കഠ്‌വ യില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച സംഭവം; ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാതെ പോലിസ്

മരട് (കൊച്ചി): കശ്മീരിലെ കഠ്‌വയില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ എട്ടു വയസ്സുകാരിയുടെ മരണത്തെ ന്യായീകരിച്ചും പെണ്‍കുട്ടിയെ അപമാനിച്ചും ഫേസ്ബുക്കില്‍ കമന്റിട്ട ആര്‍എസ്എസ് മരട് മണ്ഡലം കാര്യവാഹക് നെട്ടൂര്‍ സ്വദേശി വിഷ്ണു നന്ദകുമാറിനെ അറസ്റ്റ് ചെയ്യാതെ പോലിസ്. വിഷ്ണു ഒളിവിലാണെന്നാണു പോലിസ് വാദം.
ബിജെപി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ സഹോദരന്‍ നെട്ടൂര്‍ സ്വദേശി ആര്‍എസ്എസ് നേതാവ് നന്ദകുമാറിന്റെ മകനായ വിഷ്ണു നന്ദകുമാറിനെതിരേ 153 എ വകുപ്പ് അനുസരിച്ച് മതവിദ്വേഷം ഉണ്ടാക്കിയതിനു ജാമ്യമില്ലാ വകുപ്പിലാണ്  കേസ്. കഴിഞ്ഞ 13നു വൈകീട്ടാണ് ഇയാള്‍ക്കെതിരേ പനങ്ങാട് പോലിസ് കേസെടുത്തത്. പരാതി ലഭിച്ച് ഒരാഴ്ചയായിട്ടും വിഷ്ണുവിനെ പിടികൂടാത്തതിനു പിന്നില്‍ പോലിസിന്റെ ഒളിച്ചുകളിയാണെന്ന ആക്ഷേപം ശക്തമാണ്. ഇയാളെ സംരക്ഷിക്കാന്‍ അണിയറയില്‍ രാഷ്ട്രീയ ചരടുവലികള്‍ നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റ് വൈകുന്നതെന്നുമാണ് ആക്ഷേപം.
പരാതി ലഭിച്ച ദിവസം വിഷ്ണു നെട്ടൂരിലുണ്ടായിട്ടും കസ്റ്റഡിയിലെടുക്കാതിരുന്നതു പോലിസിന്റെ അനാസ്ഥയാണ്.   'ഇവളെ ഇപ്പോഴേ കൊന്നതു നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരേ തന്നെ ബോംബായി വന്നേനേ' എന്ന കമന്റിട്ടാണ് ഫേസ്ബുക്കിലൂടെ ഇയാള്‍ പെണ്‍കുട്ടിയുടെ കൊലപാതകത്തോടു പ്രതികരിച്ചത്. മതവിദ്വേഷം വളര്‍ത്തിയതിനു ബിജെപി, ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേര്‍ക്കെതിരേ കേരളത്തില്‍ 153 എ വകുപ്പനുസരിച്ചു കേസെടുത്തിട്ടുണ്ടെങ്കിലും ഒരാളെ പോലും കസ്റ്റഡിയിലെടുക്കാത്തതു സര്‍ക്കാര്‍ സംഘപരിവാര സംഘടനകള്‍ക്കു കൂട്ടുനില്‍ക്കുന്നതിനാലാണെന്നും ആരോപണമുണ്ട്.
എന്നാല്‍ വിഷ്ണു നന്ദകുമാറിനായി തിരച്ചില്‍ നടക്കുന്നതായും സൈബര്‍സെല്ലുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും പനങ്ങാട് എസ്‌ഐ തേജസിനോട് പറഞ്ഞു. വിഷ്ണുവിന്റെ കുടുംബം നെട്ടൂരിലെ വീട് പൂട്ടി മാറിതാമസിക്കുകയാണെന്നാണ് വിവരം. അതിനിെട വിഷ്ണു നന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it