kannur local

കടുവയിറങ്ങിയെന്ന് അഭ്യൂഹം; ആറളം ഫാം മേഖല ഭീതിയില്‍

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ കാടുവയെ കണ്ടെന്ന പ്രചാരണം ജനങ്ങളില്‍ ഭീതി പരത്തി. ഇന്നലെ പുലര്‍ച്ചെ പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിലെ ഗംഗാധരന്റെ വീട്ടുമുറ്റത്ത് കെട്ടിയ ആടിനെ കടുവ കൊണ്ടുപോയെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ആടിന്റെ കരച്ചില്‍ കേട്ട് ഗംഗാധരന്‍ വാതില്‍ തുറന്നപ്പോള്‍ കടുവ ആടിനെയും കൊണ്ട് വീട്ടിന് മുകളിലെ കുന്നിലേക്ക് മറഞ്ഞു. വീട്ടില്‍ നിന്നു 200 മീറ്റര്‍ അകലെയുള്ള കുന്നിന് മുകളില്‍ നിന്നു ആടിനെ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഇന്നലെ കണ്ടെത്തി. എന്നാല്‍ വനംവകുപ്പ് അധികൃതര്‍ സംഭവം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രിയില്‍ റോഡരികിലും മറ്റും കടുവയെ കണ്ടതായുള്ള പ്രചാരണം വ്യാപകമായുണ്ടായിരുന്നു. വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടും വൈകീട്ട് വരെ ആരുമെത്തിയില്ലെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റും അംഗവുമായ കെ വേലായുധന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുറച്ചു ദിവസങ്ങളായി മേഖലയില്‍ കടുവയെ കണ്ടതായുള്ള പ്രചാരണം നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
മേഖലയില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമായത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നതിനിടെയാണ് കടുവയിറങ്ങിയെന്ന ഭീതിയുമുയര്‍ന്നിട്ടുള്ളത്. രണ്ടു മാസത്തിനിടെ നിരവധി തവണയാണ് കാട്ടാനക്കൂട്ടം ആറളം പുനരധിവാസ മേഖലയിലെത്തിയത്. ആദിവാസികളുടെ വീടുകളും കൃഷിയിടങ്ങളും വന്‍തോതില്‍ നശിപ്പിച്ചിരുന്നു. ആനമതിലും സോളാര്‍ വേലിയുമെല്ലാം തകര്‍ത്താണ് കാട്ടാനകള്‍ ജനവാസമേഖലയിലെത്തുന്നത്.
Next Story

RELATED STORIES

Share it