കണക്കു തീര്ത്ത് റയലിന്റെ മധുരപ്രതികാരം

ബാഴ്‌സലോണ: സ്വന്തം നാട്ടില്‍ വീണ കണ്ണീരിന് ബാഴ്‌സലോണയുടെ തട്ടകത്തില്‍ റയല്‍ മാഡ്രിഡ് കണക്കു തീര്‍ത്തു. സ്പാനിഷ് ലീഗിലെ എല്‍ ക്ലാസിക്കോയില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ ബാഴ്‌സയെ വീഴ്ത്തിയത്.
തുടര്‍ച്ചയായ 39 മല്‍സരങ്ങള്‍ക്കു ശേഷം ബാഴ്‌സയുടെ ആദ്യ തോല്‍വി കൂടിയാണിത്. 83ാം മിനിറ്റില്‍ സെര്‍ജിയോ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും പോരാട്ടവീര്യത്തിലൂടെ റയല്‍ മല്‍സരം സ്വന്തമാക്കുകയായിരുന്നു.
ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമാണ് മല്‍സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. നേരത്തെ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയലിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബാഴ്‌സ തരിപ്പണമാക്കിയിരുന്നു.
സ്വന്തം തട്ടകത്തില്‍ പന്തടക്കത്തില്‍ ആധിപത്യം നേടിയ ബാഴ്‌സ തന്നെയാണ് കളിയിലെ ആദ്യ ഗോളും നേടിയത്. 56ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയുടെ വകയായിരുന്നു ഗോള്‍. ഹെഡ്ഡറിലൂടെയാണ് താരം റയലിന്റെ വലകുലുക്കിയത്. എന്നാല്‍, ആറു മിനിറ്റുകള്‍ക്കകം ഫ്രഞ്ച് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയിലൂടെ റയല്‍ മല്‍സരത്തില്‍ ഒപ്പമെത്തി. 62ാം മിനിറ്റില്‍ ഉജ്ജ്വല ക്ലോസ് റേഞ്ച് ഷോട്ടിലൂടെയാണ് ബെന്‍സെമ ബാഴ്‌സ ഗോള്‍ വലയ്ക്കുള്ളിലേക്ക് പന്ത് അടിച്ചു കയറ്റിയത്.
83ാം മിനിറ്റില്‍ ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസിനെ ഫൗളിനിരയാക്കിയതോടെ റയല്‍ താരം റാമോസിന് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് കളം വിടേണ്ടിവന്നു. എന്നാല്‍, 85ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ റയല്‍ വിജയാഘോഷം നടത്തുകയായിരുന്നു. ആദ്യപകുതിയില്‍ ലയണല്‍ മെസ്സി-നെയ്മര്‍-സുവാറസ് ത്രയങ്ങള്‍ ബാഴ്‌സയ്ക്കു വേണ്ടി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവ ലക്ഷ്യത്തിലെത്തിക്കാനായിരുന്നില്ല.
രണ്ടാം പകുതിയില്‍ ബാഴ്‌സയ്ക്കു മേല്‍ ആക്രമിച്ചു കളിച്ചതാണ് റയലിനെ വിജയത്തിലേക്ക് ആനയിച്ചത്. റയലിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷം സിനദിന്‍ സിദാന്റെ ആദ്യ എല്‍ ക്ലാസിക്കോ കൂടിയായിരുന്നു ഇത്. ആദ്യ ക്ലാസിക്കോയില്‍ തന്നെ ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞത് പരിശീലകനെന്ന നിലയില്‍ സിദാന് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.
ജയത്തോടെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയുമായുള്ള പോയിന്റ് അകലം ഏഴാക്കി കുറയ്ക്കാന്‍ ലീഗില്‍ മൂന്നാമതുള്ള റയലിന് സാധിച്ചു. നിലവില്‍ 31 മല്‍സരങ്ങളില്‍ നിന്ന് 76 പോയിന്റോടെയാണ് ബാഴ്‌സ ലീഗില്‍ തലപ്പത്ത് തുടരുന്നത്. 70 പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതുള്ള റയലിന് 69 പോയിന്റാണുള്ളത്.
Next Story

RELATED STORIES

Share it