കടുവത്തോല്‍ വില്‍പനയ്‌ക്കെത്തിയ നാലംഗസംഘം പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ കടുവത്തോല്‍ വില്‍പന നടത്താനെത്തിയ നാലംഗ സംഘത്തെ വനംവകുപ്പ് അധികൃതര്‍ പിടികൂടി. കരുനാഗപ്പള്ളി ഇടക്കുളങ്ങരയില്‍ റാജിബ് (34), വയനാട് കമ്പളക്കാട് അടിവാരത്ത് രവി (50), എറണാകുളം ചേരനല്ലൂര്‍ ഷാജര്‍ (54), വയനാട് കൊഴുതനത്തില്‍ ഷാബു (33) എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മതിയായ തെളിവെടുപ്പിനും പരിശോധനകള്‍ക്കും ശേഷം പ്രതികളെ നെടുമങ്ങാട് വനം കോടതി മുമ്പാകെ ഹാജരാക്കും. ദേശീയ മൃഗവും വനം വന്യജീവി സംരംക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ടതുമായ കടുവയെ കൊന്ന് ശേഖരിച്ച തോലിന് ഉദ്ദേശം മൂന്ന് വര്‍ഷത്തെ പഴക്കമുണ്ട്. മാത്രമല്ല, കടുവത്തോലിന്റെ ചെവിയുടെ ഭാഗത്ത് വെടിയുണ്ട തുളച്ച് കയറിയ പാടും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കടുവത്തോല്‍ ശേഖരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രതികളില്‍നിന്നും ശേഖരിച്ചുവരുകയാണ്. വര്‍ക്കലയിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് വിദേശികളില്‍നിന്നും വന്‍തുക വാങ്ങിയാണ് കച്ചവടം നടത്തിവരുന്നതെന്നും ഇത് വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
കടുവത്തോലിന് മുകളിലിരുന്ന് പൂജ ചെയ്താല്‍ അതിന് ഫലസിദ്ധി കൂടുമെന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് കൂടുതല്‍ ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. മാത്രമല്ല ആനവേട്ടപോലെ വന്‍മാഫിയ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണവും നടന്നുവരുന്നുണ്ട്. വിദേശികളും മറ്റു സംസ്ഥാനക്കാരുമായ ധനികരായ ടൂറിസ്റ്റുകള്‍ താമസിക്കുന്ന വര്‍ക്കല ബീച്ചിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ കടുവത്തോല്‍ വില്‍പന നടത്തിവരുന്നത്. ഇവര്‍ക്ക് ഇടനിലക്കാരും ഉണ്ട്. റിസോര്‍ട്ടുകളില്‍ വന്ന് താമസിക്കുന്നവരെ സമീപിച്ച് കടുവത്തോല്‍ ഉണ്ടെന്ന് അറിയിക്കുകയും രഹസ്യമായി വില്‍പന നടത്തുകയുമായിരുന്നു പതിവ്. ഇടപാട് നടക്കുമെന്ന ഘട്ടത്തില്‍ മാത്രമേ കടുവത്തോല്‍ പുറത്തെടുക്കുമായിരുന്നുള്ളൂ. ഇത്തരത്തില്‍ കടുവത്തോല്‍ കച്ചവടം നടക്കുന്നതായി വനംവകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. അങ്ങനെ ഇടപാടുകാര്‍ എന്ന വ്യാജേനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഘവുമായി ബന്ധപ്പെടുകയായിരുന്നു. കടുവത്തോലിന് ലക്ഷങ്ങളാണ് ഇവര്‍ വില ചോദിച്ചത്. കൊടുക്കാമെന്നും അതിരാവിലെ സാധനവുമായി എത്തണമെന്നും സംഘത്തോട് നിര്‍ദേശിച്ചു. തുടര്‍ന്ന് തോലുമായി സംഘം എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.
ഇന്റലിജന്‍സ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എസ് സന്തോഷ്‌കുമാര്‍, ഫഌയിങ് സ്‌ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ ജെ ആര്‍ അനി, പാലോട് റെയ്ഞ്ച് ഓഫിസര്‍ എസ് വി വിനോദ്, ചുള്ളിമാനൂര്‍ ഫഌയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫിസര്‍ ടി അജികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ പുലര്‍ച്ചെ ഇവരെ വര്‍ക്കലയില്‍നിന്നും പിടികൂടിയത്. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ആര്‍ ബി അരുണ്‍കുമാര്‍, വി വിജു, പി വി അജിത് കുമാര്‍, എസ് എസ് രജികുമാരന്‍ നായര്‍, ട്രൈബല്‍ വാച്ചറായ ആര്‍ തുളസി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it