിയും പണം നല്‍കി സഹായിക്കാമെന്നാണ് ഇന്നലെ വരെ ഷൈലോക്കിന്റെ ഭാഷയില്‍ സംസാരിച്ച ഇയു നേതാക്കള്‍ രണ്ടു രാജ്യങ്ങളോടും പറയുന്നത്.
Next Story

RELATED STORIES

Share it