kozhikode local

കട്ടിപ്പാറയിലെ ഭൂനികുതി പ്രശ്‌നത്തിനു പരിഹാരം

താമരശ്ശേരി: പുറമ്പോക്ക് ഭൂമിയുടെ പേരില്‍ കട്ടിപ്പാറ വില്ലേജിലെ രണ്ടുകണ്ടി, വട്ടശ്ശേരി ഭാഗങ്ങളില്‍ മുപ്പതോളം കുടുംബങ്ങളില്‍ നിന്ന് നികുതി സ്വീകരിക്കാത്ത വിഷയത്തിന് പരിഹാരമായി. 1966 മുതല്‍ 2014 വരെ നികുതിയടച്ച് കൈവശം വച്ചുപോന്നിരുന്ന സാധാരണക്കാരായ കുടുംബങ്ങളുടെ ഭൂമിയാണ് പുഴപുറമ്പോക്കാണെന്ന കാരണത്താല്‍ അധികൃതര്‍ സ്വീകരിക്കാതിരുന്നത്. മുപ്പത് കുടുംബങ്ങളുടെ കിടപ്പാടത്തെ ബാധിക്കുന്ന വിഷയത്തിന് ഉടന്‍ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് വി എം ഉമ്മര്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു.
റവന്യൂ അധികൃതരുട സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് വിഷയത്തിന് പരിഹാരം കാണുമെന്ന് സബ്മിഷന് നല്‍കിയ മറുപടിയില്‍ റവന്യൂമന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് റവന്യൂ മന്ത്രി അടൂര്‍പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രശ്‌ന പരിഹാരമുണ്ടായത്.
വിഎം ഉമ്മര്‍ എംഎല്‍എ, റവന്യൂ വകുപ്പു സെക്രട്ടറി, ലാന്റ് റവന്യൂ കമ്മീഷണര്‍, കോഴിക്കോട് ഡപ്യൂട്ടി കലക്ടര്‍, താമരശ്ശേരി താലൂക്ക് തഹസില്‍ദാര്‍ എന്നിവര്‍ സംബന്ധിച്ചു. ഭൂഉടമകളില്‍ നിന്ന് ഉടന്‍ നികുതി സ്വീകരിച്ചുതുടങ്ങും. നികുതി സ്വീകരിക്കാന്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it