kozhikode local

കട്ടിപ്പാറ കരിഞ്ചോല ദുരന്തം: സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപനത്തിലൊതുങ്ങി

കോഴിക്കോട്: കരിഞ്ചോല കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് രണ്ടാഴ്ച പിന്നിട്ടെങ്കിലും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങിയതായി കട്ടിപ്പാറ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ഒരു രൂപ പോലും ഇതുവരെ ലഭ്യമായിട്ടില്ല.  ദുരന്തം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.
ഉരുള്‍പൊട്ടലില്‍ ഉറ്റവരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാംപില്‍ കഴിയുന്നവരുടെ പുനരധിവാസം പോലും ഉറപ്പാക്കാതെ അനുമോദന യോഗം സംഘടിപ്പിച്ച പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിച്ചത്. നാശനഷ്ടം ഉണ്ടായവരുടെ ശരിയായ കണക്ക് തിട്ടപ്പെടുത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്താനും പുനരധിവാസത്തിനുമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 14പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടും ഒരു അനുശോചന യോഗം പോലും വിളിച്ചു ചേര്‍ക്കാതെ  അനുമോദനം നടത്താന്‍ ശ്രമിച്ചതിനു പിന്നില്‍ പഞ്ചായത്തിന് വ്യക്തമായ രാഷ്ട്രീയ താല്‍പര്യമുണ്ട്.
രക്ഷാ പ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ഏകോപനം നടത്തേണ്ടിയിരുന്ന റവന്യൂ വകുപ്പിനും പഞ്ചായത്തിനും വീഴ്ചയുണ്ടായിട്ടുണ്ട്. ദുരന്തത്തിനു ശേഷം നിരവധി വ്യക്തികളും സ്ഥാപനങ്ങളും സഹായങ്ങള്‍ വാഗ്്്ദാനം ചെയ്തിരുന്നുവെങ്കിലും കൃത്യമായ ഏകോപനത്തിനു സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാക്കിട്ടില്ല. ദുരന്ത നിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി എംഎല്‍എയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി ഒരിക്കല്‍ പോലും യോഗം ചേരാതിരുന്നത് ദുരൂഹമാണ്. കരിഞ്ചോലമല ഉള്‍പ്പെടെ കട്ടിപ്പാറ പഞ്ചായത്തിലെ മറ്റിടങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലുകളില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് ഉള്‍പ്പെടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇത്രവലിയൊരു ദുരന്തമുണ്ടായിട്ടും ദുരിതബാധിതരെ ആശ്വസിപ്പിക്കാനായി മുഖ്യമന്ത്രി സ്ഥലത്ത് എത്താത്തത് പ്രതിഷേധാര്‍ഹമാണ്.
ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക്് തിരിച്ചു പോവാന്‍ ഒരിടമില്ലെന്ന അവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുനരധിവാസ പദ്ധതികള്‍ ഉടന്‍ നടപ്പാക്കണം. കരിഞ്ചോല ഉള്‍പ്പെടെ കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ മറ്റിടങ്ങളിലും ഉണ്ടായ ഉരുള്‍ പൊട്ടലിലും നാശനഷ്ടമുണ്ടായവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ആശ്രിതര്‍ക്ക് ജോലിയും ഉറപ്പാക്കുന്നതിന് പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കണം. ദുരന്തത്തില്‍ അകപ്പെട്ടവരുടെയും നാശനഷ്ടങ്ങളടെയും ശരിയായ കണക്ക് പ്രഖ്യാപിക്കാര്‍ സര്‍ക്കാര്‍ തയ്യാറാവണം. മലമുകളിലെ ജലസംഭരണിയെ സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തണം. 45 മീറ്റര്‍ വീതിയും 90 മീറ്റര്‍ നീളവും 5 മീറ്ററോളം ആഴവുമുള്ള ജലസംഭരണി ഒരു ചെറിയ ഫാമിനുവേണ്ടിയാണെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. 15 ലക്ഷം —മുടക്കി ഇവിടേക്കുള്ള റോഡിനായി അനുവദിച്ച എംഎല്‍എയുടെ താല്‍പര്യവും അന്വേഷണ വിധേയമാക്കണം.
ദുരന്തത്തിന് ഇരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉദാസീനത തുടര്‍ന്നാല്‍ ഇരകളെ മുന്‍നിര്‍ത്തി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുമെന്നും അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ നജീബ് കാന്തപുരം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ കെ എം കുഞ്ഞി, അനില്‍ ജോര്‍ജ്, സലീം പുല്ലടി, എ ടി ഹാരിസ്, മുഹമ്മദ് ഷാഹിം പങ്കെടുത്തു.
Next Story

RELATED STORIES

Share it