Flash News

കഠ്‌വ കേസിലെ പ്രതി 'കുട്ടി'യല്ല; ജനനസര്‍ട്ടിഫിക്കറ്റ് അപേക്ഷ തെളിവാക്കി ക്രൈംബ്രാഞ്ച്

ജമ്മു: കഠ്‌വ കേസിലെ പ്രതിയെ ജുവനൈലായി പരിഗണിച്ച വിചാരണക്കോടതി നടപടിക്കെതിരേ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. 14 വര്‍ഷം മുമ്പ് പ്രതിയുടെ പിതാവ് ജനന തിയ്യതി രജിസ്റ്റ ര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷാ ഫോറത്തിലെ പിഴവുകളാണ് കേസില്‍ വഴിത്തിരിവായത്. ഈ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണക്കാക്കിയത്. എന്നാല്‍, പ്രതിയുടെ പിതാവു നല്‍കിയ അപേക്ഷയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
തഹസില്‍ദാര്‍ക്ക് നല്‍കിയ അപേക്ഷയ്‌ക്കൊപ്പം പ്രതിയുടെ പ്രായത്തെക്കുറിച്ചുളള ജമ്മു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ റിപോര്‍ട്ടും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിയുടെ പ്രായം 19ന് താഴെയല്ലെന്നും 23ല്‍ കൂടുതലാണെന്നുമാണ് മെഡിക്കല്‍ ബോര്‍ഡ്  റിപോര്‍ട്ട്. മൂന്നു മക്കളുടെ ജനന തിയ്യതി രജിസ്റ്റര്‍ ചെയ്യുന്നതിനായി 2004 ഏപ്രില്‍ 15നാണ് പ്രതിയുടെ പിതാവ് ഹിരാനഗ ര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ ആദ്യ കുട്ടിയുടെ ജനനം നവംബര്‍ 23, 1997, രണ്ടാമത്തെ കുട്ടിയുടെ ജനനം ഫെബ്രുവരി 21, 1998, ഇളയ കുട്ടിയുടെ ജനനം ഒക്ടോബര്‍ 23, 2002 എന്നുമാണ് എഴുതിയിരിക്കുന്നത്. ഇതില്‍ ഇളയ കുട്ടിയാണ് കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തിലെ പ്രതി.
പ്രതിയുടെ പിതാവിന്റെ അപേക്ഷയില്‍ മൂത്ത കുട്ടിയും രണ്ടാമത്തെ കുട്ടിയും തമ്മില്‍ രണ്ടുമാസവും 28 ദിവസവും വ്യത്യാസമേ ഉളളൂ. ഇക്കാര്യം ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, പ്രതിയുടെ ജനനം തെളിയിക്കുന്നതിന് മുനിസിപ്പല്‍ കമ്മിറ്റിയില്‍ നിന്നോ അല്ലെങ്കില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്നോ ഒരു രേഖയും പിതാവ് സമര്‍പ്പിച്ചിട്ടില്ല. കൂടാതെ പിതാവു നല്‍കിയ അപേക്ഷയില്‍ ആദ്യ രണ്ടു കുട്ടികളും ജനിച്ചത് എവിടെയാണെന്നു പറഞ്ഞിട്ടില്ല. മൂന്നാമത്തെ കുട്ടി ജനിച്ചത് ഹിരാനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണെന്നാണു പറഞ്ഞിരിക്കുന്നത്. ജൂണ്‍ 6നാണ് ഹരജി പരിഗണിക്കുന്നത്. ക്രൈംബ്രാഞ്ച് നല്‍കിയ ചാര്‍ജ്ഷീറ്റ് പ്രകാരം ഈ പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോവുന്നതിലും ബലാല്‍സംഗത്തിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, ജുവനൈല്‍ എന്ന പരിഗണന കാരണം ഇയാള്‍ക്ക് മതിയായ ശിക്ഷ ലഭിക്കാത്തത് അനീതിയാവുമെന്നും ക്രൈംബ്രാഞ്ച് നല്‍കിയ ഹരജിയില്‍ പറയുന്നു.
അതേസമയം, പത്താന്‍കോട്ട് ജയിലിലേക്ക് കഠ്‌വാ കേസിലെ ഏഴു പ്രതികളെ മാറ്റണമെന്നാവശ്യപ്പെട്ട് കശ്മീര്‍ പോലിസ് നല്‍കിയ ഹരജി പിന്‍വലിച്ചു. ജയിലില്‍ തടവുകാരുടെ എണ്ണം പരിധിയില്‍ കൂടുതലാണെന്ന് പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം.
Next Story

RELATED STORIES

Share it