kozhikode local

കഠ്‌വ പെണ്‍കുട്ടിയുടെ സഹോദരി ഇനി മര്‍കസിന്റെ തണലില്‍

കോഴിക്കോട്: ജമ്മു കശ്മീരിലെ കഠ്‌വയില്‍ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ സഹോദരി ദന അക്തറിന്റെ തുടര്‍പഠനം ഇനി മര്‍കസിന്റെ പരിരക്ഷയില്‍.  ഏഴാം ക്ലാസ് വരെ പഠനം നടത്തിയ ദനക്ക് രക്ഷിതാക്കളുടെ താല്‍പര്യപ്രകാരം മര്‍കസിന്റെ മേല്‍നോട്ടത്തില്‍ ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലുമൊരു സ്‌കൂളില്‍ പ്രവേശനം നല്‍കും.
നാടോടികളായ ബക്കര്‍വാള്‍ സമുദായത്തിനു വേണ്ടി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നടത്തുന്ന വര്‍ഷത്തില്‍ ആറുമാസം മാത്രം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലൊന്നിലാണ് ദന ഏഴാം തരം വരെയും പഠനം നടത്തിയത്. മുഖ്യധാരാ സ്‌കൂളുകളില്‍ ഇതേ ക്ലാസില്‍ പഠനം നടത്തുന്നതിന് യോഗ്യതക്കാവശ്യമായ പ്രത്യേക പരിശീലനം നല്‍കിയതിനു ശേഷമായിരിക്കും ദനക്ക് മര്‍കസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ഇന്ത്യ ഫൗണ്ടേഷന്‍ സ്‌കൂളുകളിലൊന്നില്‍ പ്രവേശനം നല്‍കുക. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ നിയമസാക്ഷരത നല്‍കുന്നതിനാവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനു മര്‍കസ് ലോ കോളജ് ലീഗല്‍ എയ്ഡ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ജമ്മുവില്‍ ചേര്‍ന്ന ലീഗല്‍ ലിറ്ററസി ഫോറം യോഗത്തില്‍, മര്‍കസ് നേതൃതത്തിന്റെ നിര്‍ദേശ പ്രകാരം എസ് ഇന്ത്യ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഷൗക്കത്ത് ബുഖാരിയാണ് ഈ വിവരം അറിയിച്ചത്.
ഹയര്‍ സെക്കന്‍ഡറി പൂര്‍ത്തിയാക്കിയതിനുശേഷം ആവശ്യമെങ്കില്‍ കേരളത്തില്‍ തുടര്‍ പഠനത്തിനു സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജ് സയ്യിദ് സര്‍ഫ്രാസ് ഹുസയ്ന്‍ ഷാ യോഗത്തിനു നേതൃത്വം നല്‍കി. പ്രമുഖ അഭിഭാഷകര്‍, നിയമവിദ്യാര്‍ഥികള്‍, പൊതുപ്രവര്‍ത്തകര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it