wayanad local

കടുവയെ കുടുക്കാനുള്ള ശ്രമം തുടരുന്നു

സുല്‍ത്താന്‍ ബത്തേരി: നാട്ടിലിറങ്ങിയ കടുവയെ പിടിക്കാന്‍ ഊര്‍ജിതമായ തിരച്ചില്‍ നടത്തിയെങ്കിലും വ്യാഴാഴ്ചയും ഫലം കണ്ടില്ല. നാലു ദിവസമായി കടുവയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഈ ദിവസങ്ങളില്‍ കടുവ നിരീക്ഷണ സംഘത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുണ്ടായിരുന്നു. എന്നാല്‍, ഇതുവരെ പൊന്തക്കാട്ടില്‍ നിന്നു പുറത്തിറങ്ങിയില്ല. വ്യാഴാഴ്ചയും മയക്കുവെടി വയ്ക്കാന്‍ രണ്ടു പേര്‍ തയ്യാറായിരുന്നെങ്കിലും സാധിച്ചില്ല. ഉച്ചയോടെ കടുവ ഇരയുടെ അടുത്തേക്ക് വന്നു. എന്നാല്‍, വെടിവയ്ക്കാന്‍ കഴിയുന്നതിലും ദൂരത്തായിരുന്നു. ഒരു മണിക്കൂറോളം അതേ സ്ഥലത്തു തന്നെ നിന്ന കടുവ പിന്നീട് കാടിനുള്ളിലേക്ക് തിരിച്ചുകയറി. കടുവ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് നില്‍ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കാട്ടാടുകളുടെയും വെള്ളത്തിന്റെയും സാന്നിധ്യമുണ്ട്. മൂന്നു കൂടുകള്‍ സ്ഥാപിച്ചെങ്കിലും കടുവ കയറിയില്ല. രണ്ട് ഇരകളെയും കെട്ടിയിട്ടുണ്ട്. വനപാലകരും എന്‍ജിഒ പ്രതിനിധികളുമടക്കം നൂറോളം പേര്‍ നാലു ദിവസമായി പരിസരത്തു തന്നെ തങ്ങുകയാണ്. കുങ്കിയാനകളെ കൊണ്ടുവന്ന് വെടിവയ്ക്കാന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, മുത്തങ്ങയുള്ള ആനകള്‍ക്ക് പ്രത്യേക പരിശീലനം ലഭിക്കാത്തതിനാല്‍ ഉപയോഗിക്കാന്‍ കഴിയില്ല. തമിഴ്‌നാട്ടില്‍ നിന്നോ കര്‍ണാടകയില്‍ നിന്നോ ആനകളെ കൊണ്ടുവരേണ്ടിവരും. ഇതിന് ഏകദേശം മൂന്നു ലക്ഷം രൂപ ദിവസം ചെലവ് വരും. കൊങ്ങിണിയും കമ്മ്യൂണിസ്റ്റ് പച്ചയും നിറഞ്ഞ നില്‍ക്കുന്നതിനാല്‍ ആനയ്ക്കും ഇങ്ങോട്ട് പ്രവേശിക്കാന്‍ ബുദ്ധിമുട്ടാണ്.
Next Story

RELATED STORIES

Share it