Kottayam Local

കണമല ബസ് അപകടത്തിന് കാരണം ബ്രേക്ക് തകരാര്‍

എരുമേലി: കണമല ഇറക്കത്തിലെ അട്ടിവളവില്‍ കഴിഞ്ഞ ദിവസം തീര്‍ത്ഥാടക ബസ് അപകടത്തില്‍പ്പെടാന്‍ കാരണം ഹാന്‍ഡ് ബ്ലേക്ക് പ്രവര്‍ത്തന ക്ഷമമല്ലാതെ നാളുകളായി വേര്‍പ്പെടുത്തി വച്ചിരുന്നത് മൂലമാണെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.
ബസ്സിലെ എയര്‍ ബ്രേക്ക് തകരാറിലായപ്പോള്‍ ഹാന്‍ഡ് ബ്രേക്ക് തുണയായില്ല. ബ്രേക്കിന്റെ പ്രവര്‍ത്തനത്തിന് എയര്‍ നല്‍കുന്ന കംപ്രസര്‍ തകരാറിലായിരുന്നെന്ന് പരിശോധനയില്‍ കണ്ടെത്തി. എയര്‍ ലഭിക്കാതെ വരുമ്പോഴാണ് ബ്രേക്ക് നഷ്ടപ്പെടുന്നത്. അതേ സമയം ഇങ്ങനെ സംഭവിക്കുമ്പോള്‍ തന്നെ ഹാന്‍ഡ് ബ്രേക്ക് പ്രവര്‍ത്തിക്കുകയും വാഹനത്തിന്റെ ചലനം നിലയ്ക്കുകയും ചെയ്യുമെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ബസ്സിന്റെ ഹാന്‍ഡ് ബ്രേക്കുമായുള്ള ബന്ധം എയര്‍ബ്രേക്കില്‍ നിന്നു വേര്‍പ്പെടുത്തിവച്ചിരിക്കുകയായിരുന്നു. ഇത് അപകടം ക്ഷണിച്ചുവരുത്താന്‍ ഇടയാക്കി. രണ്ടു കിലോമീറ്ററോളം ദൂരമുള്ള കണമല ഇറക്കത്തില്‍ ആറോളം വളവുകളാണുള്ളത്. അപകടത്തില്‍പെട്ട ബസ്സിന്റെ ബ്രേക്ക് തകര്‍ന്നത് താഴ്ന്ന ഗിയറില്‍ ഇറക്കത്തില്‍ സഞ്ചരിച്ചതുമൂലമാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ബസ്സിന് 10 വര്‍ഷത്തിലേറെ പഴക്കമുണ്ട്. അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിക്കുകയും 15 ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് സേസ് സോണ്‍ സ്‌പെഷ്യല്‍ ഓഫിസര്‍ പി ഡി സുനില്‍ ബാബു, കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍ടിഒ ഗോപകുമാര്‍ എന്നിവരുടെ സാന്നിധ്യത്തി ഇന്നലെയാണ് ബസ് പരിശോധിച്ചത്.
അട്ടത്തോടിനും പോത്തന്‍കുഴിക്കും മധ്യേ കണമല-പമ്പ പാതയിലാണ് രണ്ടാമത്തെ അപകടം. മാരുതി വാനാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.
രണ്ട് അപകടങ്ങള്‍ക്കും കാരണം വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയതാണെന്നു പോലിസും മോട്ടോര്‍ വാഹന അധികൃതരും പറഞ്ഞു.
ശബരിമല പാതയില്‍ അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളും നടപടികളും സ്വീകരിച്ചെന്ന് പോലിസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു. സുരക്ഷാ നിര്‍ദേശങ്ങള്‍ വിവിധ ഭാഷകളില്‍ അച്ചടിച്ച ലഘുലേഖകളായി കണമല ചെക്ക് പോസ്റ്റില്‍ വാഹനങ്ങള്‍ തടഞ്ഞിട്ട് ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.
ചെക്ക് പോസ്റ്റില്‍ നിന്നും ഇറക്കത്തിലേക്ക് വാഹനങ്ങള്‍ നിശ്ചിത എണ്ണം മാത്രമാണ് കടത്തിവിടുക. അട്ടിവളവിനു മുമ്പ് പോലിസ് ടെന്റിന് സമീപത്ത് വാഹനങ്ങള്‍ തടഞ്ഞിട്ട് വേഗത നിയന്ത്രിക്കും.
കണമല- പമ്പ ശബരിമല പാതയില്‍ രാത്രിയിലും പുലര്‍ച്ചെയും പട്രോളിങും നിരീക്ഷണവും ശക്തമാക്കി. ഓവര്‍ടേക്കിങ് തടയാന്‍ വളവുകളിലും ഇറക്കങ്ങളിലും ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it