Flash News

കഠ്‌വ സംഭവം: ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്ര പ്രചോദിതമായ നടപടി

കഠ്‌വ സംഭവം: ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്ര പ്രചോദിതമായ നടപടി
X
ജിദ്ദ: കശ്മീരിലെ കഠ്‌വ യില്‍ ബാലികയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്ര പ്രചോദിതമായ നടപടിയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സംഘപരിവാറിനെതിരേ ജനകീയവും രാഷ്ട്രീയവുമായ പ്രതിരോധം കെട്ടിപ്പടുക്കണമെന്നും സംഗമം വിലയിരുത്തി.



ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രതിഷേധങ്ങള്‍ ഇന്ത്യയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശുഭസൂചനയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ ചൂണ്ടിക്കാട്ടി. ഇതിനെ ദുര്‍ബലപ്പെടുത്തുന്ന ശ്രമങ്ങളില്‍ നിന്ന് മതേതരചേരിയിലുള്ളവര്‍ മാറിനില്‍ക്കണം. ഗുജറാത്ത് കലാപത്തിനിടെ കൊലചെയ്യപ്പെട്ട സ്ത്രീകളില്‍ 95% പേരും ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നു. കഠ്‌വ  സംഭവത്തിനു മുമ്പും ശേഷവും നടന്ന മിക്ക ബലാല്‍സംഗ കേസുകളിലും ആര്‍എസ്എസിന്റെയും ബിജെപിയുടെയും നേതാക്കളാണ് പ്രതികളായിട്ടുള്ളത്. ആര്‍എസ്എസിന്റെ വര്‍ഗസ്വഭാവമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ചവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തും ജയിലിലടച്ചും പീഡിപ്പിച്ചും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേരള പോലിസിന്റെ നടപടി അത്യന്തം ആപത്കരമാണെന്ന് സംഗമം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. പ്രവാസികള്‍ക്ക് പ്രതിഷേധം രേഖപ്പെടുത്താന്‍ തയ്യാറാക്കിയ കാന്‍വാസില്‍ നൂറുകണക്കിന് പേര്‍ കൈയ്യൊപ്പ് ചാര്‍ത്തി. എംഇഎസ് ജിദ്ദ ജനറല്‍ സെക്രട്ടറി സലാഹ് കാരാടന്‍ ആദ്യം ഒപ്പുവച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. കഠ്‌വ  സംഭവത്തിന്റെ ഭീകരത അനാവരണംചെയ്യുന്ന കൊളാഷ് പ്രദര്‍ശനവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് സിറാജ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ ഗനി വിഷയാവതരണം നടത്തി.



ഫ്രറ്റേണിറ്റി ഫോറം കേരള പ്രസിഡന്റ് നൗഷാദ് ചിറയിന്‍കീഴ്, അബ്ദുല്‍ മജീദ് നഹ (എംഎസ്എസ്), ഇസ്മായില്‍ കല്ലായി (പ്രവാസി സാംസ്‌കാരിക വേദി), അഷ്‌റഫ് മൗലവി (ജംഇയ്യത്തുല്‍ അന്‍സാര്‍), സി എം അഹ്മദ് (കലാ സാംസ്‌കാരികവേദി), സലിം മധുവായി (കൊണ്ടോട്ടി സെന്റര്‍), ഷാജഹാന്‍ പറമ്പന്‍ (റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് അഡ്മിന്‍) എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ കടുങ്ങല്ലൂര്‍, സ്‌റ്റേറ്റ് കമ്മിറ്റി അംഗം ഫൈസല്‍ തമ്പാറ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. ബേബി നീലാമ്പ്ര (സിഫ് പ്രസിഡന്റ്), ഇഖ്ബാല്‍ ചെമ്പന്‍ (ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ സെക്രട്ടറി), നിഷാദ് അമീന്‍ (മീഡിയ ഫോറം), ജാഫറലി പാലക്കോട്, ഗഫൂര്‍ കൊണ്ടോട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് സെക്രട്ടറി കോയിസന്‍ ബീരാന്‍കുട്ടി സ്വാഗതവും സെക്രട്ടറി അഹമദ് കുട്ടി തിരുവേഗപ്പുറ നന്ദിയും പറഞ്ഞു. ആസിഫയെ കുറിച്ച് പ്രമുഖ കവിയും കലാകാരനുമായ അരുവി മോങ്ങം നടത്തിയ കവിതാലാപനം ഹൃദ്യമായി. റഫീഖ് നെന്മാറ കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം വരച്ച് പ്രതിഷേധം രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it