Gulf

കഠിന ചൂടിലും വ്രതവിശുദ്ധിയുടെ ചൈതന്യത്തില്‍ ഖത്തര്‍

ദോഹ: റമദാന്‍ ഒന്ന് ഇന്നാരംഭിക്കുമെന്ന ഔഖാഫ് മന്ത്രാലയത്തിലെ ചാന്ദ്രനിരീക്ഷണ വിഭാഗത്തിന്റെ പ്രഖ്യാപനത്തോടെ ഖത്തറിലെ സ്വദേശികളും വിദേശികളും ആത്മനിര്‍വൃതിയോടെ റമദാനെ വരവേറ്റു. നാട്ടിലും ഇന്ന് റദമാന്‍ ആഘോഷിക്കുന്നുവെന്നത് പ്രവാസികളെ സംബന്ധിച്ചടത്തോളം ഏറെ സന്തോഷം നല്‍കുന്നു. ചൂടേറിയ കാലാവസ്ഥയാണെങ്കിലും വൃതപരിശുദ്ധി ഓരോ വിശ്വാസിയുടെയും അന്തരംഗം തണുപ്പിക്കുന്നു. രാജ്യത്തെ വ്യത്യസ്ത പ്രവാസി സംഘടനകള്‍ മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന റമദാന്‍ പരിപാടികള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
പുണ്യ മാസത്തെ വരവേല്‍ക്കുന്നതിനായി രാജ്യത്തെ പള്ളികളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഔഖാഫ് ഇസ്‌ലാമിക മന്ത്രാലയം വ്യത്യസ്ത പ്രദേശങ്ങളിലായി പുതിയ പള്ളികള്‍ നിര്‍മിക്കുകയും പഴയ പള്ളികളുടെ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഖത്തറിലെ വര്‍ധിച്ച ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പല പ്രദേശത്തെയും പള്ളികളുടെ വിസ്തീര്‍ണം വര്‍ധിപ്പിക്കുകയും ചെയ്തു. പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളും അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
പ്രവാസി സമൂഹത്തിന്റെ വലിയൊരു ആശ്രയമായ ഇഫ്താര്‍ ടെന്റുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്രാവശ്യവും തലയുയര്‍ത്തിക്കഴിഞ്ഞു. വരുമാനം കുറഞ്ഞ പ്രവാസി തൊഴിലാളികള്‍ക്ക് വലിയൊരു ആശ്വാസമാണ് ഇത്തരം ഇഫ്താര്‍ ടെന്റുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടെന്റുകളുടെ എണ്ണം ഇക്കുറി വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെ ടെന്റുകള്‍ അതത് പ്രദേശങ്ങളില്‍ ഇത്തവണയും തുടരും. രാജ്യത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ചില പ്രദേശങ്ങളിലെ ടെന്റുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കേണ്ടതായി വന്നിട്ടുണ്ട്. ഖത്തര്‍ ചാരിറ്റി, ഈദ് ചാരിറ്റി, ജാസിം ചാരിറ്റി, റാഫ്, ഖത്തര്‍ റെഡ്ക്രസന്റ് തുടങ്ങിയ ജീവകാരുണ്യ സംഘടനകളാണ് ഖത്തറില്‍ പലയിടങ്ങളിലും ഇഫ്താര്‍ ടെന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
റമദാനില്‍ കര്‍വ ബസ് സര്‍വീസുകള്‍ വര്‍ധിപ്പിച്ചതായി പൊതുഗതാഗത സ്ഥാപനമായ മുവാസലാത്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.11,12,13,31,32,33,76,57,56,55,94,49,43,42,40,33എ എന്നീ നമ്പറുകളിലുള്ള ബസുകളുടെ സര്‍വീസുകളാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
കൂടാതെ കര്‍വക്ക് കീഴിലെ നാല് ഫ്രാഞ്ചൈസികളിലുള്ള 4200 ടാക്‌സികളും 24 മണിക്കൂറും ഖത്തര്‍ നിരത്തിലുണ്ടാകും.
റമദാനില്‍ ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം കുറക്കുന്നതിന്റെ ഭാഗമായി നാനൂറിലധികം ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് സാമ്പത്തിക-വാണിജ്യ മന്ത്രാലയം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍മീറയും രാജ്യത്തെ പ്രധാന വ്യാപാര മാളുകളും നിരവധി ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു. കൂടാതെ വിദാം കമ്പനിയുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയം ആടുമാടുകള്‍ക്ക് പ്രത്യേക സബ്‌സിഡിയും റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പ് തന്നെ മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് സാമ്പത്തിക-വാണിജ്യ മന്ത്രാലയം രാജ്യത്തെ ഭക്ഷണ ശാലകളിലും കടകളിലും പരിശോധനാ കാംപയ്‌ന് തുടക്കമിട്ടിരുന്നു. റമദാന്‍ ഉടനീളം ഈ കാംപയ്ന്‍ തുടരുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it