കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കോന്നി: കൊക്കാത്തോട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൊക്കാത്തോട് അപ്പൂപ്പന്‍തോട് കിടങ്ങില്‍ കിഴക്കേതില്‍ രവിയാ(45)ണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ വനത്തിനുള്ളില്‍ നിന്നും കണ്ടെത്തി. തലയും വലതുകൈയും മാത്രമാണ് അവശേഷിച്ചത്. ബാക്കി ഭാഗങ്ങള്‍ കടുവ ഭക്ഷണമാക്കിയതായി വനം അധികൃതര്‍ സ്ഥിരീകരിച്ചു. ബന്ധുവീട്ടില്‍ പോയ ഭാര്യ ബിന്ദു ശനിയാഴ്ച ഉച്ചകഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിനെ കാണാതായതിനേത്തുടര്‍ന്നു തിരച്ചില്‍ നടത്തിവരുകയായിരുന്നു.
ഇന്നലെ രാവിലെ 11ഓടെ നാട്ടുകാരും വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് അപ്പൂപ്പന്‍തോട് വനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാളുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടത്. ആദ്യം അപ്പൂപ്പന്‍തോടിനോടു ചേര്‍ന്ന് വനത്തിലെ ആനച്ചന്ത ഭാഗത്ത് ഇയാളുടെ ലുങ്കിയും ചെരിപ്പും കണ്ടെത്തി. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ കടുവയുടെ കാല്‍പാടും മല്‍പിടിത്തത്തിന്റെ ലക്ഷണങ്ങളും വ്യക്തമായി. തിരച്ചില്‍ സംഘം വനത്തിലൂടെ മുന്നോട്ടു നീങ്ങിയതോടെ രവിയുടെ ശിരസും പിന്നീട് വലത് കാലിന്റെയും വലത് കൈയുടെയും ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.
വനത്തിനുള്ളില്‍ ഒരു കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയാണ് ശരീരഭാഗങ്ങള്‍ കണ്ടത്. ഫോറന്‍സിക് വിദഗ്ധരെത്തി കടുവയുടെ കാല്‍പാടുകളും രോമവും കണ്ടെത്തിയിട്ടുണ്ട്.
കോന്നി ഫോറസ്റ്റ് ഡിവിഷനില്‍പെട്ട നടുവത്തുംമൂഴി റേഞ്ചിലെ കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മൃതദേഹഭാഗങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
വനവുമായി ബന്ധപ്പെട്ട താല്‍ക്കാലിക ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രവി ഫയര്‍ വാച്ചറായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ വാച്ചറായിരുന്നു.
Next Story

RELATED STORIES

Share it