kannur local

കടുത്ത വേനലില്‍ ഉരുകിയൊലിച്ച് നാടും നഗരവും

കണ്ണൂര്‍: കടുത്ത വേനലില്‍ വരള്‍ച്ച രൂക്ഷമായിരിക്കെ ജില്ല ചുട്ടുപൊള്ളുന്നു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ താപനില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം നല്‍കുന്ന സൂചന.
വേണ്ടത്ര വേനല്‍മഴ ലഭിക്കാത്തതാണു പ്രധാന കാരണം. ഇരു ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ടെങ്കിലും പലയിടത്തും വരള്‍ച്ച രൂക്ഷമാണ്. ഇതിനകം പലര്‍ക്കും സൂര്യതാപമേറ്റു. ചൂടില്‍ ഉരുകിയൊലിക്കുകയാണ് നാടും നഗരവും. കൊടുംചൂട് കാരണം നഗരങ്ങളില്‍ തിരക്കൊഴിഞ്ഞു. നിരത്തുകളിലും വാഹനങ്ങള്‍ കുറവ്. ഇത് വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചു. ചൂടിന്റെ കാഠിന്യം കൂടിയതോടെ സ്ഥാപനങ്ങളില്‍ കച്ചവടം ഗണ്യമായി കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. ഹോട്ടല്‍, ബേക്കറി, പച്ചക്കറി, പലചരക്ക്, ടെക്‌സ്‌റ്റെയില്‍, തട്ടുകടകള്‍ തുടങ്ങിയ ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളിലും വ്യാപാരം കുറഞ്ഞു. നേരത്തെ രാവിലെയും വൈകീട്ടുമാണ് വ്യാപാര സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടന്നിരുന്നത്. എന്നാല്‍ വേനല്‍ കടുത്തതോടെ രാവിലെയും വൈകീട്ടും ഉണ്ടാകാറുള്ള പതിവ് കച്ചവടം പോലുമില്ല. പൊരിവെയിലില്‍ വഴിയോര കച്ചവടക്കാരും പ്രതിസന്ധിയിലായി.
നിര്‍മാണ മേഖലയില്‍ തൊഴില്‍സമയം ക്രമീകരിച്ചിട്ടുണ്ടെങ്കിലും കൊടുംചൂടില്‍ എല്ലുമുറിയെ പണിയെടുക്കുകയാണ് അസംഘടിത തൊഴിലാളികള്‍. ഇതരസംസ്ഥാന തൊഴിലാളികളും വേനല്‍ വകവയ്ക്കാതെ ജോലിയിലുണ്ട്. ഭൂമധ്യരേഖയ്ക്കു മുകളില്‍ സൂര്യന്‍ എമ്പോഴുണ്ടാവുന്ന ഇക്വിനോക്‌സ് (സമരാത്ര ദിനം) പ്രതിഭാസമാണ് ഏപ്രില്‍-മെയ് മാസങ്ങളിലെ കനത്ത ചൂടിന് കാരണം. കാറ്റിന്റെ ദിശയിലും ശക്തിയിലുമുള്ള വ്യതിയാനങ്ങള്‍ മൂലം മേഘങ്ങള്‍ രൂപപ്പെടുന്നത് കുറഞ്ഞു. ഇതോടെ, ആകാശം സുതാര്യമായി. ഇതാണ് നേരത്തേ തന്നെ ചൂട് കൂടാനിടയാക്കിയതെന്നു കാലാവസ്ഥാ കേന്ദ്രം പറയുന്നു.
Next Story

RELATED STORIES

Share it