കഠ്‌വ സംഭവത്തില്‍ മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്‌തെന്ന് വ്യാജ വീഡിയോ

ന്യൂഡല്‍ഹി: കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്്തുകൊന്ന സംഭവത്തില്‍ മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തുവെന്ന പ്രചാരണം വ്യാജമെന്നു കണ്ടെത്തല്‍. മധ്യപ്രദേശില്‍ 13കാരിയെ പീഡിപ്പിച്ച പ്രതിയെ കോടതിയില്‍ എത്തിക്കുമ്പോള്‍ ജനം കരിപൂശുന്നതും ചെരിപ്പുകൊണ്ട് അടിക്കുന്നതുമായ 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് കഠ്‌വ സംഭവത്തിലേതെന്നു കാണിച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്.
വാട്‌സ്ആപ്പിലും ഫേസ്ബുക്കിലുമായി ലക്ഷക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്ത വീഡിയോ വ്യാജമാണെന്ന് ആള്‍ട്ട് ന്യൂസ് വെബ്‌പോര്‍ട്ടലാണ് തെളിവുകള്‍ സഹിതം വ്യക്തമാക്കിയത്. വീഡിയോയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനവും പ്രതിക്ക് അകമ്പടിയായി നിന്ന പോലിസുകാരുടെ ചുമലിലെ അധികാര മുദ്രകളുമാണ് സംഭവം മധ്യപ്രദേശിലേതാണെന്നു തെളിയിച്ചത്. വീഡിയോയുടെ വിശദവിവരം ലഭിക്കാന്‍ ഫേസ്ബുക്കില്‍ തങ്ങളുടെ പേജില്‍ ആള്‍ട്ട് ന്യൂസ് വീഡിയോയും വാര്‍ത്തയും നല്‍കി. തുടര്‍ന്നു ലഭിച്ച കമന്റുകളില്‍ നിന്നു സംഭവം നടന്നത് ഭോപാലിലെ ഹനുമാന്‍ഗഞ്ചിലാണെന്നു കണ്ടെത്തി. പിന്നീട് ഹനുമാന്‍ഗഞ്ച് ടൗണ്‍ ഇന്‍സ്‌പെക്ടറുമായി സംസാരിച്ച മാധ്യമ പ്രതിനിധികള്‍ക്ക് വീഡിയോ മധ്യപ്രദേശിലേതാണെന്ന സ്ഥിരീകരണം ലഭിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it