Idukki local

കടുവയെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച കാമറകളില്‍ പതിഞ്ഞതു സസ്യഭുക്കുകള്‍ മാത്രം

കോന്നി: ജില്ലയുടെ കിഴക്കന്‍ മലയോരത്തെ നടുക്കുന്ന നരഭോജി കടുവയെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച കാമറകളില്‍ പതിഞ്ഞത് സസ്യഭുക്കുകള്‍ മാത്രം. വന സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ കൊക്കാത്തോട് കിടങ്ങില്‍ കിഴക്കേതി ല്‍ രവിയെ കൊന്നു തിന്ന കടുവയെ നിരീക്ഷിക്കാന്‍ വനം വകുപ്പ് അപ്പൂപ്പന്‍ തോട് മേഖലകളില്‍ സ്ഥാപിച്ച കാമറകളിലാണ് ആന, മ്ലാവ്, പന്നി, മുള്ളന്‍പന്നി തുടങ്ങിയ മൃഗങ്ങള്‍ മാത്രം പതിഞ്ഞിരിക്കുന്നത്.  വന വിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയ രവിയെ രണ്ടാഴ്ച മുമ്പാണ് കടുവ കൊന്നുതിന്നത്.
ഒന്നില്‍ കൂടുതല്‍ കടുവകള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടും റിപോര്‍ട്ടിലും ഫോറന്‍സിക് പരിശോധനയിലും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഉള്‍പ്പെടെ എത്തിച്ച 30 ക്യാമറകള്‍ സ്ഥാപിച്ചത്. ഇവയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധിച്ചത്. രവിയെ കൊന്നു തിന്ന ശേഷം കല്ലേലിയിലും കടുവയുടെയും പുള്ളിപ്പുലിയുടെയും സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.
കോന്നി വനമേഖലയില്‍ നേരത്തെ പുലിയുടെ സാന്നിധ്യം മാത്രമാണ് ഉറപ്പിച്ചിരുന്നത്. ഇവ നാട്ടില്‍ ഇറങ്ങുന്നതും  ജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്നതും പതിവാണ്. എന്നാല്‍ കടുവയുടെ സാന്നിധ്യം ഉറപ്പിച്ചത് രണ്ടാഴ്ച മുമ്പ് മാത്രമാണ്. കോന്നി വനമേഖലയില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന കടുവകളുടെ സാന്നിധ്യം ഉറപ്പിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. സംഭവം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും കൊക്കാത്തോട് മേഖലയിലെ ജനജീവിതം സാധാരണ നിലയിലായിട്ടില്ല. ഇപ്പോഴും ഭയപ്പാടോടെയാണ് ഇവര്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. തേക്കടിയില്‍ നിന്നുള്ള പെരിയാര്‍ ടൈഗര്‍ കണ്‍സ ര്‍വേഷന്‍ ഫൗണ്ടേഷനിലെ ഇക്കോളജിസ്റ്റ് രമേശ് ബാബുവിന്റെ നേതൃത്വത്തിലാണ് കാമറകള്‍ സ്ഥാപിച്ചത്.
കരിപ്പാന്‍തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എസ് രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാമറകള്‍ പരിശോധിച്ചത്. ക്യാമറകളിലെ മെമ്മറി കാര്‍ഡുകള്‍ ലാപ്‌ടോപ്പിലും കംപ്യൂട്ടറുകളിലുമിട്ടായിരുന്നു പരിശോധന. നിരവധി കാട്ടാനകളും മ്ലാവ്, പന്നി, മുള്ളന്‍പന്നി, കേഴമാന്‍ തുടങ്ങിയ മൃഗങ്ങളുമാണ് കാമറാ കണ്ണുകളില്‍ പതിഞ്ഞത്. കടുവയുടെയും പുലിയുടെയും ചിത്രങ്ങള്‍ ഒരിടത്തും ലഭ്യമായിട്ടില്ല. ഒരു ഇമേജ് കാമറയ്ക്ക് മുന്നില്‍ വന്നാല്‍ പത്ത് സെക്കന്‍ഡ് വീഡിയോയും ഫോട്ടോയുമാണ് മെമ്മറി കാര്‍ഡില്‍ സേവ് ആകുന്നത്. കടുവയുടെയും പുലിയുടെയും രീതി അനുസരിച്ച് ദിവസവും കിലോമീറ്ററുകളോളം ഇവ സഞ്ചരിക്കാറുണ്ട്. രവിയെ കൊന്ന കടുവ പിന്നീട് ഈ പ്രദേശത്തേക്ക് വന്നിട്ടില്ലെന്നാണ് കരുതുന്നത്. വീണ്ടും എത്താനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.
അതിനാല്‍ നിരീക്ഷണം തുടരാനാണ് തീരുമാനം. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളില്‍ നിന്നുള്ള സ്‌ട്രൈക്കിങ് ഫോഴ്‌സ് സംഘം പ്രദേശങ്ങളില്‍ റോന്തുചുറ്റുന്നുണ്ട്. ആളുകളെ വനത്തിലേക്ക് കടത്തി വിടാതിരിക്കാന്‍ കൂടുതല്‍ വാച്ചര്‍മാരെയും നിയമിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it