Flash News

കഠ്‌വ: സിബിഐ ഇല്ല; കേസ് പഞ്ചാബിലേക്ക് മാറ്റി

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു കൊന്ന കേസിന്റെ വിചാരണ പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയിലേക്കു മാറ്റിക്കൊണ്ട് സുപ്രിംകോടതി ഉത്തരവ്. അതേസമയം, കേസന്വേഷണം സിബിഐക്കു വിടണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി.
വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. വിചാരണ സംസ്ഥാനത്തിനകത്ത് നടന്നാല്‍ നീതിപൂര്‍വമാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ പിതാവ് പരമോന്നത കോടതിയെ സമീപിച്ചത്. നാലു പോലിസുകാരും ഒരു ക്ഷേത്ര പൂജാരിയും അടക്കം എട്ടുപേരാണ് കേസിലെ പ്രതികള്‍.
സാക്ഷികളുടെ ഉള്‍പ്പെടെ സൗകര്യം പരിഗണിച്ചാണ് കേസ് പത്താന്‍കോട്ടിലേക്കു മാറ്റിയത്. ഭരണഘടനയുടെ അനുച്ഛേദം 21 (ജീവിക്കാനുള്ള മൗലികാവകാശം) പ്രകാരം നീതിപൂര്‍വകമായ വിചാരണ പരമപവിത്രമായ അടിസ്ഥാന തത്ത്വമാണെന്ന് നിരീക്ഷിച്ചാണ് മൂന്നംഗ പ്രത്യേക ബെഞ്ച് കേസ് പത്താന്‍കോട്ടിലേക്ക് മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്.
സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലാവും വിചാരണ നടക്കുക. കേസ് മാറ്റിവയ്ക്കാതെ ദിവസേന രഹസ്യവിചാരണ നടത്തണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ജമ്മുകശ്മീരില്‍ മാത്രം ബാധകമായി രണ്‍ബീര്‍ ശിക്ഷാനിയമം അനുസരിച്ചായിരിക്കണം വിചാരണ നടത്തേണ്ടതെന്നും വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റരുതെന്നും പത്താന്‍കോട്ട് ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പത്താന്‍കോട്ട് ജില്ലാ കോടതിയിലേക്ക് മുദ്രവച്ച കവറില്‍ പോലിസ് സുരക്ഷയില്‍ എത്തിക്കണമെന്ന് കഠ്‌വ ജില്ലാ സെഷന്‍സ് കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. കൂടാതെ പത്താന്‍കോട്ട് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ജമ്മുകശ്മീര്‍ സര്‍ക്കാരിന് അനുമതിയും നല്‍കിയിട്ടുണ്ട്. നടപടികളെല്ലാം കാമറയില്‍ പകര്‍ത്തും. പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സാക്ഷികള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജൂലൈ ഒമ്പതിന് സുപ്രിംകോടതി കേസ് വീണ്ടും പരിഗണിക്കും. കഠ്‌വ ജില്ലയുടെ സമീപ ജില്ലകളായ ഉദ്ദംപൂര്‍, സാംബ, ജമ്മു, റംപാല്‍ എന്നിവിടങ്ങളിലേക്ക് വിചാരണ മാറ്റുന്ന കാര്യം ഇന്നലെ വാദത്തിനിടെ കോടതി പരിഗണിച്ചെങ്കിലും കുട്ടിയുടെ പിതാവിന്റെ അഭിഭാഷകരും പ്രതിഭാഗം അഭിഭാഷകരും തമ്മില്‍ സമവായത്തില്‍ എത്താത്തതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. കഠ്‌വയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമുള്ള പത്താന്‍കോട്ടിലേക്ക് മാറ്റുന്നതിനെ ഇരുവിഭാഗവും അംഗീകരിച്ചു.
കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം കേസിലെ രണ്ടു പ്രതികള്‍ ശക്തമായി എതിര്‍ത്തിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്നാണ് പ്രതികളുടെയും പ്രതികളെ പിന്തുണച്ച് രംഗത്തെത്തിയ അഭിഭാഷക സംഘടനകളുടെയും ആവശ്യം. ഈ ആവശ്യമുന്നയിച്ച് ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ പ്രതികള്‍ക്കു വേണ്ടി ഹരജിയും നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഇന്നലെ പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ സൂചിപ്പിച്ചു. എന്നാല്‍, സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കേസായതിനാല്‍ ഈ വിഷയത്തിലുള്ള ഒരു കേസും ഇനി മറ്റൊരു കോടതിയിലും വാദം കേള്‍ക്കില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സിബിഐ അന്വേഷണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. ഇരകള്‍, കുറ്റാരോപിതര്‍, സാക്ഷികള്‍ എന്നിവര്‍ സുരക്ഷിതരായിരിക്കണം. അവര്‍ക്കു നിര്‍ഭയമായി കോടതിയില്‍ ഹാജരാവുന്നതിന് യാതൊരു തടസ്സവുമുണ്ടാവരുതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, കേസിന്റെ വിചാരണ നടക്കുന്ന പത്താന്‍കോട്ടില്‍ പഞ്ചാബ് സര്‍ക്കാര്‍ മതിയായ സുരക്ഷ ഒരുക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it