kannur local

കണ്ടല്‍ക്കാട്ടിലെ മണല്‍ സംഭരണ കേന്ദ്രം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നു

വളപട്ടണം: വളപട്ടണം പാലത്തിന്റെ പടിഞ്ഞാറ് നിബിഢമായ കണ്ടല്‍വനത്തില്‍ പ്രവര്‍ത്തിക്കുന്ന മണല്‍ സംഭരണ-വിതരണ കേന്ദ്രം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നതായി മലബാര്‍ പരിസ്ഥിതി സമിതിയുടെ കണ്ടെത്തല്‍. വനം വകുപ്പും സന്നദ്ധസംഘടനകളും വച്ചുപിടിപ്പിച്ചതും സ്വാഭാവികമായി ഉണ്ടായതുമായ ഭ്രാന്തന്‍, ഉപ്പട്ടിയുടെ മൂന്നുതരം, ചക്കരക്കണ്ടല്‍ തുടങ്ങിയ സസ്യങ്ങളാണ് ഇവിടെയുള്ളത്. നിലവില്‍ ഉപ്പട്ടിമരങ്ങളുടെ മേല്‍ഭാഗം വാടാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ തൊട്ടപ്പുറത്താണ് റോഡ് നിര്‍മാണത്തിന്റെ അവശിഷ്ടങ്ങള്‍ തള്ളി മൂന്നേക്കറിലേറെ കണ്ടലുകള്‍ നശിപ്പിച്ചത്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2008ലെ നീര്‍ത്തട നിയമം, പുഴ സംരക്ഷണ നിയമം, 1972ലെ വന്യജീവി സംരക്ഷണ നിയമം എന്നിവയാണ് ഇതുവഴി ലംഘിക്കപ്പെടുന്നത്. ദിനേന നിരവധി വാഹനങ്ങള്‍ മണല്‍ കൊണ്ടുപോവാന്‍ ഇവിടെയെത്തുന്നു.  ഇവയൊഴുക്കുന്ന ഡീസല്‍ വേലിയേറ്റമുണ്ടാവുമ്പോള്‍ നേരിട്ട് പുഴയിലെത്തും.ഇരുവശങ്ങളില്‍ നിന്നുമാണ് വാഹനങ്ങള്‍ പുഴയിലിറങ്ങുന്നത്. അവയുടെ ശബ്ദശല്യം അപൂര്‍വമായ കണ്ടല്‍ക്കാടുകളുടെയും പക്ഷികളുടെയും ആവാസം നശിപ്പിക്കും. മണല്‍ സംഭരണകേന്ദ്രം ഉടന്‍ ഇവിടെനിന്നു മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കത്തു നല്‍കിയതായി സമിതി ചെയര്‍മാന്‍ ഭാസ്‌കരന്‍ വെള്ളൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it