കഠ്‌വ കൂട്ട ബലാല്‍സംഗത്തില്‍ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒളിവിലെന്ന് പോലിസ്

മരട്(കൊച്ചി): ജമ്മു കശ്മീരില്‍ കഠ്‌വയില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ എട്ട് വയസ്സുകാരിയുടെ മരണത്തെ ന്യായീകരിച്ചും പെണ്‍കുട്ടിയെ അപമാനിച്ചും ഫേസ്ബുക്കില്‍ കമന്റിട്ട ആര്‍എസ്എസ് മരട് മണ്ഡലം കാര്യവാഹക് നെട്ടൂര്‍ സ്വദേശി വിഷ്ണു നന്ദകുമാര്‍ ഒളിവിലെന്നു പോലിസ്. ഇയാള്‍ക്കായി അന്വേഷണം നടക്കുന്നതായും പനങ്ങാട് എസ്‌ഐ പറഞ്ഞു.
153 എ വകുപ്പനുസരിച്ച് മതവിദ്വേഷം ഉണ്ടാക്കിയതിനെതിരേ ജാമ്യമില്ലാ വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ഇയാള്‍ക്കെതിരേ പനങ്ങാട് പോലിസ് കേസെടുത്തത്. ബിജെപി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ സഹോദരന്‍ ആര്‍എസ്എസ് നേതാവായ നന്ദകുമാറിന്റെ മകനാണ് വിഷ്ണു നന്ദകുമാര്‍. ഇയാളെ സംരക്ഷിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ അണിയറ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പരാതി ലഭിച്ച ദിവസം വിഷ്ണു നെട്ടൂരിലുണ്ടായിരുന്നതായും പോലിസ് തണുപ്പന്‍ നടപടി സ്വീകരിച്ചതാണ് ഇയാള്‍ ഒളിവില്‍ പോവാന്‍ കാരണമെന്നും പറയുന്നു. പരാതി ലഭിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടും വിഷ്ണുവിനെ പിടികൂടാത്തതിന് പോലിസ് ഒത്താശയുണ്ടെന്നും പറയുന്നു.
കേരളത്തില്‍ മതവിദ്വേഷം വളര്‍ത്തിയതിന് ബിജെപി, ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേര്‍ക്കെതിരേ കേരളത്തില്‍ 153 എ വകുപ്പനുസരിച്ച് കേസെടുത്തിട്ടുണ്ടെങ്കിലും ഒരാളെ പോലും കസ്റ്റഡിയിലെടുത്തില്ലെന്നുള്ളതാണ് സത്യാവസ്ഥ. ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ 'ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരേ തന്നെ ബോംബായി വന്നേനേ' എന്ന കമന്റിട്ടാണ് ഇയാള്‍ കൊലപാതകത്തിലുള്ള തന്റെ മനസ്ഥിതി വ്യക്തമാക്കിയത്. അതോടെ സോഷ്യല്‍ മീഡിയ വന്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്  വിഷ്ണുവിനെ ബാങ്കില്‍ നിന്നും പുറത്താക്കിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ്, എസ്ഡിപിഐ തുടങ്ങിയ വിവിധ സംഘടനകള്‍ ഇയാളെ കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് പനങ്ങാട് പോലിസിന് പരാതി നല്‍കിയിരുന്നു. ഐ എന്‍ടിയുസി പ്രവര്‍—ത്തകര്‍ വിഷ്ണു നന്ദകുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.  മരട്, നെട്ടൂര്‍ പ്രദേശങ്ങളില്‍ നിരവധി സംഘടനകള്‍ വിഷ്ണു നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it