കണക്കുകള്‍ പറയാത്ത സത്യങ്ങള്‍

കലിം

ബ്രസല്‍സ് ബോംബാക്രമണം നടന്ന ഉടനെ സുരക്ഷാ വിദഗ്ധനും മുന്‍ സിഐഎ ഉദ്യോഗസ്ഥനുമായ മൈക്കേല്‍ മോറല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുമായുള്ള യുദ്ധത്തില്‍ വിജയിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടിരുന്നു. യുദ്ധത്തില്‍ ജയിക്കുക എന്നു പറഞ്ഞാല്‍ ശത്രുപോരാളികളെ കൊല്ലുകയും അവരുടെ പട്ടണങ്ങള്‍ തകര്‍ക്കുകയും ചെയ്യുകയെന്നാണ്. ഈ അര്‍ഥത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തെ കണക്കുകളെടുത്തു പരിശോധിച്ചാല്‍ ഇസ്‌ലാമിക് സ്റ്റേറ്റോ അതുപോലുള്ള സായുധ സംഘങ്ങളോ വിജയിക്കുന്നില്ലെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അല്‍ഖാഇദ പോലുള്ള സായുധസംഘങ്ങള്‍ക്ക് ഒരു പ്രദേശത്തും നിയന്ത്രണമില്ല. ഇസ്‌ലാമിക് സ്റ്റേറ്റിനാവട്ടെ ഇറാഖിലും സിറിയയിലുമുള്ള ചില പ്രദേശങ്ങളില്‍ ഒരുതരം മുനിസിപ്പല്‍ ഭരണം നടത്താന്‍ പറ്റുന്നുണ്ട്. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനുള്ളില്‍ ഇസ്‌ലാമിക സായുധ സംഘങ്ങള്‍ അഞ്ചു പ്രധാന ആക്രമണങ്ങളാണ് നടത്തിയത്. 2001ല്‍ അമേരിക്കയില്‍ നടന്ന ആക്രമണമാണ് അതില്‍ മുഖ്യം. 2005ല്‍ ലണ്ടനിലും 2015ല്‍ പാരിസിലും പിന്നെ ബ്രസല്‍സിലും. ഇതില്‍ പാരിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 150ല്‍ താഴെയാണ്. എന്നാലും ഈ വകയിലൊക്കെയായി 3402 പേരാണ് 2016 മാര്‍ച്ച് വരെ മൃതിയടഞ്ഞത്. ഇസ്രായേല്‍ അധിനിവേശത്തിനെതിരേ പോരാടുന്ന ഫലസ്തീനികളുടെ കൈയാല്‍ കൊല്ലപ്പെട്ട സയണിസ്റ്റ് കുടിയേറ്റക്കാരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ എണ്ണം 3867 ആയി ഉയരും. റഷ്യക്കാരെ പാശ്ചാത്യരായി പരിഗണിക്കുക കൂടി ചെയ്താല്‍ സിറിയയില്‍ റഷ്യ നടത്തുന്ന ബോംബാക്രമണത്തിനു ബദലായി നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടി ചേര്‍ക്കാം. അപ്പോള്‍ മരണസംഖ്യ 4560.
അതേയവസരം യൂറോപ്യന്‍-അമേരിക്കന്‍ നഗരങ്ങളില്‍ ഇസ്‌ലാമിക സായുധ സംഘങ്ങളുടെ വകയായി വന്‍ നശീകരണമൊന്നും നടന്നിട്ടില്ല. എല്ലാ നഗരങ്ങളിലും ശുദ്ധജലം, വൈദ്യുതി, ഗതാഗത സൗകര്യം എന്നിവ ലഭ്യമാണ്. റസ്റ്റോറന്റുകള്‍ ആദ്യത്തെ നടുക്കത്തിനു ശേഷം തുറന്നു പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ വിദ്യയഭ്യസിക്കുന്നു. സായുധാക്രമണം ഭയന്നു പലായനം ചെയ്തവര്‍ ആരുമില്ല. തിരഞ്ഞെടുപ്പുകളും അതിനു ചേര്‍ന്ന കുതിരക്കച്ചവടവും നടക്കുന്നു. ധനകാര്യസ്ഥാപനങ്ങള്‍ പതിവുപോലെ കൊള്ളലാഭമടിക്കുന്നു. ആകെ വന്നിരിക്കുന്ന ഒരു മാറ്റം സുരക്ഷയുടെ പേരിലുള്ള നിരീക്ഷണവും വിവേചനവുമാണ്. അതുതന്നെയും അംഗീകൃത പൗരന്‍മാര്‍ക്ക് അത്ര അനുഭവവേദ്യമാവുന്നുണ്ടോ എന്ന കാര്യം സംശയമാണ്.
സപ്തംബര്‍ 11നുശേഷം മുസ്‌ലിംകള്‍ നടത്തിയ എല്ലാ ആക്രമണങ്ങളുടെയും കണക്കുകള്‍ നമുക്കു ലഭ്യമാണ്. ജനപ്രിയ മാധ്യമങ്ങളില്‍ അവയുടെ കണ്ണീര്‍ക്കഥകളും വായിക്കാം. എന്നാല്‍ യുഎസിലെ ബ്രൗണ്‍ യൂനിവേഴ്‌സിറ്റി 2001ലെ അഫ്ഗാന്‍ അധിനിവേശത്തിന്റെ നാശനഷ്ടങ്ങളുടെയും കൊല്ലപ്പെട്ടവരുടെയും ഒരു കണക്ക് പ്രസിദ്ധീകരിച്ചിരുന്നു. 92,000 അഫ്ഗാനികളെയാണ് ജോര്‍ജ് ബുഷിന്റെ പട്ടാളക്കാര്‍ കൊന്നൊടുക്കിയത്. ബ്രൗണ്‍ യൂനിവേഴ്‌സിറ്റി തന്നെ പറയുന്നത് ഇറാഖ് അധിനിവേശത്തില്‍ 1,65,000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. 2004-2005ല്‍ താലിബാനെതിരേ യുഎസ് തുടങ്ങിവച്ച രഹസ്യ യുദ്ധത്തില്‍ മരിച്ചവര്‍ 57,000ത്തിലധികം വരും. മിക്കവാറും ഡ്രോണ്‍ ആക്രമത്തിലാണു കൊല്ലപ്പെട്ടത്. ഈ കണക്കുകള്‍ ശേഖരിച്ചവര്‍ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതു മാത്രമാണവ. റിപോര്‍ട്ട് ചെയ്യപ്പെടാത്ത കൊലകള്‍ ഒരുപാട് വേറെയുമുണ്ടാവും. ഉദാഹരണത്തിന് ഇന്‍ഫര്‍മേഷന്‍ ക്ലിയറിങ് ഹൗസ് ഇറാഖില്‍ 15 ലക്ഷത്തോളം പേര്‍ പലവകയില്‍ മരണമടഞ്ഞു എന്നു പറയുന്നുണ്ട്. പട്ടിണി, പോഷകാഹാരക്കുറവ്, രോഗം എന്നിവയാവും കാരണങ്ങള്‍. ഇടത്തരം സമ്പന്ന രാജ്യമായിരുന്ന ലിബിയയെ യുഎസ് ആശിര്‍വാദത്തോടെ നാറ്റോ രാജ്യങ്ങള്‍ ആക്രമിക്കുകയും ശിഥിലമാക്കുകയും ചെയ്തപ്പോള്‍ 3000ത്തിലധികം പേര്‍ ബോംബിങില്‍ മാത്രം മരിച്ചുവീണു. ഏകാധിപതിയായ ബശ്ശാറുല്‍ അസദിന്റെ ദുര്‍ഭരണത്തിനെതിരേ സിറിയയില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭം വിജയിക്കുമെന്നായപ്പോഴാണ് അമേരിക്കയും സൗദി അറേബ്യയും യുഎഇയും ഇടപെട്ടു വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ചില സിറിയന്‍ നേതാക്കളെ ദമസ്‌കസില്‍ അവരോധിക്കാന്‍ ശ്രമിക്കുന്നത്. തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ട സിറിയക്കാരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞെന്ന് അധിനിവേശത്തെ പിന്തുണച്ച യുഎന്‍ പറയുന്നു. 2013നു ശേഷമാണ് മരണസംഖ്യ കുതിച്ചുയരുന്നത്. ബശ്ശാറുല്‍ അസദിന്റെ ബോംബാക്രമണവും റഷ്യന്‍ ബോംബിങുമായിരുന്നു പ്രതിപക്ഷ പോരാളികള്‍ നടത്തിയ ആക്രമണങ്ങളേക്കാള്‍ കൂട്ടക്കൊലയ്ക്കു വഴിവച്ചത്.
ഇക്കാലയളവില്‍ തന്നെയാണ് ഇസ്രായേല്‍ മൂന്ന് ആക്രമണങ്ങള്‍ നടത്തുന്നത്-2000ലും 2008-09ലും 2014ലും. ഗസയില്‍ നടന്ന ആക്രമണത്തില്‍ 4000ത്തിലധികം നിരപരാധികള്‍ മരണമടഞ്ഞു. മരിച്ച ഇസ്രായേലികളുടെ എണ്ണം നൂറില്‍ താഴെ. 2006ല്‍ ലബ്‌നാനിലെ ഹിസ്ബുല്ലയെ ഒതുക്കാനായുള്ള സയണിസ്റ്റ് ശ്രമത്തില്‍ 1200ലധികം ലബ്‌നാനികളാണ് കൊല്ലപ്പെടുന്നത്.
പാശ്ചാത്യ രാഷ്ട്രങ്ങള്‍ നടത്തുന്ന പ്രചാരണ കോലാഹലം കാരണം ഈ കണക്കുകളൊന്നും ജനശ്രദ്ധയില്‍ പെടാന്‍ ഇടയില്ല. കാരണം ഐഎസ് ആളുകളെ ഫ്രീസറിലിട്ടു കൊല്ലുന്നതിന്റെയും നൂറുകണക്കിനാളുകളുടെ തലയറുക്കുന്നതിന്റെയും ഹൊറര്‍ വീഡിയോ കാണുന്ന തിരക്കിലാണ് പലരും. അത്തരം പ്രചാരണം തന്നെ യുദ്ധത്തിന്റെ ഭാഗമാണ്. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിനിടയില്‍ കോളനി രാഷ്ട്രങ്ങളിലെ ജനതകള്‍ നടത്തിയ എല്ലാ ചെറുത്തുനില്‍പ്പും ആദ്യത്തില്‍ ഭീകരപ്രവര്‍ത്തനമായിട്ടാണ് പാശ്ചാത്യ തലസ്ഥാനങ്ങള്‍ കരുതിയിരുന്നത്. 1898ല്‍ അമേരിക്കന്‍ സൈന്യം സ്‌പെയിന്‍കാരെ തോല്‍പിച്ചു ഫിലിപ്പീന്‍സ് കൈയടക്കിയപ്പോള്‍ അവരുടെ ചെറുത്തുനില്‍പ്പിനെ പ്രാകൃതരുടെ ഭീകരകൃത്യമെന്ന് യുഎസ് പ്രസിഡന്റ് മക്കിന്‍ലി വിശേഷിപ്പിച്ചു. അതേ പ്രക്രിയ തന്നെ ഇപ്പോള്‍ പുതിയ രൂപത്തില്‍ നടക്കുന്നു. 1908ല്‍ ഇറാനില്‍ എണ്ണശേഖരമുണ്ടെന്നു കണ്ടപ്പോഴാണ് ബ്രിട്ടനും തുടര്‍ന്ന് അമേരിക്കയും മധ്യപൗരസ്ത്യദേശത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാനില്‍ ജനാധിപത്യാടിസ്ഥാനത്തില്‍ അധികാരത്തില്‍ വന്ന മുഹമ്മദ് മുസദ്ദിഖിനെ തെരുവില്‍ കൃത്രിമമായി കലാപമുണ്ടാക്കി പുറത്താക്കാന്‍ സിഐഎ മുതിരുന്നത് 1953ലാണ്. അത്തരം ഇടപെടലുകളുടെ ഏറ്റവും ക്രൂരമായ ഘട്ടമാണ് ഇറാഖ് അധിനിവേശത്തില്‍ ലോകം കാണുന്നത്. മാത്രമല്ല, ഇക്കഴിഞ്ഞ രണ്ടുമൂന്ന് ദശാബ്ദങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ചെറുത്തുനില്‍പ്പു സംഘടനകള്‍ എല്ലാം മാര്‍ഗത്തില്‍ വ്യത്യസ്തമായിരുന്നുവെങ്കിലും ലക്ഷ്യത്തില്‍ ഒന്നുതന്നെയായിരുന്നു. അഫ്ഗാനിസ്ഥാനിലെ പാവഗവണ്‍മെന്റിനു സോവിയറ്റ് യൂനിയന്‍ പിന്തുണ നല്‍കിയതിന്റെ ഫലമായി അഫ്ഗാന്‍ മുജാഹിദുകളുണ്ടായി. ഇറാഖ് അധിനിവേശത്തോടെ അല്‍ഖാഇദയ്ക്ക് സ്വാധീനം വര്‍ധിച്ചു.
പ്രചാരണ യുദ്ധത്തില്‍ അറിഞ്ഞോ അറിയാതെയോ പങ്കാളികളാവുന്നവരാണ് ചില ആക്രമണങ്ങളില്‍ മാത്രം നടുങ്ങുന്നത്. അവര്‍ മലാലാ യൂസുഫ് സായിയെ പറ്റി മാത്രം പറയുകയും അവരുടെ പടം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. അവര്‍ക്ക് അസ്മ ബല്‍ത്താഗിയെ അറിയില്ല. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതാവായ മുഹമ്മദ് ബല്‍ത്താഗിയുടെ 17കാരിയായ മകള്‍ അസ്മയെ 2013ല്‍ കെയ്‌റോയിലെ റാബിയ അല്‍ അദബിയ ചത്വരത്തില്‍വച്ച് ഒരു ഒളിവെടിക്കാരന്‍ വെടിവച്ചുകൊല്ലുകയായിരുന്നു.
ആ അറിവില്ലായ്മയാണ് വിചിത്രമായ, പ്രവചനാതീതമായ രീതിയില്‍ പെരുമാറുന്ന സായുധ സംഘങ്ങള്‍ക്കു ജന്മംകൊടുക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പുതിയ പിശാച് 2014 വരെ അവരുടെ പോരാട്ടം സിറിയ-ഇറാഖ് മേഖലയില്‍ കേന്ദ്രീകരിക്കുകയായിരുന്നു. നോര്‍വീജിയന്‍ പ്രതിരോധ വകുപ്പിലെ ഗവേഷണവിഭാഗം 2011 ജനുവരി 2014 മെയ് കാലയളവില്‍ ഐഎസുമായി ബന്ധപ്പെടുത്താവുന്ന നാലു പദ്ധതികള്‍ മാത്രമാണ് തിരിച്ചറിയുന്നത്. എന്നാല്‍ അതിനുശേഷം അവയില്‍ വലിയ കുതിപ്പുണ്ടായി. 2014 ആഗസ്തിലാണ് യുഎസ് ഐഎസിന്റെ പ്രദേശങ്ങളില്‍ ബോംബിടാന്‍ തുടങ്ങുന്നത്. സപ്തംബറില്‍ ഫ്രാന്‍സ് യുഎസിനോടൊപ്പം ചേര്‍ന്നു; പിന്നെ റഷ്യയെത്തി. പാരിസില്‍ ബോംബാക്രമണം കഴിഞ്ഞ് ഐഎസ് പറഞ്ഞത് ഞങ്ങളെ ബോംബിടുന്ന കാലത്തോളം ഫ്രഞ്ചുകാര്‍ക്ക് സമാധാനമുണ്ടാവില്ല എന്നാണ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മാര്‍കോ റൂബിയോ പറഞ്ഞതു പോലെ പാരിസിലെ ബോംബ് പാശ്ചാത്യര്‍ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നതുകൊണ്ടോ അവര്‍ സഹിഷ്ണുതയുള്ള സമൂഹമായതുകൊണ്ടോ അല്ല. ശുദ്ധമായ പ്രതികാരമായിരുന്നുവത്. ആഴ്ചകള്‍ക്കുമുമ്പ് ഐഎസ് സിനായില്‍ ഒരു റഷ്യന്‍ വിമാനം ബോംബു വച്ചു തകര്‍ത്തത് പുടിന്റെ രാജ്യം ജനാധിപത്യത്തിന്റെ വിളനിലമായതുകൊണ്ടല്ല. അതും വെറും പ്രതികാരം.
യുദ്ധമെന്നതു മറ്റൊരു തരത്തിലുള്ള രാഷ്ട്രീയമാണെന്ന് യുഎസിനും ഫ്രാന്‍സിനും ബ്രിട്ടനും അറിയുന്ന പോലെ ഇസ്‌ലാമിക് സ്റ്റേറ്റിനുമറിയാമെന്നു ചുരുക്കം. യുദ്ധം വലിയ ബജറ്റുള്ള ഭീകരപ്രവര്‍ത്തനമാണെന്ന് ആരോ പറഞ്ഞു.
Next Story

RELATED STORIES

Share it