Flash News

കഠ്‌വ: വീണ്ടും ന്യായീകരണവുമായി മുന്‍ ബിജെപി മന്ത്രി

ജമ്മു: കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതികളെ ന്യായീകരിച്ചതിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടി വന്ന ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കനുകൂലമായി വീണ്ടും റാലി. മുന്‍ മന്ത്രി ചൗധരി ലാല്‍ സിങിന്റെ നേതൃത്വത്തിലാണ് ജമ്മുവില്‍ നിന്ന് കഠ്‌വയിലേക്ക് റാലി നടത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ പങ്കെടുത്ത റാലിയില്‍ ഒരു ഡസനോളം കേന്ദ്രങ്ങളില്‍ ലാല്‍ സിങ് പ്രസംഗിച്ചു. ഭാരത് മാതാ കീ ജയ് വിളികളോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗത്തെ സദസ്യര്‍ വരവേറ്റത്.
ജമ്മുവിലെയും കശ്മീരിലെയും ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ച് സംഘപരിവാരത്തിന് അനുകൂലമായി പരമാവധി മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് റാലിയിലുടനീളമുണ്ടായത്്.
അവള്‍ ഞങ്ങളുടെ മകളാണ്. അവളെ അക്രമിച്ചവരെ ശിക്ഷിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. എന്നാല്‍, അകലെ കശ്മീരില്‍ ഇരിക്കുന്നവര്‍ വസ്തുതകളറിയാതെ വിധി പ്രഖ്യാപിക്കുകയാണ്. ഞങ്ങളുടെ പോരാട്ടം നീതിക്കു വേണ്ടിയാണ്. യഥാര്‍ഥ പ്രതികളെ വ്യക്തമാവുന്നതിലൂടെ മാത്രമേ അത് സാധിക്കൂ- ലാല്‍ സിങ് പ്രസംഗത്തില്‍ പറഞ്ഞു. നിലവിലുള്ള പ്രതികള്‍ നിരപരാധികളാണെന്നും മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഹിന്ദുക്കളെ മനപ്പൂര്‍വം പ്രതികളാക്കുകയാണെന്നും സൂചന നല്‍കിക്കൊണ്ടായിരുന്നു പ്രസംഗം.
എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട എട്ടുപേരും ഹിന്ദുക്കളായിരുന്നു. ഇത് ഹൈന്ദവ വിഭാഗത്തെ മനപ്പൂര്‍വം ലക്ഷ്യമിടുന്നതിന്റെ ഭാഗമാണെന്ന് പ്രചരിപ്പിച്ച് നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് ബിജെപി. നേരത്തേ പ്രതികളെ ന്യായീകരിച്ച് നടത്തിയ റാലിയില്‍ പങ്കെടുത്തതിന്റെ പേരിലാണ് ലാല്‍ സിങിനും വ്യവയാസ മന്ത്രി ചന്ദര്‍ പ്രകാശ് സിങിനും ജമ്മു കശ്മീര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടി വന്നത്. പ്രതികള്‍ക്ക് അനുകൂലമായി സംസാരിച്ചതിലൂടെ മന്ത്രിമാര്‍ വിവേചന രഹിതമായാണ് പെരുമാറിയതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞിരുന്നെങ്കിലും തങ്ങളോട് പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത് പാര്‍ട്ടി തന്നെയാണെന്ന് രാജിവച്ച മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു.
രണ്ടു വര്‍ഷത്തിനുള്ളില്‍ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കഠ്‌വ സംഭവത്തെ വര്‍ഗീയ കാര്‍ഡ് കളിക്കാന്‍ ബിജെപി ഉപയോഗപ്പെടുത്തുകയാണെന്ന്് പിഡിപി ജനപ്രതിനിധിയെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു. കഠ്‌വ സംഭവം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവയ്ക്കണമെന്നും ലാല്‍ സിങ് റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് സംഭവം നടന്ന സ്ഥലം സന്ദര്‍ശിക്കാത്തത്. അവര്‍ ഇരയുടെ കോണ്‍ട്രാക്ടര്‍ ചമയുകയാണ്. കഠ്‌വ സംഭവത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയും കേസിലകപ്പെട്ട കൗമാരക്കാരനുമെല്ലാം നമ്മുടെ സ്വന്തമാണെന്നും ലാല്‍ സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it