malappuram local

കണ്ടനകത്തെ മാലിന്യ സംസ്‌കരണശാലാ വിരുദ്ധസമരം നിര്‍ത്തിവച്ചു

എടപ്പാള്‍: സര്‍ക്കാരും കാലടി ഗ്രാമപഞ്ചായത്ത് അധികൃതരും നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് കണ്ടനകത്ത് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ തുടര്‍ന്നു വന്നിരുന്ന ബഹുജന സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കണ്ടനകത്തെ  കെഎസ്ആര്‍ടിസി റീജ്യനല്‍ വര്‍ക് ഷോപ്പിനോട് ചേര്‍ന്ന പറമ്പിലാണ് പൊതു ശ്മശാനവും മാലിന്യ സംസ്‌കരണ പ്ലാന്റും സ്ഥാപിക്കുന്നതിന് നീക്കം നടന്നിരുന്നത്.
ഇതിനായി തദ്ദേശ മന്ത്രി കെ ടി ജലീല്‍ രണ്ടാഴ്ച മുന്‍പ് വര്‍ക് ഷോപ്പ് സന്ദര്‍ശിച്ച് സ്ഥലം വിട്ടുകിട്ടുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ കക്ഷി രാഷ്ട്രീയത്തിന്നതീതമായി പ്രദേശവാസികളെ വിളിച്ചു ചേര്‍ത്ത് ബഹുജന സമരസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിലായിരുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച കണ്ടനകത്ത് നടന്ന സായാഹ്ന ധര്‍ണയിലാണ് സമരസമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ഗ്രാമപഞ്ചായത്ത് അംഗവുമായ പ്രസന്നകുമാരിയും പ്രാദേശിക സിപിഎം നേതാക്കളും മാലിന്യ സംസ്‌കരണ പ്ലാന്റ് ഇവിടെ സ്ഥാപിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിച്ചതായുള്ള വിവരം അറിയിച്ചത്.
അധികൃതര്‍ നല്‍കിയ ഉറപ്പിനെ മാനിച്ചാണ് ഈ ധര്‍ണയില്‍ താല്‍ക്കാലികമായി പ്രക്ഷോഭ സമരങ്ങള്‍ നിര്‍ത്തിവെക്കാന്‍ സമര സമിതി തീരുമാനിച്ചത്. ഒട്ടേറെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന കണ്ടനകം മേഖലയില്‍ പത്ത് സെന്റ് കോളനികളും പട്ടികജാതി കോളനിയുമടക്കം ജനങ്ങള്‍ തിങ്ങി താമസിക്കുന്നതുമാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തെ കുടിവെള്ള സ്രോതസുകള്‍ മലിനമാകാനും ജനങ്ങള്‍ക്ക് മാരകമായ പകര്‍ച്ചവ്യാധികളും ഉണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി സമര സമിതി ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയിരുന്നു.
അധികൃതര്‍ നല്‍കിയ ഉറപ്പില്‍ നിന്നും പുറകോട്ടു പോവുകയാണെങ്കില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സമര സമിതി തീരുമാനിച്ചു. സായാഹ്ന ധര്‍ണ ബ്ലോക്ക് പഞ്ചായത്തംഗം രമണി രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍പേഴ്‌സണും വാര്‍ഡ് അംഗവുമായ പ്രസന്ന കുമാരി അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ എ അബ്ദുല്‍ റഷീദ്, എം വി മുഹമ്മദ്, പി മുരളീധരന്‍, പി വാസുദേവന്‍, ടി എ ഖാദര്‍, ടി പി സുരേഷ്, ടി അബൂബക്കര്‍ ഹാജി സംസാരിച്ചു.
Next Story

RELATED STORIES

Share it