malappuram local

കണക്കകുന്ന് കോളനിക്ക് സമീപം കക്കൂസ് മാലിന്യം തള്ളി

എടക്കര: വഴിക്കടവ് പഞ്ചായത്തിലെ മണല്‍പാടം കണക്കകുന്ന് ഹരിജന്‍ കോളനിക്ക് സമീപമുള്ള പാടശേഖരത്ത് കക്കൂസ് മാലിന്യം തള്ളി. ഇന്നലെ പുലര്‍ച്ചയോടെയാണ് വെള്ളം ഒഴിഞ്ഞുപോവാത്ത പാടശേഖരത്തില്‍ മാലിന്യം തള്ളിയത്. വയലില്‍ കെട്ടിക്കിടക്കുന്ന മലിനജലം പ്രദേശത്ത് കടുത്ത പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.
മഴ പെയ്യുന്നതോടെ പാടം നിറഞ്ഞു കവിഞ്ഞ് സമീപത്തെ തോടും മലിനമാവും. പ്രദേശവാസികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കാരക്കോടന്‍ പുഴയിലാണ് ഈ തോട് പതിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളുള്ള പ്രദേശത്തേക്ക് കക്കൂസ് മാലിന്യം എത്തിയത് വഴിക്കടവ് ബസ്സ്റ്റാന്റിനു മുന്നിലെ കെട്ടിടത്തില്‍ നിന്നാണ്. നിരവധി സ്ഥാപനങ്ങളും ലോഡ്ജും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ടാങ്കുകള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കെഎന്‍ജി റോഡരികിലെ ശുചിമുറി മാലിന്യ ടാങ്ക് തുറന്ന് മാലിന്യം ജനവാസകേന്ദ്രത്തിലേക്കു കടത്തുകയായിരുന്നു. കുറച്ചു മാറി പോലിസ്, എക്‌സൈസ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരറിയാതെ എങ്ങനെ ടാങ്കിലെ മാലിന്യം ഊറ്റിയെടുത്തുവെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ടാങ്കിനു സമീപം റോഡിലും നടപ്പാതയിലും മാലിന്യം പരന്നു ദുര്‍ഗന്ധം വമിക്കുന്നുണ്ട്.
രാവിലെ പത്രവിതരണത്തിനെത്തിയവരാണ് റോഡില്‍ മാലിന്യം പരന്നു കിടക്കുന്നതായി കണ്ടത്. തുടര്‍ന്നു നടത്തിയ അനേ്വഷണത്തില്‍ മാലിന്യം തള്ളിയ സ്ഥലം കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ ഉടനെ പഞ്ചായത്ത്,  പോലിസ്, ആരോഗ്യ അധികൃതര്‍ സ്ഥലത്തെത്തി. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it