thrissur local

കടവില്‍ അശോകന്റെ മരണം അയല്‍വാസികളുടെ മര്‍ദനം മൂലമെന്ന് ബന്ധുക്കള്‍

പാവറട്ടി: വെന്മേനാട് കോന്നബസാറില്‍ താമസിക്കുന്ന കടവില്‍ അശോകന്റെ മരണം അയല്‍വാസികളുടെ മര്‍ദനം മൂലമെന്ന് അശോകന്റെ ഭാര്യയും സഹോദരന്മാരും അശോകന്റെ വീട് സന്ദര്‍ശിച്ച എസ്ഡി പിഐ പഞ്ചായത്ത് ഭാരവാഹികളോട് പറഞ്ഞു.
കഴിഞ്ഞ  ഇരുപതാം തിയ്യതി ചൊവ്വാഴ്ച വൈകീട്ട്  മത്സ്യത്തൊഴിലാളിയായ അശോകനെ   അയല്‍വാസികളായ ബാബു, പത്മനാഭന്‍ എന്ന ഫല്‍ഗുണന്‍,  അഷറഫ് തുടങ്ങിയവര്‍ ചേര്‍ന്ന് മര്‍ദ്ധിക്കുകയായിരുന്നുവെന്ന് അശോകന്റെ ഭാര്യ പറഞ്ഞു.  തുടര്‍ന്ന് മുല്ലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആശുപത്രിയില്‍നിന്നുള്ള പരാതിയെ തുടര്‍ന്ന് പാവറട്ടി പോലിസ് ആശുപത്രിയില്‍ എത്തി മൊഴിയെടുത്തു. പിന്നീട് 27ാം തിയ്യതി അശോകന്‍ മരണപ്പെടുകയായിരുന്നു. മരണകാരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി.
ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ അയല്‍വാസികളുടെ മര്‍ദ്ദനമാണ് അശോകന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.
അശോകനെ മര്‍ദിച്ച ദിവസം രാവിലെ അശോകന്റെ മകന്‍ അഭിഷേകിന്റെ (11) കാലിന്മേല്‍ ആരോപണ വിധേയനുമായ ബാബു മോട്ടോര്‍ സൈക്കിള്‍ കയറ്റി പരിക്കേല്‍പിച്ചിരുന്നു. മര്‍ദ്ദനത്തിനു മുമ്പും നിരന്തരമായ മാനസീക പീഡനം തനിക്കും ഭര്‍ത്താവിനും നേരെ ഉണ്ടായിട്ടുള്ളതായി അശോകന്റെ ഭാര്യ പറഞ്ഞു. ആശുപത്രിയില്‍ നിന്നും വന്നശേഷവും ഭര്‍ത്താവിന്  നെഞ്ച് വേദനയും കടുത്ത മാനസിക വിഷമവും ഉണ്ടായിരുന്നു .
തന്റെ ഭര്‍ത്താവിനെ മര്‍ദ്ധിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് അശോകന്റെ ഭാര്യ വിജയകുമാരി അഭ്യര്‍ത്ഥിച്ചു. നിയമ പോരാട്ടത്തില്‍ അശോകന്റെ കുടുംബത്തിന്റെ സര്‍വ പിന്തുണയും നല്‍കുമെന്ന് എസ്ഡിപിഐ ഭാരവാഹികള്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഹബീബ്  എന്‍ എ, സെക്രട്ടറി അബ്ദുല്‍ ഹക്കീം, ജോ: സെക്രട്ടറി ഹാരിസ് എന്‍ എച്ച് എന്നിവരായിരുന്നു അശോകന്റെ വീട് സന്ദര്‍ശിച്ചത്.
Next Story

RELATED STORIES

Share it