Idukki local

കട്ടപ്പനയില്‍ അനധികൃത കെട്ടിടനിര്‍മാണം വ്യാപകം; നടപടിയില്ല

തോമസ് ജോസഫ്
കട്ടപ്പന: ആശുപത്രി കെട്ടിടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണമെന്നുണ്ട്. എന്നാല്‍, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുടെ ഉടമസ്ഥതയില്‍ നിര്‍മിച്ചിട്ടുള്ള ഒരു കെട്ടിടത്തിനും പൊതുമരാമത്ത് വകുപ്പില്‍ നിന്നുള്ള ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ല. സ്‌കൂളുകള്‍ക്കും ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത് മുമ്പ് പൊതുമരാമത്ത് വകുപ്പായിരുന്നു. ഈ അടുത്തകാലത്ത് സ്‌കൂളുകള്‍ക്കുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നല്‍കിയിട്ടുണ്ട്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുടെ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഈ ഓഫിസില്‍ ലഭിക്കുകയോ സര്‍ട്ടിഫിക്കറ്റ് ഈ ഓഫിസില്‍നിന്ന് കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് കട്ടപ്പന പിഡബ്ല്യുഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍, വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയുടെ മറുപടിയില്‍ പറയുന്നു. മാത്രമല്ല, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി കോംപൗണ്ടിനുള്ളില്‍ നടക്കുന്ന ഒരു നിര്‍മാണ പ്രവൃത്തിക്കും കട്ടപ്പന നഗരസഭയില്‍നിന്നോ, പഴയ കട്ടപ്പന ഗ്രാമപ്പഞ്ചായത്തില്‍നിന്നോ അനുമതി വാങ്ങിയിട്ടില്ലെന്ന് കട്ടപ്പന മുനിസിപ്പാലിറ്റി സെക്രട്ടറി ഇന്‍ചാര്‍ജ് കെ കൃഷ്ണകുമാര്‍, വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയില്‍ പറയുന്നു.
ഇത്തരത്തില്‍ രേഖകളില്ലാതെ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് കട്ടപ്പന മുനിസിപ്പാലിറ്റിയും പഴയ ഗ്രാമപ്പഞ്ചായത്തും കൃത്യമായി കെട്ടിടനമ്പര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, 13/ 662, 663, 666, 668, 669, 678 കെട്ടിടങ്ങള്‍ക്ക് 31-3-2018 വരെ നികുതി ഒഴിവാക്കിത്തരണമെന്ന അപേക്ഷ മുനിസിപ്പാലിറ്റിയില്‍ സമര്‍പ്പിച്ചിരുന്നു. അതി•േല്‍ എന്തു നടപടി സ്വീകരിച്ചു എന്നു വ്യക്തമല്ല.
ഇപ്പോള്‍ കട്ടപ്പനയിലെ ഒട്ടേറെ കെട്ടിടങ്ങളില്‍ ടെറസിനു മുകളില്‍ നിയമവിരുദ്ധമായി മേല്‍ക്കൂര പണിത് ഒരു നിലകൂടി ഉണ്ടാക്കിയിരിക്കുകയാണ്. ചോരുന്ന മേല്‍ക്കൂര സംരക്ഷിക്കാനായി അങ്ങനെ പണിയുന്നെങ്കില്‍ 5 അടിയില്‍ കൂടുതല്‍ ഉയരം ഉണ്ടാവാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍, കട്ടപ്പന ടൗണിലെ കെട്ടിടങ്ങള്‍ പലതും ഈ ആനുകൂല്യത്തിന്റെ തണലില്‍ ഒരു പുതിയ നില തന്നെ നിര്‍മിച്ചിരിക്കുന്നു. അതിന് മുനിസിപ്പാലിറ്റി അധികൃതര്‍ തന്നെയാണ് മാതൃക കാട്ടിയിരിക്കുന്നത്. മുന്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ മൂന്നാംനിലയ്ക്കു മുകളില്‍ നിയമവിരുദ്ധമായി ഷീറ്റിട്ട് ഒരു പുതിയ നിലതന്നെ ഉണ്ടാക്കിയിരിക്കുന്നു. ഇതുകണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് പല കെട്ടിട ഉടമകളും ഇത്തരത്തില്‍ 10 അടി ഉയരത്തില്‍ ഷീറ്റിട്ട് വശങ്ങള്‍ കെട്ടിമറച്ച് മുറികളും ഹാളും ആക്കി മാറ്റിയിരിക്കുകയാണ്.
കട്ടപ്പന ടൗണില്‍ നിര്‍മിച്ചിരിക്കുന്ന പല വ്യാപാരസ്ഥാപനങ്ങള്‍ക്കും മതിയായ വാഹന പാര്‍ക്കിങ് സൗകര്യം ഇല്ല. കെട്ടിടം പണിയാനും ആ കെട്ടിടത്തില്‍ ബിസിനസ് നടത്താനും പെര്‍മിറ്റ് എടുക്കുമ്പോള്‍ പ്ലാനില്‍ 40 ശതമാനം പാര്‍ക്കിംഗ് ഏരിയ കാണിക്കണം എന്നാണ് ചട്ടം. പ്രസ്തുത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലെ കസ്റ്റമേഴ്‌സിന്റെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് ഇങ്ങനെ സ്ഥലം ഒഴിച്ചിടേണ്ടത്. പ്ലാനില്‍ അത്രയും സ്ഥലം പാര്‍ക്കിങിന് കാണിച്ചിട്ട് പിന്നീട് ആ ഭാഗവും ചേര്‍ത്ത് കെട്ടിടം നിര്‍മിക്കുന്നതാണ് ഏറെയും കണ്ടുവരുന്നത്.
ഈ സ്ഥാപനങ്ങളില്‍ ഷോപ്പിങിനെത്തുന്ന ആളുകള്‍ തങ്ങളുടെ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യേണ്ട ഗതികേടിലാണ്. ഇതാണ് ടൗണിലെ ഗതാഗത സ്തംഭനത്തിന് പ്രധാന കാരണം. പൊളിച്ചുപണിതാല്‍ റോഡില്‍നിന്ന് നിയമപരമായ ദൂരം പാലിക്കേണ്ടി വരുമെന്നതിനാല്‍ കെട്ടിടം നില്‍ക്കുന്ന സ്ഥലത്തുതന്നെ ഒറ്റ രാത്രി കൊണ്ട് ഇരുമ്പുകേഡറുകള്‍ ആഴത്തില്‍ അടിച്ചിറക്കി അതിന്‍മേല്‍ കെട്ടിടം ബലവത്താക്കിയ വിരുതന്‍മാരും ഈ കേഡറുകള്‍ റോഡിലേക്ക് കയറ്റിയിട്ട് മുറിയെടുത്തവരും ഉണ്ട് കട്ടപ്പനയില്‍. ഇതിനെല്ലാം ഒരു പരിശോധനയും കൂടാതെ മുനിസിപ്പല്‍ അധികൃതര്‍ കെട്ടിടനമ്പര്‍ നല്‍കുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it