Pravasi

കടുത്ത നിയമമുണ്ടെങ്കിലും തൊഴിലാളികള്‍ വഞ്ചിക്കപ്പെടുന്നു; ശമ്പളം ലഭിക്കാത്തവര്‍ ഏറെ

അബുദാബി: കടുത്ത നിയമവും കര്‍ശനമായ തൊഴില്‍ കരാറുകളും നിലനില്‍ക്കുമ്പോഴും നിരവധി പേര്‍ തൊഴിലുടമകളുടെ വഞ്ചനക്ക് വിധേയരാകുന്നു. ആദ്യമായി യു.എ.ഇയില്‍ എത്തിച്ചേരുന്നവരാണ് പ്രധാനമായും ചൂഷണത്തിന് ഇരകളാകുന്നത്.
ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ ശമ്പളം നല്‍കാതെയും അമിതമായി ജോലി ചെയ്യിച്ചുമാണ് പുതുതായി എത്തുന്നവരെ ദുരിതത്തിലാക്കുന്നത്. രണ്ടും മൂന്നും മാസങ്ങളാണ് ചില കമ്പനികള്‍ ശമ്പളം നല്‍കാതിരിക്കുന്നത്. ശമ്പളം ലഭിക്കാതെ ഇനി ജോലിയില്‍ പ്രവേശിക്കില്ലെന്ന് പറഞ്ഞ് മുറിയിയിലിരിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കി തൊഴിലാളികളെ പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.
തൊഴില്‍ നിയമങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത പുതിയ ആളുകള്‍ പ്രതിഷേധ സൂചകമായാണ് പലപ്പോഴും ജോലിയില്‍ നിന്നും മാറി നില്‍ക്കുന്നത്. എന്നാല്‍, ഇത് തങ്ങള്‍ക്ക് അനുകൂല സാഹചര്യമാക്കി മാറ്റുകയാണ് ചില കമ്പനി ഉടമകള്‍ ചെയ്യുന്നത്. ജോലിക്ക് ഹാജരാവാത്ത തൊഴിലാളികളുടെ പേരില്‍ ഇവര്‍ തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കുന്നു. ഇവര്‍ തങ്ങളുടെ സ്ഥാപനത്തില്‍ നിന്നും ഓടിപ്പോയതായാണ് പരാതിയില്‍ രേഖപ്പെടുത്തുന്നത്. തുടര്‍ന്ന്, നിര്‍ധന തൊഴിലാളികള്‍ തൊഴില്‍ വകുപ്പിലെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുകയാണ് ചെയ്യുന്നത്.
ഇവര്‍ പിന്നീട് യാതൊരു വിധ ആനുകൂല്യവും ലഭിക്കാന്‍ അര്‍ഹതയില്ലാത്തവരായി മാറുന്നു. മാത്രമല്ല, നിയമം ലംഘിച്ചതിന്റെ പേരില്‍ ഇവര്‍ക്ക് പിന്നീട് മറ്റൊരു വിസയില്‍ വരാനും തടസ്സമുണ്ടാവുകയാണ്. ഇതോടെ, തൊഴിലുടമ ശുദ്ധനും തൊഴിലാളി കുറ്റക്കാരനുമായി ചിത്രീകരിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം ഒരു നിര്‍മാണ കമ്പനിയിലെ ഏതാനും തൊഴിലാളികള്‍ക്ക് ഇതേ അനുഭവമുണ്ടായി. ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ ജോലിക്ക് ഹാജരാവാതിരുന്ന തൊഴിലാളികളെ സ്ഥാപന ഉടമ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഗത്യന്തരമില്ലാതെ മലയാളി യുവാക്കള്‍ തിരിച്ച് ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
ഇത്തരത്തിലുള്ള ഏതാനും പേര്‍ കഴിഞ്ഞ ദിവസം പത്രപ്രതിനിധികളുമായി ബന്ധപ്പെട്ടിരുന്നു. ജോലിയില്‍ തിരികെ പ്രവേശിച്ച ഇവര്‍ വരുംദിവസങ്ങളില്‍ ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലാണുള്ളത്. അല്ലാത്ത പക്ഷം തൊഴിലുടമക്കെതിരെ പരാതി നല്‍കുന്നതിനുള്ള തയാറെടുപ്പിലാണ്.
Next Story

RELATED STORIES

Share it