palakkad local

കഠ്‌വ ബലാല്‍സംഗക്കൊല: പ്രതിഷേധം അണയുന്നില്ല

പട്ടാമ്പി: ജമ്മു കഠ്‌വ ജില്ലയിലെ രസാന ഗ്രാമത്തിലെ എട്ടുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയും പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാര നീക്കത്തിനെതിരെ പ്രതിഷേധം തുടരുന്നു. നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ കമ്മിറ്റി പട്ടാമ്പി ബസ് സ്റ്റാന്റില്‍ ആര്‍എസ്എസ്-ബിജെപി പൈശാചികതയ്‌ക്കെതിരെ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ ഖജാഞ്ചി റഹ്മത്ത്, റംസീന സംസാരിച്ചു.
അഗളി: ആസൂത്രിതമായ ബലാല്‍സംഗത്തിനും കൊലപാതകത്തിനുമെതിരേ ജനാധിപത്യ മതേതര ശക്തികളുടെ ഐക്യവും പ്രതിരോധവും രാജ്യത്ത് അനിവാര്യമാണെന്ന് ജനകീയ ചര്‍ച്ചാവേദി അഗളിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
കഠ്‌വ സംഭവത്തില്‍ രാജ്യത്തുയര്‍ന്നു വരുന്ന പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയ കൂട്ടായ്മയില്‍ ശിവദാസന്‍ അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശിവശങ്കരന്‍, ഫാദര്‍ ജെയിംസ് മൊറായിസ്, കെ ജെ മാത്യു, റ്റെഡി,  മാണി പറമ്പേട്ടില്‍, അഗ അബൂബക്കര്‍,ബേസില്‍ പി ദാസ് സംസാരിച്ചു.
പാലക്കാട്: ബിജെപി ഭരണത്തില്‍ രാജ്യവ്യാപകയായി സ്ത്രീകളും കുട്ടികളും ഭയന്നു വിറക്കുകയാണെന്ന് എഐസിസി അംഗം കെ എ തുളസി. കശ്മീരില്‍ പെണ്‍കുഞ്ഞിനെ അരുംകൊല നടത്തിയതിനെതിരെ മഹിള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കരിദിനാചരണവും അമ്മ മനസ്സിന്റെ പ്രതിഷേധവും ഉദ്ഘാടനം ചെയ്യുകയായിരുന്നു.  മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ ഐ കുമാരി  അധ്യക്ഷത വഹിച്ചു. നേതാക്കളായ ഓമന ഉണ്ണി, രാജേശ്വരി, തങ്കമണി, ഫാത്തിമ, ലതാജോബി, അജിത, സീനത്ത്, മായാ മുരളിധരന്‍, പ്രീത, ഹസീന കാസിം നേതൃത്വം നല്‍കി.
മഹിളാസംഘം
പ്രതിഷേധിച്ചു
പാലക്കാട്: കശ്മീരില്‍ ഒരുപറ്റം മതദ്വേഷികളുടെ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ മരണത്തില്‍ അനുശോചിച്ചും ക്രൂരതകള്‍ക്കെതിരെ പ്രതിഷേധിച്ചും മഹിളാസംഘം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഹെഡ്‌പോസ്‌റ്റോഫിസിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് സ്‌റ്റേഡിയം സ്റ്റാന്റിനു സമീപം സമാപിച്ചു.
പ്രതിഷേധയോഗം എഐടിയുസി സംസ്ഥാന സെക്രട്ടറി കെ മല്ലിക ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം മണ്ഡലം സെക്രട്ടറി വസന്ത അധ്യക്ഷതവഹിച്ചു. മഹിളാ സംഘം ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ്, മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി വര്‍ഗീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it