Idukki local

കട്ടപ്പനയില്‍ അനധികൃത കെട്ടിടനിര്‍മാണങ്ങള്‍ ഏറുന്നു

തോമസ് ജോസഫ്
കട്ടപ്പന: കട്ടപ്പന മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ അനധികൃത കെട്ടിടനിര്‍മാണങ്ങള്‍ ഏറുന്നതായ വിവരാവകാശ രേഖകള്‍. നിര്‍മാണത്തിലിരിക്കുന്നതും നിര്‍മിച്ചുകഴിഞ്ഞതുമായ ഒട്ടനവധി കെട്ടിടങ്ങള്‍ എല്ലാവിധ കെട്ടിടനിര്‍മാണ ചട്ടങ്ങളും ലംഘിച്ചാണു പണി നടത്തിയിട്ടുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. കട്ടപ്പനയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ സെന്റ് ജോണ്‍സ് ആശുപത്രിയുടെ ഉടമസ്ഥതയില്‍ 83ലധികം കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നിനുപോലും അഗ്നിശമന സേനയില്‍നിന്ന് എന്‍ഒസി ലഭ്യമാക്കിയിട്ടില്ല.
മാത്രമല്ല, അവയ്‌ക്കെതിരേ മുനിസിപ്പാലിറ്റി ഒരു നടപടിയും സ്വീകരിക്കാതെ അവരുടെ മുഴുവന്‍ അനധികൃത നിര്‍മാണങ്ങള്‍ക്കും കെട്ടിടനമ്പര്‍ അനുവദിക്കുകയും കൂടുതല്‍ നിര്‍മാണങ്ങള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചും ഏഴും നിലകളുള്ളവയാണ് അവര്‍ പണിതിട്ടുള്ളതും പണിതുകൊണ്ടിരിക്കുന്നതുമായ കെടിടങ്ങളില്‍ മിക്കതും. മൂന്നുനിലയ്ക്കു മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് അഗ്നിശമന സേനയില്‍ നിന്ന് എന്‍ഒസി വാങ്ങിയിരിക്കണമെന്ന നിയമമുണ്ട്. മതിയായ ഫയര്‍ ഇന്‍സ്റ്റലേഷനോടുകൂടി കെട്ടിടം പണിയുന്നതിനാണ് സൈറ്റ് എന്‍ഒസി നല്‍കുന്നത്. കെട്ടിടംപണി പൂര്‍ത്തികരണത്തിനുശേഷം ഫൈനല്‍ എന്‍ഒസിക്ക് അപേക്ഷിക്കുമ്പോഴാണ് മറ്റ് പൂര്‍ണമായ പരിശോധനകള്‍ നടത്തുന്നത്. പണി മുഴുമിച്ചുകഴിഞ്ഞ് അഗ്നിശമനത്തിനുള്ള മുഴുവന്‍ സംവിധാനങ്ങളും സ്ഥാപിച്ചശേഷം അഗ്നിശമനസേന അധികൃതര്‍ എത്തി സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമെ ആ കെട്ടിടങ്ങൡ പ്രവര്‍ത്തനം തുടങ്ങാവൂ.
എന്നാല്‍, സെന്റ് ജോണ്‍സ് ആശുപത്രിയുടെ ഒരു കെട്ടിടത്തിനു മാത്രമാണ് സൈറ്റ് എന്‍ഒസി എങ്കിലും ലഭിച്ചിട്ടുള്ളതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. മറ്റു കെട്ടിടങ്ങള്‍ക്ക് സൈറ്റ് എന്‍ഒസിയും നല്‍കിയിട്ടില്ല. എന്നിട്ടും അവയ്‌ക്കെതിരേ നടപടി എടുക്കാന്‍ അഗ്നിശമനസേനയോ മുനിസിപ്പാലിറ്റിയോ തയ്യാറാവുന്നില്ല.  ഇതിന്റെ നിജസ്ഥിതി അറിയുന്നതിന് ഏതാനും പൊതുപ്രവര്‍ത്തകര്‍ കട്ടപ്പന അഗ്നിശമനസേന അധികൃതര്‍ക്ക് അടുത്തകാലത്ത് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ ലഭിച്ചയുടന്‍ അഗ്നിശമനസേന അധികൃതര്‍ വിഷയത്തിന്റെ പ്രാധാന്യം കാണിച്ച് ആശുപത്രി അധികൃതര്‍ക്ക് മുന്നറിയിപ്പു നല്‍കി.
ആശുപത്രി കെട്ടിടങ്ങളുടെ പണി പൂര്‍ണമായിട്ടില്ലെന്നും ജനുവരി 30ഓടെ പണികള്‍ മുഴുമിപ്പിച്ച് ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിക്കൊള്ളാമെന്ന ഉറപ്പു നല്‍കിയെങ്കിലും ഫെബ്രുവരിയും കഴിഞ്ഞിട്ടും ഇതേവരെ നടപ്പാക്കിയിട്ടില്ല. എന്നാല്‍, നിര്‍മിച്ച കെട്ടിടങ്ങളിലെല്ലാം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കട്ടപ്പന ടൗണില്‍ അടുത്തകാലത്ത് നിര്‍മിച്ചിട്ടുള്ള പല വന്‍ കെട്ടിടങ്ങള്‍ക്കും അഗ്നിശമന സേനയുടെ എന്‍ഒസി ഇല്ല.
ഈ കെട്ടിടങ്ങളില്‍ അഗ്‌നിബാധ മൂലം നാശനഷ്ടം ഉണ്ടായാല്‍ ഒരുവിധ നഷ്ടപരിഹാരവും ലഭിക്കുകയില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നുനിലകള്‍ക്കു മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അഗ്നിരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. പരിസരത്തുള്ള ചെറിയ കെട്ടിടങ്ങളില്‍ അഗ്നി പടര്‍ന്നാല്‍ ഈ കെട്ടിടങ്ങളിലെ വെള്ളവും സംവിധാനങ്ങളും അഗ്നിശമനസേന അധികൃതര്‍ക്ക് ഉപയോഗത്തിന് വിട്ടുകൊടുക്കണമെന്നും നിയമമുണ്ട്. ഇപ്പോള്‍ കട്ടപ്പന ടൗണില്‍ എത്തുന്ന അഗ്നിശമനസേനാ വാഹനങ്ങളിലെ ആദ്യട്രിപ്പ് വെള്ളം തീര്‍ന്നാല്‍ ഹൗസിങ് ബോര്‍ഡ് വക ഷോപ്പിങ് കോംപ്ലക്‌സിലെ വെള്ളവും സംവിധാനങ്ങളുമാണ് ഉപയോഗപ്പെടുത്തുന്നതെന്ന് അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it