Flash News

കണക്കിലും പിഴവ്‌

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തത്തില്‍ കേരളത്തില്‍ നിന്നു കാണാതായവരുടെ എണ്ണത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ തര്‍ക്കം. കേരളത്തില്‍ നിന്നു മാത്രം 261 പേരെ കാണാതായിട്ടുണ്ടെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ ലോക്‌സഭയില്‍ അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കു പ്രകാരം കേരളത്തില്‍ നിന്ന് 261ഉം തമിഴ്‌നാട്ടില്‍ നിന്ന് 400 പേരെയുമാണ് കാണാതായിട്ടുള്ളത്. 875 പേരെ ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും വ്യോമസേനയും ചേര്‍ന്നു രക്ഷപ്പെടുത്തിയതായും എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
രക്ഷപ്പെടുത്തിയവരില്‍ 453 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 362 പേര്‍ കേരളത്തില്‍ നിന്നും 30 പേര്‍ ലക്ഷദ്വീപില്‍ നിന്നുമുള്ളവരാണ്. കാണാതായവരുടെ കൃത്യമായ വിവരം നല്‍കേണ്ടത് സംസ്ഥാന ഫിഷറീസ് വകുപ്പുകളാണെന്നും മന്ത്രി അറിയിച്ചു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാമ്പത്തികവും സൈനിക ശാസ്ത്രവിദ്യയുമായി ബന്ധപ്പെട്ട സഹായങ്ങളും എത്തിച്ചുകൊടുക്കുമെന്ന് മന്ത്രി അറിയിച്ചു.
കടലിലെ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും എയര്‍ഫോഴ്‌സിന്റെയും തീരദേശ പോലിസിന്റെയും മറ്റ് ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം നടത്തിയെന്നും മന്ത്രി അവകാശപ്പെട്ടു.
അതേസമയം, സംസ്ഥാനത്തു നിന്ന് 143 മല്‍സ്യത്തൊഴിലാളികളെയാണ് കാണാതായതെന്നാണ്  ഡല്‍ഹിയിലെത്തിയ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ പല തരത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇതിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് കടലില്‍ പോയ 95 പരമ്പരാഗത മല്‍സ്യത്തൊഴിലാളികളും ബോട്ടുകളില്‍ പോയ 31 പേരും ഉള്‍പ്പെടെയാണിത്. 92 പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെയാണ് കാണാതായതെന്നായിരുന്നു സഭാ നേതൃത്വം നല്‍കിയ കണക്കെങ്കിലും സര്‍ക്കാര്‍ പരിശോധനയിലാണ് 95 പേരുണ്ടെന്നു വ്യക്തമായത്.
കാണാതായ 17 മല്‍സ്യത്തൊഴിലാളികളുടെ പേരില്‍ പ്രഥമവിവര റിപോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. 37 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രസംഘം അടിയന്തര ധനസഹായമായി പ്രഖ്യാപിച്ച 133 കോടി തികച്ചും അപര്യാപ്തമാണെന്നും തുക വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്ന നിര്‍ണായകവേളയില്‍ മന്ത്രി ഡല്‍ഹിയിലാണെന്ന വിവാദത്തില്‍ കഴമ്പില്ലെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി അടക്കമുള്ളവര്‍ സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ കാര്യങ്ങള്‍ നേരിട്ടു ബോധ്യപ്പെടുത്തിയതാണ്. ഇപ്പോഴത്തേത് ഉദ്യോഗസ്ഥസംഘത്തിന്റെ സന്ദര്‍ശനമായതിനാല്‍ സംസ്ഥാനത്തെ വകുപ്പ് ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് കൈമാറിയാല്‍ മതി.
വള്ളങ്ങള്‍ നഷ്ടമായ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ആധുനിക സംവിധാനങ്ങളുള്ള ബോട്ടുകള്‍ നല്‍കും . അതിനാല്‍, ഇവര്‍ക്ക് ബോട്ടില്‍ ഉപയോഗിക്കേണ്ട ഇന്ധനത്തിന് സബ്‌സിഡി നല്‍കണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it