കണക്കുകളില്‍ ഒതുങ്ങാത്ത ദുരന്തം

കണക്കുകളില്‍ ഒതുങ്ങാത്ത ദുരന്തം
X
slug--rashtreeya-keralamതിരഞ്ഞെടുപ്പ് കഴിഞ്ഞു, ഫലം വന്നു. ഇതു വിശകലനത്തിന്റെ കാലമാണ്. വിജയത്തിന്റെ ആഹ്ലാദവും പരാജയത്തിന്റെ ആഘാതവും ആശങ്കകളും പ്രതീക്ഷകളുമെല്ലാം ശതമാനക്കണക്കുകളില്‍ കെട്ടിമറിയുന്ന ദിവസങ്ങള്‍. നേടിയവര്‍ക്കും വീണവര്‍ക്കുമെല്ലാം സ്വയം ന്യായീകരണത്തിനും ആശ്വാസത്തിനുമുള്ള വക കണ്ടെത്താന്‍ ശതമാനക്കണക്കുകള്‍ സഹായകമാവും. എന്നാല്‍, അതിനേക്കാളുപരി ഈ തിരഞ്ഞെടുപ്പുഫലം സമൂഹത്തില്‍ ഉണ്ടാക്കിയ പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും എന്ത് എന്നുള്ളതാണ് ഇത്തരം കണക്കെടുപ്പുകളേക്കാള്‍ പ്രസക്തം. ജനമാണ് വിധിയെഴുതിയത്. അതുകൊണ്ടുതന്നെ, ജനവിധിയില്‍ പ്രതിഫലിക്കുന്ന രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളെ കാണാതെ പോവുന്ന കണക്കെടുപ്പുകള്‍ യാഥാര്‍ഥ്യത്തില്‍നിന്നുള്ള ഒളിച്ചോട്ടമാവും.
തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ നേട്ടത്തെ ചെറുതായി കാണാനാവില്ല. ബംഗാളില്‍ ഒരിക്കല്‍ക്കൂടി തകര്‍ന്നടിഞ്ഞപ്പോള്‍, ഈ വിജയം അവര്‍ക്ക് അനിവാര്യമായിരുന്നു. 2011ലെ 47 സീറ്റില്‍നിന്ന് 63 എന്ന ഭേദപ്പെട്ട നിലയിലേക്ക് എത്തിപ്പെടാന്‍ അവര്‍ക്കു കഴിഞ്ഞു. ഈഴവവോട്ടുകളുടെ അടിത്തറയില്‍നിന്ന് ഉയര്‍ന്നുവന്ന ബിഡിജെഎസുമായി ചേര്‍ന്ന് ബിജെപി രൂപം നല്‍കിയ പുതിയ കൂട്ടുകെട്ടിന്റെ ഭീഷണിയെ മറികടന്ന്, തങ്ങളുടെ രാഷ്ട്രീയാടിത്തറ ഇളക്കമില്ലാതെ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതില്‍ സിപിഎമ്മിന് അഭിമാനിക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായതുപോലുള്ള സ്വന്തം കാല്‍ക്കീഴില്‍നിന്നുള്ള വോട്ട് ചോര്‍ച്ച ഇക്കുറി ഉണ്ടായില്ല. പക്ഷേ, അധികാരത്തിലേക്കുള്ള അവരുടെ പാത സുഗമമാക്കിയ ഘടകങ്ങള്‍ മറ്റുപലതുമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ യുഡിഎഫ് ഭരണത്തില്‍ ആദ്യാവസാനം നിറഞ്ഞുനിന്ന അഴിമതിയുടെ ദുര്‍ഗന്ധത്തോടുള്ള സാധാരണക്കാരന്റെ വിരക്തി, ഇടതിന് അനുകൂലമായി ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. തിരഞ്ഞെടുപ്പു പ്രചാരണഘട്ടത്തില്‍ അഴിമതി സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്തിയ എല്‍ഡിഎഫ് തന്ത്രത്തിന്റെ വിജയമാണിത്.
അതേസമയം, മലബാറിലും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നിര്‍ണായകമായത്, മുസ്‌ലിം-ക്രിസ്ത്യന്‍ മേഖലകളിലുണ്ടായ സിപിഎം അനുകൂല മനോഭാവമാണ്. യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനത്തിനും ബിഡിജെഎസ്-ബിജെപി സഖ്യം പ്രയോഗിച്ച ഹിന്ദുത്വരാഷ്ട്രീയത്തിനും എതിരായ വികാരമാണ് പാരമ്പര്യമായി യുഡിഎഫിനെ തുണച്ചിരുന്ന ന്യൂനപക്ഷ വോട്ടുകളെ ഇത്തരത്തില്‍ വഴിമാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സ്ഥാനാര്‍ഥിനിര്‍ണയത്തിലടക്കം സ്വീകരിച്ച രാഷ്ട്രീയത്തിനതീതമായ ചില ഇടപെടലുകളാണ് ഇവിടെ സിപിഎമ്മിന് സഹായകമായത്. മലപ്പുറത്ത് ഇടതു സ്വതന്ത്രര്‍ നേട്ടം കൈവരിച്ചപ്പോഴും ശക്തിദുര്‍ഗങ്ങളില്‍ കാര്യമായ പോറലേല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ ലീഗിന് ആയി എന്നത് ശ്രദ്ധേയമാണ്. മധ്യകേരളത്തില്‍ തൃശൂര്‍ ഒപ്പം നിന്നെങ്കിലും കോട്ടയം, ഇടുക്കി ജില്ലകളില്‍, മറ്റു മേഖലകളില്‍ ദൃശ്യമായ തരംഗത്തിനനുസൃതമായ ഒരു കടന്നുകയറ്റം സാധ്യമായില്ല. തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട മാണിയും കൂട്ടരും പിടിച്ചുനിന്നപ്പോള്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സിപിഎം നടത്തിയ ഇടതു പരീക്ഷണം പാടേ തകര്‍ന്നടിഞ്ഞു. പൂഞ്ഞാറില്‍ പി സി ജോര്‍ജിനെതിരേ പിണറായി നേരിട്ടെത്തി മെനഞ്ഞ തന്ത്രങ്ങളും പാളി. അതുകൊണ്ടുതന്നെ, ഇപ്പോഴുണ്ടായ ഇടത് അനുകൂല മനോഭാവം സ്ഥായിയാണെന്നു പറയാന്‍ കഴിയില്ല. മറിച്ച് എല്ലാകാലത്തുമെന്നപോലെ തിരഞ്ഞെടുപ്പുകാലത്ത് രൂപപ്പെട്ടുവന്ന സാഹചര്യങ്ങളെ അനുകൂലമാക്കാന്‍ കഴിഞ്ഞുവെന്നു മാത്രം. മറ്റൊരു തിരഞ്ഞെടുപ്പുകാലം വരെ മാത്രമാവും ഇതിന്റെ ആയുസ്സ്.
കേരളത്തിലെ രണ്ടു മുന്നണി സംവിധാനങ്ങളും നേരിടുന്ന ഈ ദൗര്‍ബല്യത്തിന്റെ ആനുകൂല്യമാണ് എന്‍ഡിഎ സഖ്യം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടത്തിന് ആധാരം. വോട്ടുവര്‍ധനയില്‍ ഇടതുമുന്നണിയെക്കാള്‍ നേട്ടം അവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ ലഭ്യമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഒമ്പതു ശതമാനം വോട്ടുവിഹിതവും 20 ലക്ഷം വോട്ടും അധികം നേടിയെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍. വെള്ളാപ്പള്ളിയുടെ ബിഡിജെഎസുമായുള്ള കൂട്ടുകെട്ട് പല സ്ഥലത്തും പ്രതീക്ഷിച്ച ഫലം ചെയ്തില്ലെന്ന നിരീക്ഷണങ്ങള്‍ക്കിടയിലാണ് ബിജെപി ഈ നേട്ടം കൊയ്തിരിക്കുന്നത്. ഏഴിടത്ത് രണ്ടാംസ്ഥാനത്തെത്തിയ അവര്‍ക്ക് 46 ഇടത്ത് 25,000നു മുകളിലും അതില്‍ തന്നെ മൂന്നിടത്ത് അരലക്ഷത്തിനു മുകളിലേക്കും എത്താന്‍ കഴിഞ്ഞു. കേരളത്തില്‍ ഹിന്ദുത്വചേരിയോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള സംഘപരിവാരത്തിന്റെ കാലങ്ങളായുള്ള പരിശ്രമത്തോട് അനുഭാവം പുലര്‍ത്തുന്നവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ബിജെപി നേതൃത്വത്തിന് ഇത്രയൊക്കെ തന്നെ ധാരാളം. 140 മണ്ഡലങ്ങളിലും വോട്ടുവിഹിതം വര്‍ധിപ്പിച്ച മുന്നണിസംവിധാനം എന്ന നിലയില്‍ എന്‍ഡിഎ ഒരു മൂന്നാംചേരിയായി എന്ന് സ്ഥാപിക്കാനും അവര്‍ക്കു കഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ സാമ്പ്രദായിക ഹിന്ദുസാമുദായിക സംഘടനാസംവിധാനങ്ങളുടെ തിട്ടൂരങ്ങള്‍ക്കനുസരിച്ച് മാറിമാറിയുന്ന സ്വഭാവം ഈ ചേരി പ്രകടിപ്പിക്കണമെന്നില്ല. കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമുദായിക ധ്രുവീകരണത്തിന്റെ അനന്തരഫലമായുണ്ടായ ഒരു സാമൂഹിക ദുരന്തമായി വേണം ഇതിനെ വിലയിരുത്താന്‍. ഒരു തിരഞ്ഞെടുപ്പുകാലംകൊണ്ട് തിരിച്ചുനടക്കാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയായി ഇതിനെ ചുരുക്കിക്കാണാനും കഴിയില്ല. താല്‍ക്കാലിക രാഷ്ട്രീയനേട്ടത്തിനു വേണ്ടി കേരളത്തില്‍ ന്യൂനപക്ഷ പ്രീണനം നടക്കുന്നുവെന്ന് അലമുറയിട്ടു കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്ത മതേതര ചേരിക്കാരാണ് ഇതിന് ഉത്തരം പറയേണ്ടത്. എ കെ ആന്റണി മുതല്‍ വി എസ് അച്യുതാനന്ദന്‍ വരെയുള്ള ഒന്നാംനിരക്കാരും എ കെ ബാലന്‍ മുതല്‍ കെ മുരളീധരന്‍ വരെയുള്ള രണ്ടാംനിരക്കാരുമെല്ലാം ഈ സിദ്ധാന്തം തക്കംനോക്കി എടുത്തുപയോഗിച്ചവരാണ്. ഫലം പരിശോധിക്കുമ്പോള്‍ വിഎസിന്റെ മണ്ഡലത്തില്‍ രണ്ടാംസ്ഥാനക്കാരായാണ് എന്‍ഡിഎ ഫിനിഷ് ചെയ്തത്. വട്ടിയൂര്‍ക്കാവില്‍ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടായിരുന്നില്ലെങ്കില്‍ കുമ്മനത്തിനു വഴിമാറി കെ മുരളീധരന്, അഞ്ചാംമന്ത്രിക്കാലത്ത് തകര്‍ന്നടിഞ്ഞ സാമുദായികസന്തുലനം തിരിച്ചുപിടിക്കാനും കഴിയുമായിരുന്നു.
എന്തായാലും മുരളീധരന് കഴിയാതെപോയത്, നേമത്തെ സഹപ്രവര്‍ത്തകര്‍ സാധ്യമാക്കിയതില്‍ വി ഡി സതീശന്‍ അടക്കമുള്ള സന്തുലനവാദികള്‍ക്ക് ആശ്വസിക്കാം. അതുകൊണ്ട്, ബിജെപി ഭീഷണി ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വോട്ടുകളെ പ്രീണിപ്പിക്കുന്ന പതിവ് ശൈലി കൂടി രണ്ടു മുന്നണികളും അവസാനിപ്പിക്കാന്‍ സമയമായി. കാരണം, ബിജെപിയെ പ്രതിരോധിക്കേണ്ട മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ വീഴേണ്ടിടത്ത് ഇക്കുറിയും കൃത്യമായി വീണിട്ടുണ്ട്. പതിവുപോലെ യുഡിഎഫ് തകര്‍ന്നപ്പോള്‍ എല്‍ഡിഎഫ് നേട്ടം കൊയ്യുകയും ചെയ്തു. എന്നാല്‍, ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞതുമില്ല.
Next Story

RELATED STORIES

Share it