Flash News

കടുവകള്‍ നാണംകെട്ടു ; ഇന്ത്യക്ക് കൂറ്റന്‍ ജയം



ലണ്ടന്‍: ഇംഗ്ലണ്ട് മണ്ണില്‍ ചാംപ്യന്‍സ് ട്രോഫി മോഹിക്കുന്ന എല്ലാ ടീമുകള്‍ക്കും താക്കീത് നല്‍കി ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ബംഗ്ലാദേശിനെതിരായ സന്നാഹ മല്‍സരത്തില്‍ 240 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങിലെ ബംഗ്ലാദേശിന്റെ പോരാട്ടം 23.5 ഓവറില്‍ 84 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. നേരത്തെ ദിനേഷ് കാര്‍ത്തിക്(94), ഹര്‍ദിക് പാണ്ഡ്യ(80*) ശിഖാര്‍ ധവാന്‍(60) എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസനെ ഞെട്ടിക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിങ് നിര പുറത്തെടുത്തത്. ന്യൂസിലന്‍ഡിനെതിരായ സന്നാഹ മല്‍സരം കളിക്കാതിരുന്ന രോഹിത് ശര്‍മ(1) ആദ്യ തന്നെ മടങ്ങി. ഘൂബല്‍ ഹുസൈന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. രണ്ടാമന്‍ അജിന്‍ക്യ രഹാനെ (11) മികച്ച ഷോട്ടുകളോടെ തുടങ്ങിയെങ്കിലും മുസ്തഫിസുര്‍ റഹ്മാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങിയതോടെ ഇന്ത്യ 6.1 ഓവറില്‍ രണ്ട് വിക്കറ്റിന് 21 എന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന് ദിനേഷ് കാര്‍ത്തിക്- ശിഖാര്‍ ധവാന്‍ കൂട്ടുകെട്ട് സെഞ്ച്വറിയോടെ സ്‌കോര്‍ബോര്‍ഡിന് കരുത്തേകി. തന്റെ മികച്ച ഏകദിന റണ്‍സ് കണ്ടെത്തിയ കാര്‍ത്തിക് സെഞ്ച്വറിക്ക് ആറ് റണ്‍സകലെ റിട്ടേര്‍ഡ് ഹട്ട് ചെയ്ത് പുറത്തുപോവുകയായിരുന്നു. ധവാനെ സുന്‍സമുല്‍ ഇസ്‌ലാം മടക്കിയെങ്കിലും കേദാര്‍ ജാദവ്(31) കൂറ്റന്‍ ഷോട്ടുകളോടെ അതിവേഗം സ്‌കോര്‍ബോര്‍ഡുയര്‍ത്തി. പിന്നാലെ എത്തിയ ഹര്‍ദിക് പാണ്ഡ്യയും(80*) കൂറ്റന്‍ ഷോട്ടുകളോടെ മൈതാനം പിടിച്ചടക്കി. രവീന്ദ്ര ജഡേജ (32) യും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.ഭുവനേശ്വറും ഉമേഷും പന്തുകളില്‍ മായാജാലം കാട്ടിയപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ്  ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 22 റണ്‍സിനിടെ ആറ് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. മെഹതി ഹസന്‍ മിറാസാണ് (24) ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.
Next Story

RELATED STORIES

Share it