Kottayam Local

കണമല ബദല്‍പാത പരിശോധനയ്ക്കായി ലെന്‍സ്‌ഫെഡ് സംഘമെത്തി



കണമല: അപകടങ്ങള്‍ക്ക് പരിഹാരമായി നിര്‍മിച്ച ബദല്‍പാതയും ദുരന്തമുഖമായയി മാറിയതോടെ നേരില്‍ കണ്ട് പരിശോധിക്കാന്‍ ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ഭാരവാഹികളെത്തി. പാത പരിശോധിച്ച് യാത്രക്കാരില്‍ നിന്നും നാട്ടുകാരില്‍നിന്നും വിവരശേഖരണം നടത്തിയ സംഘം വിശദമായ റിപോര്‍ട്ട് മന്ത്രി ജി സുധാകരനു സമര്‍പ്പിക്കുമെന്ന് അറിയിച്ചു. അശാസ്ത്രീയമായ അലൈന്‍മെന്റില്‍ നിര്‍മിച്ചതാണ് പാത അപകടകരമായതെന്നു സംഘം വിലയിരുത്തി. ഒരുവിധത്തിലും പാത സഞ്ചാരയോഗ്യമല്ലെന്നാണു പരിശോധനയിലുടനീളം ബോധ്യമായതെന്നു സംഘം പറഞ്ഞു റോഡിന്റെ തുടക്കത്തില്‍ തന്നെ അലൈന്‍മെന്റ് ചെയ്തിരിക്കുന്നത് വിപരീത ദിശയിലാണ്. നാളെ സംഘടനയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന മന്ത്രിക്കു പാതയിലെ അപകട സാധ്യതകളും പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ഉള്‍പ്പടെയുളള റിപോര്‍ട്ടാണു സമര്‍പ്പിക്കുക. ആറു മാസം മുമ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത പാതയാണ് എരുത്വാപ്പുഴ-കീരിത്തോട് റോഡ്. ആറരക്കോടി രൂപ ചെലവിട്ട് ഈ റോഡ് നിര്‍മിച്ചത് കണമല ഇറക്കത്തില്‍ ശബരിമല സീസണുകളിലുണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു. ശബരിമലയിലേക്കു പോവുന്ന വാഹനങ്ങളെ ഈ പാതയിലൂടെ കടത്തിവിട്ട് കണമല ഇറക്കത്തിലും ഈ പാതയിലും വണ്‍വേ ട്രാഫിക് ഏര്‍പ്പെടുത്തി സുരക്ഷിതമാക്കാനാണു ലക്ഷ്യമിട്ടത്. എന്നാല്‍, അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്ന നിലയിലാണ് ബദല്‍പാത നിര്‍മിച്ചതെന്ന് പരാതികള്‍ വ്യാപകമാവുകയായിരുന്നു. നാട്ടുകാരുടെ പരാതി പോലിസും ശരിവച്ചതോടെ കോടികള്‍ ചെലവിട്ട പാത നോക്കുകുത്തിയായി. പണി തീര്‍ന്നിട്ടും പാത തുറക്കാന്‍ പോലിസ് അനുവദിച്ചില്ല. ഉദ്ഘാടനത്തിനു വന്ന മന്ത്രിയും പാതയുടെ നിര്‍മാണത്തിലെ പിഴവുകള്‍ കണ്ട് കരാറുകാരനെതിരേ അന്വേഷണത്തിനു നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞദിവസം കനത്ത മഴയില്‍ പാത തകര്‍ച്ചയുടെ വക്കിലായതിന് പിന്നാലെയാണ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെട്ട സംഘം അപകടം പഠിക്കാനെത്തിയത്. ഇത്തവണത്തെ ശബരിമല സീസണിലും പാതയില്‍ ഗതാഗതം നിരോധിക്കാനാണ് പോലിസ് തീരുമാനിച്ചിരിക്കുന്നത്. ലെന്‍സ്‌ഫെഡ് പൊന്‍കുന്നം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സമിതിയംഗം ആര്‍ എസ് അനില്‍കുമാര്‍, ഏരിയാ പ്രസിഡന്റ് അനില്‍ കെ മാത്യു, സെക്രട്ടറി ശ്രീകാന്ത് എസ് ബാബു, ജില്ലാ കമ്മിറ്റിയംഗം ജയേഷ് കുമാര്‍, സുനില്‍ ജാഫര്‍, സി എസ് ബിനോജ്, അന്‍സാരി, അഫ്‌സല്‍, ജോജു, എബി എന്നിവരുള്‍പ്പെട്ട സംഘമാണു പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it