Flash News

കഠ്‌വ ബലാല്‍സംഗ കൊലപാതകം; പ്രതിയുടെ ഒപ്പ് വ്യാജമെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

ശ്രീനഗര്‍: കഠ്‌വ ബലാല്‍സംഗ കൊലപാതകക്കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതി സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്നതിനു തെളിവായി ഹാജരാക്കിയ ഒപ്പ് വ്യാജമാണെന്നു തെളിഞ്ഞു.
ജനുവരിയില്‍ എട്ടു വയസ്സുകാരിയെ അമ്പലത്തില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ വിശാല്‍ ജംഗോത്ര, താന്‍ ആ സമയത്ത് സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നും മീറത്തിലെ കോളജില്‍ പരീക്ഷയിലായിരുന്നുവെന്നുമാണ് വാദിച്ചത്. അതിനു തെളിവായി പരീക്ഷയ്ക്ക് ഹാജരായിരുന്നുവെന്ന ഷീറ്റില്‍ ഒപ്പിട്ടതാണ് പ്രതിഭാഗം ഹാജരാക്കിയത്. എന്നാല്‍ ഈ ഒപ്പ് വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ജമ്മുകശ്മീര്‍ പോലിസ് ക്രൈംബ്രാഞ്ചിന് ഇതുസംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇയാളുടെ സുഹൃത്തുക്കളായിരിക്കാം വ്യാജ ഒപ്പ് രേഖപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ അനുമാനം. വിശാലിന്റെ മൂന്ന് സുഹൃത്തുക്കളോട് ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് മുന്നില്‍  ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
വിശാല്‍ ജംഗോത്ര ഉള്‍പ്പടെ എട്ടു പ്രതികളാണ് കഠ്‌വ കൂട്ടബലാല്‍സംഗക്കേസില്‍ ഉള്ളത്്. നേരത്തെ കേസിന്റെ വിചാരണ കാശ്മീരിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പഞ്ചാബിലെ പത്താന്‍കോട്ടിലെക്ക് വിചാരണ മാറ്റാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സാക്ഷികളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പത്താന്‍കോട്ടിലേക്ക് മാറ്റിയത്. കശ്മീരിന് പുറത്തേക്ക് വിചാരണ മാറ്റരുതെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു.
Next Story

RELATED STORIES

Share it