Idukki local

കട്ടപ്പന ബജറ്റ്: വിനോദസഞ്ചാരത്തിനും നഗരവികസനത്തിനും മുന്‍ഗണന

കട്ടപ്പന: വിനോദ സഞ്ചാരത്തിനും നഗരവികസനത്തിനും മുന്‍ഗണന നല്‍കുന്ന ബജറ്റ് കട്ടപ്പന നഗരസഭയ്ക്ക്. 51,57,91,374 രൂപ വരവും 48,84,29,480 രൂപ ചെലവും 2,73,61,894 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭ വൈസ് ചെയര്‍പഴ്‌സന്‍ രാജമ്മ രാജന്‍ അവതരിപ്പിച്ചത്. വഴിവിളക്കുകള്‍ എല്‍ഇഡിയാക്കി മാറ്റാനും പുതിയവ സ്ഥാപിക്കാനും രണ്ടുകോടി രൂപ ബജറ്റില്‍ വകയിരുത്തി. സോളര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ അഞ്ചുലക്ഷം രൂപയും മാറ്റിവച്ചു.
നഗരപരിധിയിലെ റോഡുകളുടെ നിര്‍മാണത്തിനും വികസനത്തിനുമായി രണ്ടുകോടി രൂപയും നഗരത്തിലെത്തുന്ന വനിതകള്‍ക്കായി ഷീ ലോഡ്ജ് നിര്‍മിക്കാന്‍ 2.56 കോടിയും വകയിരുത്തി. നഗരസഭാ സ്‌റ്റേഡിയം യാഥാര്‍ഥ്യമാക്കാനായി സ്ഥലം കണ്ടെത്താന്‍ രണ്ടരക്കോടി രൂപ വകയിരുത്തി. നഗരസഭാ ഓഫിസിനു സമീപത്തെ സ്‌റ്റേഡിയം നവീകരിക്കാന്‍ എട്ടുലക്ഷം രൂപ വക കൊള്ളിച്ചു. തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യസംസ്‌കരണ സംവിധാനം സ്ഥാപിക്കാന്‍ 10 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും.
നിലവിലുള്ള മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതിനാല്‍ പുതിയ സ്ഥലം ഏറ്റെടുക്കാന്‍ 30 ലക്ഷം രൂപ വകയിരുത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടു ജൈവ പച്ചക്കറി തൈകളുടെയും മറ്റു നടീല്‍ വസ്തുക്കളുടെയും ഉല്‍പാദനത്തിനും പരിപാലനത്തിനുമായി 13 ലക്ഷം രൂപ വകയിരുത്തി. കാര്‍ഷികമേഖലയില്‍ നടീല്‍വസ്തുക്കളുടെ വിതരണം, ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്, കാര്‍ഷികയന്ത്രങ്ങളുടെ ഉപയോഗ പരിശീലനം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും. തേനീച്ച കൃഷി, പുഷ്പക്കൃഷി, മത്സ്യക്കൃഷി എന്നിവ പ്രോത്സാഹിപ്പിക്കാനും പദ്ധതികള്‍ നടപ്പാക്കും.
ശുദ്ധജല ലഭ്യത കുറവുള്ള പ്രദേശങ്ങളില്‍ പുതിയ ശുദ്ധജല പദ്ധതികള്‍ ആവിഷ്‌കരിക്കാനും നിലവില്‍ തകരാറിലായവ ഉപയോഗപ്രദമാക്കാനുമായി 10,00,000 രൂപ വകയിരുത്തി. ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിനും ഉപകരണങ്ങള്‍ വാങ്ങാന്‍ 20 ലക്ഷം രൂപ മാറ്റിവച്ചു.
വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനൊപ്പം കിടപ്പുരോഗികളുടെ വീടുകളിലേക്കുള്ള റോഡ് നിര്‍മാണത്തിനും പദ്ധതിയില്‍ ഊന്നല്‍ നല്‍കും. വിശപ്പുരഹിതം പദ്ധതിക്കായി ഒരുലക്ഷം രൂപ മാറ്റിവയ്ക്കും. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും മുച്ചക്രവാഹനം അനുവദിക്കാന്‍ അഞ്ചുലക്ഷം രൂപ വിനിയോഗിക്കും. കല്യാണത്തണ്ടില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതി ആരംഭിക്കാന്‍ 1,75,00,000 രൂപ നീക്കിവച്ചു.
ഇടുക്കി അണക്കെട്ടിന്റെ സൗന്ദര്യം ആസ്വദിക്കാനാവുംവിധം റോപ്‌വേ സംവിധാനം, ഗാര്‍ഡന്‍, വാച്ച് ടവര്‍ തുടങ്ങിയവ ഉള്‍പ്പെടെ പ്രകൃതിസൗഹൃദ ടൂറിസം നടപ്പാക്കാന്‍ കല്യാണത്തണ്ടില്‍ അഞ്ചേക്കര്‍ സ്ഥലം സ്വകാര്യ വ്യക്തികളില്‍നിന്നു നഗരസഭ ഏറ്റെടുത്തിട്ടുണ്ട്. നഗരത്തിലെ നടപ്പാതകളും സീബ്രാ ലൈനുകളും നവീകരിക്കാന്‍ 15 ലക്ഷം രൂപ ഉള്‍ക്കൊള്ളിച്ചു.
കട്ടപ്പന ഗവ. െ്രെടബല്‍ സ്‌കൂള്‍, വാഴവര ഗവ. സ്‌കൂള്‍ എന്നിവയുടെ നിലവാരം ഉയര്‍ത്താന്‍ സ്മാര്‍ട് ക്ലാസ് റൂം നിര്‍മിക്കാനായി 10 ലക്ഷം രൂപ ഉള്‍ക്കൊള്ളിച്ചു. നഗരസഭയിലെ താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനായി 30 ലക്ഷം രൂപയും വാഴവര അര്‍ബന്‍ പിഎച്ച്‌സിക്കു കെട്ടിടം നിര്‍മിക്കാനായി 30 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചു.
വ്യവസായ മേഖലയുടെ ഉയര്‍ച്ചയ്ക്കു ടൂറിസം രംഗത്തു വളര്‍ച്ച കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ മനോജ് എം തോമസ് പറഞ്ഞു. ബജറ്റില്‍ നഗരവികസനത്തിനു കാര്യമായ പരിഗണന ലഭിച്ചില്ലെന്നും നഗരസഭയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നതു ടൗണില്‍ നിന്നാണെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ കാര്യമായ തുക വകയിരുത്തിയില്ലെന്നും പ്രതിപക്ഷ നേതാവ് സി കെ മോഹനന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it