കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങരുതെന്ന് നിയമോപദേശം

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള നീക്കത്തിനെതിരേ സര്‍ക്കാരിന് മുന്നറിയിപ്പ്. കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടുത്ത വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അതു നിയമപരമായി നിലനില്‍ക്കില്ലെന്നു ജ. അരജിത് പസായത്ത് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.റിപോര്‍ട്ട് അതേപടി നടപ്പാക്കാന്‍ സാധ്യമല്ല. കമ്മീഷന്‍ കോടതിയല്ല, തലപ്പത്ത് ജഡ്ജിയുമല്ല. അന്വേഷണ ഏജന്‍സിയുടെ പരിശോധനയാണ് ആദ്യം നടക്കേണ്ടതെന്നു പസായത്ത് സര്‍ക്കാരിനു നിയമോപദേശം നല്‍കി. സോളാര്‍ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മാനഭംഗം അടക്കമുള്ളവയ്ക്ക് കേസെടുത്ത് അന്വേഷിക്കുമെന്നു സോളാര്‍ റിപോര്‍ട്ട് ആദ്യം ചര്‍ച്ച ചെയ്ത മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.എന്നാല്‍, ഇതിന്റെ നിയമവശം ചീഫ് സെക്രട്ടറിയും നിയമവകുപ്പും എതിര്‍ത്തതിനെ തുടര്‍ന്ന് ജ. പസായത്തിനോട് നിയമോപദേശം തേടാന്‍ തീരുമാനിക്കുകയായിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം ഏതെങ്കിലും പ്രതിക്കെതിരേ ചുമത്തിയാല്‍ തന്നെ കേസ് നിലനില്‍ക്കാന്‍ സാധ്യത കുറവാണെന്നാണ് പസായത്ത് നിയമോപദേശം നല്‍കിയത്. പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അതീവശ്രദ്ധ വേണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അതു റദ്ദാക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി സരിത പരാതിയില്‍ പറയുന്നുണ്ടെങ്കിലും അഴിമതി നടത്തുന്നതിനു വേണ്ടിയുള്ളതായതിനാല്‍ അതു മാനഭംഗത്തിന്റെ പരിധിയില്‍ വരില്ല. എന്നാല്‍, കേസില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതില്‍ തെറ്റില്ല.മതിയായ തെളിവുകളുണ്ടെങ്കില്‍ മാത്രമെ കേസെടുക്കാവൂ എന്നും പസായത്ത് നിര്‍ദേശിച്ചു. അതേസമയം, അഴിമതിനിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താമെന്നു നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it