Idukki local

കട്ടപ്പന-പുളിയന്‍മല റോഡില്‍ അപകടം തുടര്‍ക്കഥ

കട്ടപ്പന: ദിനംപ്രതി ആയിരക്കണക്കിനുപേര്‍ യാത്ര ചെയ്യുന്നതും നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോവുന്നതുമായ കട്ടപ്പന- പുളിയന്‍മല റോഡിലെ കൊടുംവളവുകളിലെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരേ പ്രതിഷേധം ശക്തമായി. ഏറെ അപകടസാധ്യതയുള്ള വളവിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായെങ്കിലും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല.
ഞള്ളാനിപ്പടിക്കു സമീപത്തെ കൊടുംവളവാണു യാത്രക്കാര്‍ക്ക് കൂടുതല്‍ ഭീഷണിയായിരിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ മൂലം അനവധി ജീവനുകളാണ് ഈ റൂട്ടില്‍ പൊലിഞ്ഞത്. സമരങ്ങളും പ്രതിഷേധങ്ങളും ഏറെ ഉണ്ടായെങ്കിലും ഇതൊന്നും അധികൃതരുടെ കണ്ണുതുറപ്പിക്കുന്നില്ല. കട്ടപ്പന മുതല്‍ പുളിയന്‍മല വരെയുള്ള ഭാഗത്തെ കൊടുംവളവുകളില്‍ ടാറിങ് പൊളിഞ്ഞ് ഏറെനാള്‍ യാത്ര ദുരിതപൂര്‍ണമായിരുന്നു. കഴിഞ്ഞ ശബരിമല സീസണില്‍ ആരംഭിച്ചിട്ടും നന്നാക്കാന്‍ നടപടി ഉണ്ടാവാതെ വന്നതോടെ പ്രതിഷേധം ശക്തമായപ്പോഴാണ് അധികൃതര്‍ അറ്റകുറ്റപ്പണി നടത്താന്‍ തയ്യാറായത്.
എന്നാല്‍, സംസ്ഥാന പാതയിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയാവുംമുമ്പ് ആദ്യം ടാര്‍ ചെയ്ത ഭാഗങ്ങള്‍ പൊളിഞ്ഞുതുടങ്ങിയിരുന്നു. ആവശ്യത്തിനു ടാറും മറ്റും ഉപയോഗിക്കാതെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയതാണു ടാറിങ് പൊളിയാന്‍ കാരണമെന്ന് ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. റോഡിന്റെ വശങ്ങളില്‍ ഓട നിര്‍മിക്കാതെ ടാറിങ് നടത്തുന്നതാണ് ഈ റൂട്ടിലെ കൊടുംവളവുകളില്‍ വേഗത്തില്‍ ടാറിങ് നശിക്കാന്‍ കാരണമെന്നാണു വിലയിരുത്തല്‍. ഓടയില്ലാത്തതിനാല്‍ മഴവെള്ളം ശക്തമായി കുത്തിയൊലിച്ചാണ് ടാറിങ് വേഗത്തില്‍ തകരുന്നത്.
വെള്ളം ഒഴുകുന്ന ടാറിങ്ങിന്റെ ഭാഗം തകര്‍ന്ന് ഓടയായി മാറുന്നതാണു യാത്രക്കാര്‍ക്കു കെണിയാകുന്നത്. റോഡിലെ കുഴികളില്‍ അകപ്പെടാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിച്ചുമാറ്റുമ്പോഴാണ് അപകടത്തില്‍പ്പെടുന്നത്. ഇരുചക്രവാഹന യാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുഴികളില്‍ അകപ്പെട്ട് ഇരുചക്രവാഹനങ്ങള്‍ മറിയുക പതിവാണ്. 2016 സപ്തംബര്‍ 12ന് രാജാക്കണ്ടം സ്വദേശിയായ യുവാവ് ടൂറിസ്റ്റ് ബസുമായി ബൈക്ക് കൂട്ടിയിടിച്ചു മരിച്ചിരുന്നു. അതേവര്‍ഷം നവംബര്‍ എട്ടിന് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവു മരിച്ചതും ഈ റൂട്ടിലെ വളവിലായിരുന്നു. ദിനംപ്രതി ചെറിയ നിരവധി അപകടങ്ങളാണ് ഈ മേഖലയിലുണ്ടാവുന്നത്. പലപ്പോഴും വളവുകളില്‍ റോങ് സൈഡ് കയറി വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയാണ് പതിവ്.
ഇത് മണിക്കൂറുകള്‍ ഗതാഗത തടസ്സത്തിനും കാരണമാവുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും ഈ റൂട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കാറില്ല. അധികാരികളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it