കഠ്‌വ കേസ് : പ്രതികളെ നാളെ പത്താന്‍കോട്ട് കോടതിയില്‍ ഹാജരാക്കും

പത്താന്‍കോട്ട്/ ന്യൂഡല്‍ഹി: കഠ്‌വയില്‍ എട്ടു വയസ്സുകാരി മുസ്‌ലിംബാലികയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ നാളെ പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയില്‍ ഹാജരാക്കും. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണിതെന്ന് അധികൃതര്‍ അറിയിച്ചു. എട്ടു പേര്‍ക്കുമെതിരേയുള്ള കുറ്റപത്രം ജില്ലാ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് ഹാജരാക്കും. പോലിസും കഠ്‌വ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയുടെ ജീവനക്കാരും ഉള്‍പ്പെടുന്ന സംഘമായിരിക്കും കഠ്‌വയില്‍ നിന്നു കുറ്റപത്രം കോടതിയില്‍ എത്തിക്കുക.
കുറ്റപത്രം ഉര്‍ദുവില്‍ നിന്ന് ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യാനുള്ള ആവശ്യവും സംഘം അറിയിക്കും. പ്രതികളെ കഠ്‌വയില്‍ നിന്ന് പത്താന്‍കോട്ടിലേക്കു കൊണ്ടുവരുമ്പോഴുണ്ടാവുന്ന സുരക്ഷ കണക്കിലെടുത്ത് അവരെ പത്താന്‍കോട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കണമെന്ന ആവശ്യം പബ്ലിക് പ്രോസിക്യൂട്ടര്‍ ഉന്നയിക്കും. പത്താന്‍കോട്ട് കോടതിയില്‍ രഹസ്യമായിട്ടായിരിക്കും വിചാരണ നടക്കുക. ദിനംപ്രതി വിചാരണ നടത്തണമെന്നാണു സുപ്രിംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ മാസം ഒമ്പതിനു ക്രൈംബ്രാഞ്ച് കുറ്റപത്രം കഠ്‌വ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു
അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പടവും പേരുവിവരങ്ങളും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ ഇതുവരെയും അവരുടെ വെബ്‌സൈറ്റില്‍ നിന്ന് അവ നീക്കംചെയ്യാത്തതില്‍ ഡല്‍ഹി ഹൈക്കോടതി അമര്‍ഷം രേഖപ്പെടുത്തി. ഇന്നലെ ഇതു സംബന്ധിച്ച ഹരജി പരിഗണിച്ച ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് വെബ് സൈറ്റുകളില്‍ നിന്ന് ഇവ നീക്കംചെയ്യാന്‍ തയ്യാറാവാത്ത മാധ്യമങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം മാധ്യമ സ്ഥാപനങ്ങള്‍ക്കു കത്ത് അയക്കുമെന്നു കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ പടവും പേരുവിവരങ്ങളും പ്രസിദ്ധീകരിച്ച 12ഓളം മാധ്യമ സ്ഥാപനങ്ങള്‍ക്കു നേരത്തെ കോടതി, 10 ലക്ഷം രൂപ വീതം പിഴയൊടുക്കിയിരുന്നു. ഈ സ്ഥാപനങ്ങള്‍ പിഴയടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍,  ഇതിനു ശേഷവും ഈ വിവരങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കംചെയ്യാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.
പൈനിയര്‍, ദ് വീക്ക്, ഡെക്കാന്‍ക്രോണിക്കിള്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, പഞ്ചാബ് കേസരി, അല്‍ ജസീറ എന്നീ മാധ്യമങ്ങളാണ് ഇപ്പോഴും വിവരങ്ങള്‍ സൈറ്റുകളില്‍ നിന്ന് നീക്കംചെയ്യാത്തതെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it