thiruvananthapuram local

കട്ടപ്പറമ്പ് ഏലായില്‍ പൊന്നുവിളയിച്ച് വഞ്ചിയൂര്‍ യുപിഎസിന്റെ വിജയഗാഥ



കിളിമാനൂര്‍: ഉപജില്ലയിലെ വഞ്ചിയൂര്‍ കട്ടപ്പറമ്പ് പാടശേഖരത്തില്‍ പാട്ടത്തിനെടുത്ത വയലില്‍ നൂറുമേനി പൊന്നുവിളയിച്ച് വഞ്ചിയൂര്‍ യുപിഎസിലെ കുട്ടികള്‍ വിജയഗാഥ രചിച്ചു. സ്‌കൂള്‍ വളപ്പിലെ കര നെല്‍കൃഷിക്കും ജൈവപച്ചക്കറികൃഷിക്കും പിന്നാലെയാണ് പാടശേഖരത്തിലും കുട്ടി കര്‍ഷകര്‍ തങ്ങളുടെ കൃഷിവൈദഗ്ധ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. കരവാരം പഞ്ചായത്ത്, കരവാരം കൃഷിഭവന്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു കുട്ടികളുടെ നെല്‍കൃഷി. കൃഷിക്കായി ഉമ  നെല്‍വിത്ത് കൃഷി ഓഫിസില്‍ നിന്നും ലഭിച്ചു. സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ അധ്യാപകരെയും കൂട്ടി പാടത്തേക്ക് ഇറങ്ങി. കൂട്ടത്തില്‍ കട്ടപ്പറമ്പ് പാടശേഖരസമിതിയിലെ മുതിര്‍ന്ന കര്‍ഷകരുടെ ഉപദേശവും നിര്‍ദേശവും സ്വീകരിക്കാനും കുരുന്നുകള്‍ മറന്നില്ല. നിലമുഴുതുമറിച്ചതും മരമടിച്ചതും വിത്തുവിതച്ചതുമെല്ലാം സ്‌കൂളിലെ കുട്ടികര്‍ഷകരുടെ സജീവ സാന്നിധ്യത്തില്‍ തന്നെയായിരുന്നു.ഒപ്പം പരിപാലനചുമതലയും വിദ്യാര്‍ഥികള്‍ ഏറ്റെടുത്തു. കളപറിച്ചതും പാടത്ത് വെള്ളം എത്തിച്ചു മടക്കം നിരവധി മധുരമുള്ള ഓര്‍മകളാ ണ് കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ക്ക് പറയാനുള്ളത്. പ്രതീക്ഷിച്ചപോലെ ഇവര്‍ക്ക് നൂറുമേനി തന്നെ വിളവ് ലഭിച്ചു. നാടിനെ അറിയാനും കൃഷിയെപ്രോല്‍സാഹിപ്പിക്കാനും, ക്ലാസ് മുറികളിലെ നാലുചുവരുകളിലെ പാഠ്യപദ്ധതിക്കപ്പുറം കൃഷിയെ അറിയാനുമായി കൈകോര്‍ത്ത വിദ്യാ ര്‍ഥികള്‍ പോയകാലത്തെ കാ ര്‍ഷിക പാരമ്പര്യത്തെ മടക്കികൊണ്ട് വരുന്നകാഴ്ചയാണ് കാണാനായതെന്ന് സ്‌കൂളിലെ അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ ഈ മിടുക്ക് പഠനപ്രക്രീയയിലും കുട്ടികള്‍ കാത്തുസൂക്ഷിക്കുന്നതായും അധ്യാപകര്‍ പറഞ്ഞു. കട്ടപ്പറമ്പ് ഏലായില്‍ ഉല്‍സവാന്തരീക്ഷത്തി ല്‍ തന്നെ കുട്ടികളുടെ കൊ യ്ത്തുല്‍സവം സംഘടിപ്പിച്ചു. പ്രഥമാധ്യാപകന്‍ പ്രഹ്ലാദന്‍, കരവാരം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ മാരായ ജൂബിലിവിനോദ്, ലിസി ശ്രീകുമാര്‍, കൃഷി ഓഫിസര്‍ നസീമാബീവി, ബിജികൃഷ്ണ, അധ്യാപകരായ സജികുമാര്‍, വിജയകുമാര്‍, നജീബ്, ദീപ, എസ്എംസി, പിടിഎ അംഗങ്ങള്‍ എന്നിവര്‍ കൊയ്ത്തുല്‍സവത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it