Editorial

കടിഞ്ഞാണിടേണ്ട സംഘടിത കൊള്ള

സംസ്ഥാനത്തെ നോക്കുകൂലി സമ്പ്രദായം മെയ് 1 മുതല്‍ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംബന്ധിച്ച തൊഴിലാളി സംഘടനാ നേതാക്കള്‍ ഒന്നടങ്കം നോക്കുകൂലി നിര്‍ത്തലാക്കുന്നതിന് അനുകൂല നിലപാട് എടുത്തുവെന്നാണ് വാര്‍ത്ത. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന രീതിയും അന്നു മുതല്‍ അവസാനിപ്പിക്കും.
ഈ പ്രഖ്യാപനം നടപ്പാവുമെങ്കില്‍ തീര്‍ച്ചയായും കേരളത്തിന്റെ ചരിത്രത്തിലെ എന്നും ഓര്‍മിക്കേണ്ട മുഹൂര്‍ത്തങ്ങളിലൊന്നായിരിക്കും ഈ ദിനം. നടപ്പാവുമെങ്കില്‍ എന്ന സന്ദേഹം തീര്‍ത്തും പ്രസക്തമാണ്. കാരണം നോക്കുകൂലിക്കെതിരേ പ്രഖ്യാപനങ്ങള്‍ വരുന്നത് ഇതാദ്യമായല്ല എന്നതുതന്നെ. 2008 ഏപ്രില്‍ 15നു തിരുവനന്തപുരത്ത് നിയമസഭയുടെ സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ നോക്കുകൂലിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ശക്തമായി സംസാരിച്ചിരുന്നു.
കേരളത്തിന്റെ സമൂഹഗാത്രത്തിലെ പുഴുക്കുത്തുകളിലൊന്നായ നോക്കുകൂലി തീര്‍ത്തും മനുഷ്യത്വവിരുദ്ധവും അന്യായവുമാണെന്നു പറയാന്‍ ഒട്ടും മടിക്കേണ്ടതില്ല. സംഘബലത്തിന്റെ തണലില്‍ അധ്വാനിക്കാതെ ബലം പ്രയോഗിച്ച് പണം തട്ടിയെടുക്കുന്നതിനു സംഘടിത കൊള്ള എന്നല്ലാതെ കൂലിയെന്ന പ്രയോഗം പോലും ശരിയല്ല. നോക്കുകൂലി വാങ്ങുന്നവരുടെ പേരില്‍ ഗുണ്ടാനിയമപ്രകാരം കേസെടുക്കണമെന്ന് 2014 ഡിസംബര്‍ 4നു കേരള ഹൈക്കോടതി വിധിച്ചതാണ്.
നാട്ടുകാരായ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. മാന്യമായി ജോലി ചെയ്തു കുടുംബം പുലര്‍ത്താനുള്ള അവസരം അവര്‍ക്കും ലഭിക്കണം. എന്നാല്‍, ന്യായമായ വേതനത്തിനു പകരം അന്യായവും ഭീഷണിയും ചേരുമ്പോള്‍ അതു തൊഴിലാളിക്കും ഗുണകരമാവില്ല.
രാഷ്ട്രീയകക്ഷികളുടെയും അവരുടെ കൊടിക്കീഴിലുള്ള തൊഴിലാളി സംഘടനകളുടെയും കൈയൂക്കിലാണ് നോക്കുകൂലിയെന്ന അന്യായം കേരളത്തില്‍ പച്ചപിടിച്ചതും നിലനില്‍ക്കുന്നതും. സാധാരണക്കാര്‍ മാത്രമല്ല, ന്യായാധിപന്മാരും വ്യവസായ സംരംഭകരും തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ വരെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ തീര്‍ത്തും വൈമനസ്യത്തോടെയാണെങ്കിലും ഈ അനീതിക്കു വിധേയരായി.
കഴിഞ്ഞ ദിവസം പോലും കോട്ടയം കുമരകത്ത് വീടുപണിക്ക് എത്തിച്ച സിമന്റ്, ലോറിയില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ച ഗൃഹനാഥന്റെ കൈ സിഐടിയു തൊഴിലാളികള്‍ തല്ലിയൊടിച്ച സംഭവമുണ്ടായി. വിദ്യാര്‍ഥിയായ മകന്റെ സഹായത്തോടെ സിമന്റ് ഇറക്കിയതാണ് കാരണം. സിപിഎം ആസ്ഥാനത്തു നിന്നു പ്രവര്‍ത്തനകേന്ദ്രം കേരളത്തിലേക്കു മാറ്റിയ സിപിഎം നേതാവ് എം എ ബേബിയോട്, അദ്ദേഹം കൊണ്ടുവന്ന പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നോക്കുകൂലി ആവശ്യപ്പെട്ടത് വാര്‍ത്തയായിരുന്നു.
സംസ്ഥാനത്തിന്റെ തൊഴില്‍സംസ്‌കാരത്തിനു ദുഷ്‌പേരുണ്ടാക്കുന്ന സമ്പ്രദായമാണ് നോക്കുകൂലി. അത് അവസാനിപ്പിക്കുന്നതിനുള്ള ആര്‍ജവം രാഷ്ട്രീയ കക്ഷികളും തൊഴിലാളി സംഘടനകളും പ്രകടിപ്പിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഏകോപിതമായ തീരുമാനത്തിനു തൊഴിലാളി നേതാക്കള്‍ സമ്മതം മൂളിയെങ്കിലും അതു നടപ്പാക്കുന്നതിനുള്ള സന്നദ്ധതയും ആത്മാര്‍ഥതയും എത്രമാത്രം ഉണ്ടാവുമെന്നതാണ് ഇനി കാണേണ്ടത്.
Next Story

RELATED STORIES

Share it